തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്ത നിലയില്‍
കോഴിക്കോട്(Kozhikode): തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകളെ ചത്ത നിലയില്‍ കണ്ടെത്തി. വടകര വില്യാപ്പള്ളി മംഗലോറമല വ്യവസായ എസ്‌റ്റേറ്റിന് സമീപത്താണ് സംഭവം നടന്നത്. വാറോള്ള മലയില്‍ മാതുവിന്‍റെ വീട്ടിലെ ആടുകളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്. കൂടിന്‍റെ വാതില്‍ തകര്‍ത്താണ് നായകൾ അകത്തുകയറിയത്.
ആക്രമണത്തില്‍ രണ്ട് ഗര്‍ഭിണികളായ ആടുകളും ഒരു ആട്ടിന്‍ കുട്ടിയുമാണ് ചത്തത്. മാതുവിന്‍റെ മകന്‍ ബാബു രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മംഗലോറമല ഗവ. ഐടിഐ കെട്ടിടത്തിന്റെ പരിസരത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഇതിനടുത്തായി ആട്ടിന്‍കുട്ടിയെ തെരുവുനായ കടിച്ച് കൊന്നിരുന്നു.
ഈ വർഷം മാർച്ച് വരെ തിരുവനന്തപുരത്ത് നായകളുടെ കടിയേറ്റത് 15,718 പേർക്കാണ്. കൊല്ലത്ത് 12,654 പേർക്കുമാണ് കടിയേറ്റത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് 50,870 പേർക്ക് കടിയേറ്റു. 2019ലെ ലൈവ്സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 2.80 ലക്ഷത്തിലധികം തെരുവ് നായകളുണ്ടായിരുന്നുവെന്നാണ് കണക്ക്. ഇപ്പോൾ അത് എത്രയെന്നതിന് കൃത്യമായ കണക്കില്ല.
Highlights: Three sheep killed in attack by stray dogs