എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
തിരുവനന്തപുരം : ഗുരുതര ആരോപണങ്ങൾ നേരിട്ട ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ. ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി അന്ത്യശാസനം നൽകിയിരുന്നു. ഇതോടെയാണ് റിപ്പോർട്ട് കോടതിയിലെത്തിയത്. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മേൽ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലൻസ് നടപടി.
കോടതിയിലുള്ള ഹർജിയിൽ പറയുന്ന ആരോപണങ്ങൾതന്നെയാണ് സർക്കാർ നിർദ്ദേശ പ്രകാരം അന്വേഷിച്ചതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൻ്റെ പകർപ്പ് വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. കേസ് ഈ മാസം 27 ലേക്ക് മാറ്റി.
അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് നേരത്തെ സർക്കാർ അംഗീകരിച്ചിരുന്നു.
എന്നാൽ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചില്ല.ഇതിനെ തിരുവനന്തപുരം വിജിലൻസ് കോടതി കഴിഞ്ഞ പ്രാവശ്യം നിശിതമായി വിമർശിച്ചിരുന്നു. എം ആർ അജിത് കുമാറിനെതിരായ അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച ശേഷവും അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയോട് സമയം നീട്ടി ചോദിച്ചിരുന്നു. ഇതാണ് കോടതി വിമർശനത്തിന് ഇടയാക്കിയത്.
Highlights: Vigilance investigation report giving clean chit to MR Ajith Kumar submitted to court