Tech

എസ്എംഎസിലെ വ്യാജന്മാരെ ഇനി എളുപ്പത്തില്‍ പിടികൂടാം: പുതിയ എഐ ഫീച്ചറുമായി ട്രൂകോളര്‍

ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനാല്‍ തന്നെ പലര്‍ക്കും ഇതൊരു ഒഴിയാത്ത തലവേദനയായി തീര്‍ന്നിട്ടുണ്ട്. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും മുമ്പത്തേക്കാള്‍ ആധുനികവും ബുദ്ധിപരവുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്രൂകോളര്‍.

മെസേജ് ഐഡി എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍ ബോക്സ് സ്‌കാന്‍ ചെയ്ത് ഒടിപികള്‍, ഡെലിവറി അപ്ഡേറ്റുകള്‍, ടിക്കറ്റ് ബുക്കിങ് സ്റ്റാറ്റസ് ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ ട്രൂകോളറിന് സാധിക്കും. ഉപഭോക്താവിന് ആവശ്യമുള്ള ഈ സന്ദേശങ്ങള്‍ പച്ച നിറത്തിലുള്ള ചെക്ക് മാര്‍ക്ക് ഉള്‍പ്പെടുത്തിയാണ് ഇന്‍ബോക്സില്‍ കാണിക്കുക.

ഇന്ത്യയെ കൂടാതെ 30 രാജ്യങ്ങളില്‍ മെസേജ് ഐഡി ഫീച്ചര്‍ ട്രൂകോളര്‍ അവതരിപ്പിച്ചിട്ടുണ്ട്. എഐ ലാര്‍ജ് ലാംഗ്വേജ് മോഡലുകളാണ് എസ്എംഎസ് ഇന്‍ബോക്സ് സ്‌കാന്‍ ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. ഓണ്‍ ഡിവൈസ് പ്രൊസസിങ് ആയിരിക്കും ഇതെന്ന് കമ്പനി പറയുന്നു. അതായത് എസ്എംഎസ് സ്‌കാനിങ് പ്രക്രിയ പൂര്‍ണമായും ഫോണില്‍ തന്നെയാണ് നടക്കുക. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ ഡേറ്റ സുരക്ഷിതമാണെന്നും ട്രൂകോളര്‍ പറയുന്നു.

ട്രൂകോളറിലെ മെസേജ് ഐഡി ഫീച്ചര്‍ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ലഭിക്കും. ഹിന്ദി ഉള്‍പ്പടെ ആഗോള തലത്തിലുള്ള വിവിധ ഭാഷകള്‍ ഇത് പിന്തുണയ്ക്കും. ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നതിന് റീഡ് എസ്എംഎസ്, ഡിസ്പ്ലേ ഓവര്‍ അദര്‍ ആപ്പ്സ് പെര്‍മിഷനുകള്‍ ആവശ്യമുണ്ട്. വിശ്വാസയോഗ്യമായ സന്ദേശങ്ങള്‍ക്കുമേലാണ് പച്ച നിറത്തിലുള്ള ചെക്ക്മാര്‍ക്ക് കാണിക്കുക. ബാങ്ക് അലേര്‍ട്ടുകള്‍, ഒടിപി സന്ദേശങ്ങള്‍ പോലുള്ളവയില്‍ അതുണ്ടാവും. മറ്റ് പ്രധാനപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയാനും ട്രൂകോളറിന് സാധിക്കും.

Highlights: Now it’s easier to catch SMS fraudsters: Truecaller with new AI feature

error: