National

പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ വിധി ഇന്ന്

കോയമ്പത്തൂർ(Coimbatore): ഏറെ വിവാദമായ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ കോയമ്പത്തൂർ മഹിളാ കോടതി ഇന്ന് വിധി പറയും. ആറുവർഷം മുൻപുനടന്ന കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൊള്ളാച്ചി സ്വദേശികളായ എൻ. ശബരിരാജൻ (32), കെ. തിരുനാവുക്കരശ് (34), എം. സതീഷ് (33), ടി. വസന്തകുമാർ (30), ആർ. മണി (32), പി. ബാബു (33), ടി. ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം. അരുൺകുമാർ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് കേസ് വിധി പറയാൻ മാറ്റിവെച്ചത്. ജഡ്ജി ആർ. നന്ദിനിദേവിയാണ് വിധി പറയുക. ഇവരെ അടുത്തിടെ കരൂരിലേക്ക് സ്ഥലം മാറ്റിയെങ്കിലും വിധി പറയാൻ മാത്രമായി ഇന്ന് മഹിളാകോടതിയിലെത്തും.

തമിഴ്‌നാട്ടിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച കേസ് കൂടിയായിരുന്നു ഇത്. 2016-നും 2018-നുമിടയിൽ പ്രതികൾ പൊള്ളാച്ചിക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലെ നിരവധി വിദ്യാർഥിനികളെയും വിവാഹിതരായ യുവതികളെയും ബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. 2019 ഫെബ്രുവരി 24-ന് പൊള്ളാച്ചി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 19-കാരിയായ കോളേജ് വിദ്യാർഥിനി നൽകിയ പരാതിയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. 12 ദിവസം മുൻപ്‌ തന്നെ, നാലുപേർ ഓടുന്ന കാറിൽവെച്ച് പീഡിപ്പിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തതായി വിദ്യാർഥിനി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തന്റെ സ്വർണമാല കവർന്നതായും പരാതിയിൽ വ്യക്തമാക്കി.

പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും തുടർന്ന് നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. തുടർന്ന്, പ്രതികളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ വീഡിയോദൃശ്യങ്ങൾ കണ്ടെത്തി. പ്രതികൾ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും വെച്ചാണ് പീഡിപ്പിച്ചിരുന്നത്. ഇതിൽ കൂടുതലും നടന്നത് പ്രതിയായ തിരുനാവുക്കരശിന്റെ ചിന്നപ്പപ്പാളയത്തുള്ള ഫാം ഹൗസിലായിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് 2019 മാർച്ച് 12-ന് സിബിസിഐഡിക്ക് കൈമാറി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി കേസ് ഏപ്രിൽ 25-ന് സിബിഐക്ക് കൈമാറുകയും ചെയ്തു.

ഏറെ വിവാദമായ കേസിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് കോയമ്പത്തൂർ കോടതി സമുച്ചയത്തിൽ പ്രത്യേക കോടതി രൂപവത്കരിച്ചാണ് വിചാരണ തുടങ്ങിയത്. ഇരകളുടെയും സാക്ഷികളുടെയും സ്വകാര്യതയും സുരക്ഷയും മാനിച്ചായിരുന്നു നടപടികൾ. 2023 ഫെബ്രുവരി 14-ന് വിചാരണ ആരംഭിച്ചു. 40 സാക്ഷികളെ വിസ്തരിച്ചു. പലപ്പോഴും വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളുടെ വാദം കേട്ടത്.

Highlights: Pollachi gang rape case verdict today

error: