സിന്ധു നദീജല കരാർ; വ്യവസ്ഥകളിൽ ചർച്ചയാവാം, ഇന്ത്യയുടെ എതിർപ്പും പറയാം; കത്തയച്ച് പാകിസ്ഥാൻ
ന്യൂഡൽഹി (New Delhi): സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ പറയുന്നു. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദ്ദേശം. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ദു നദീജല കരാർ മരവിപ്പിച്ചത്.
കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് പാകിസ്ഥാൻ അയച്ച കത്തിലെ ആവശ്യം. നദീജല കരാർ ലംഘിക്കുന്നത് പ്രശ്നം വഷളാക്കുമെന്നും പാകിസ്ഥാൻ കത്തില്‍ പറയുന്നു. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂർണമായും ഇന്ത്യയ്ക്കും നൽകുന്നതായിരുന്നു കരാർ. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ. കറാറിൽ നിന്നും പിൻമാറുന്നതിലൂടെ കരാർപ്രകാരമുള്ള എല്ലാ നടപടികളും ഇന്ത്യ നിറുത്തി വെച്ചു.
Highlights: Sindhu river water treaty; Terms open for discussion, India expresses opposition; Sends letter to Pakistan.