ഇംഗ്ലണ്ട്-വിൻഡീസ് ക്രിക്കറ്റ് പരമ്പര മെയ് 29 മുതൽ
ഐപിഎൽ ടീമുകൾക്ക് തിരിച്ചടിയായി ഇംഗ്ലണ്ട് – വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് പരമ്പര എത്തുന്നു. മെയ് 29 മുതൽ ആരംഭിക്കുന്ന പരമ്പരയ്ക്കായി താരങ്ങൾ പോയിക്കഴിഞ്ഞാല്‍ ഐപിഎൽ ടീമുകൾക്ക് നിർണായക താരങ്ങളെ നഷ്ടമാകും. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്കാണ് ഇതോടെ പ്രധാനമായും താരങ്ങളുടെ നഷ്ടമുണ്ടാകുക. ഗുജറാത്ത് ടെെറ്റൻസിന് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറിന്റെ സാന്നിധ്യം നഷ്ടമായേക്കും.
ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്തുള്ള താരമാണ് ബട്ലർ. വിക്കറ്റ് കീപ്പറായും ബട്ലറിന്റെ സാന്നിധ്യം ഗുജറാത്തിന് നിർണായകമാണ്. അനുജ് റാവത്ത്, കുമാർ കുശാഗ്ര എന്നീ ഇന്ത്യൻ ആഭ്യന്തര താരങ്ങളാണ് ഗുജറാത്തിന്റെ മറ്റ് വിക്കറ്റ് കീപ്പർമാർ.
അതേസമയം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനാണ് കൂടുതൽ നഷ്ടങ്ങളുണ്ടാകുക. ഫിൽ സോൾട്ട്, ജേക്കബ് ബെഥൽ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയ ഇംഗ്ലണ്ട് താരങ്ങളും വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെപ്പേർഡും റോയൽ ചലഞ്ചേഴ്സിന്റെ താരങ്ങളാണ്. ഐപിഎൽ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച ടീമുകളാണ് ബെംഗളൂരുവും ഗുജറാത്തും. രാജസ്ഥാൻ റോയൽസ് നിരയിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ കളിക്കുന്നുണ്ട്.
ഇംഗ്ലണ്ട് താരം ജൊഫ്ര ആർച്ചർ രാജസ്ഥാൻ റോയൽസിനായി സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ്. ലഖ്നൗ സൂപ്പർ ജയന്റ്സ് നിരയിൽ നിക്കോളാസ് പുരാൻറെ സാന്നിധ്യവും നിർണായകമാണ്.
Highlights: England-West Indies cricket series from May 29