പാതിവില തട്ടിപ്പ്; പ്രതി കെ.എൻ ആനന്ദകുമാറിന് ആദ്യ കേസിൽ ജാമ്യം
തിരുവനന്തപുരം(Thiruvanathapuram): പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും പ്രതിയുമായ കെ.എൻ ആനന്ദ കുമാറിന്
കോടതി ജാമ്യം അനുവദിച്ചു. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പോലീസ് ആനന്ദ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുപ്പതോളം കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാക്കി കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ആനന്ദ കുമാർ ജയിലിൽ തന്നെ തുടരും.
ജയിലില്‍ കഴിയുന്ന ആനന്ദ കുമാറിന് പാതിവില തട്ടിപ്പ് കേസില്‍ നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലായിരുന്നു നിര്‍ണായക പരാമര്‍ശം. സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത് വനിതകളില്‍ നിന്ന് ട്രസ്റ്റ് നേരിട്ട് പണം കൈപ്പറ്റിയതിന്റെ രേഖകള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 2024 എപ്രില്‍ ആറിനും ഒന്‍പതിനും ഇടയ്ക്ക് 21 സ്ത്രീകളില്‍ നിന്ന് 60000 രൂപയും അഞ്ച് പേരില്‍ നിന്ന് 56,000 രൂപയും സായിഗ്രാമിന്റെ അക്കൗണ്ടിലെത്തിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മറ്റ് എന്‍ജിഒകളും ഇതേ തുക തന്നെയാണ് കൈപറ്റിയത്.
കൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ മുന്‍നിര്‍ത്തിയാണ് ആനന്ദ കുമാറിന്റെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചത്. ഫണ്ട് ലഭ്യതയെ കുറിച്ച് പരിശോധിച്ചിരുന്നില്ലെന്ന ആനന്ദ കുമാറിന്റെ വാദം വിശ്വസിനീയമല്ല. സായി ഗ്രാമിന്റെ മാനേജിംഗ് ട്രസ്റ്റി എന്ന നിലയിൽ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആനന്ദ് കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം നല്‍കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.
Highlights: Half-price fraud; Accused KN Anandakumar gets bail in first case