National

ആദംപുർ വ്യോമത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം; സൈനികർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി(New Delhi): പഞ്ചാബിലുള്ള ആദംപുർ വ്യോമത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തെ തുടർന്ന് സൈനികർക്ക് രാജ്യത്തിന്റെ നന്ദി അറിയിക്കാനാണ് സന്ദർശനം നടത്തിത്. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വ്യോമസേന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു. വ്യോമത്താവളത്തിലെ സേനാംഗങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തിന്റ നന്ദി അറിയിക്കുകയും ചെയ്തു.

ആദംപൂർ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികൾ മോദി വിലയിരുത്തി. ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം മെയ് 9, 10 തീയതികളിലെ രാത്രിയിൽ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ച വ്യോമസേനാതാവളങ്ങളിൽ ആദംപൂരും ഉൾപ്പെടുന്നു. ആണവശേഷിയുടെ പേരിൽ പാക്കിസ്ഥാൻ ഭീഷണിയും വിലപേശലും നടത്തുന്നത് ഇന്ത്യ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഓപ്പറേഷൻ സിന്ദൂർ എന്നത് വെറുമൊരു പേരല്ല, നയമാണ്. ഇന്ത്യൻ സൈനികരുടെ കരുത്തിൽ തോൽവികണ്ട പാക്കിസ്ഥാൻ സഹായത്തിനായി പരക്കംപായുകയായിരുന്നു. പാക്കിസ്ഥാനെതിരായ സൈനികനടപടി തത്കാലം മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഭീകരതയും ചർച്ചയും ഒന്നിച്ചുപോകില്ലെന്നും മോദി പറഞ്ഞു.

ആദംപൂരിലെ ഇന്ത്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്തുവിട്ട ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ച് തകർത്തുവെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് പാക്കിസ്ഥാന്റെ വ്യാജ ആരോപണമാണ് എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉദ്യോഗസ്ഥർ നിഷേധിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഇന്ത്യൻ സായുധ സേന അചഞ്ചലമായ ധൈര്യം പ്രകടിപ്പിച്ചതായാണ് കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്.

Highlights: PM pays surprise visit to Adampur air base; thanks soldiers

error: