ട്രംപിന്റെ ആവശ്യം തള്ളി: സംയുക്ത ആണവ സംരംഭത്തിന് തയ്യാറെന്ന് ഇറാന്‍
അറബ് രാജ്യങ്ങളുമായും അമേരിക്കയുമായും സംയുക്ത ആണവ സമ്പുഷ്ടീകരണ സംരംഭം ആരംഭിക്കാന്‍ ഇറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ പരിചയമുള്ള നാല് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഒമാനില്‍ അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് ആണവ സമ്പുഷ്ടീകരണ സംരംഭം ആരംഭിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തിന് പകരമായാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഈ പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്.
എന്നാല്‍, വിറ്റ്‌കോഫിന്റെ വക്താവ് എഡ്ഡി വാസ്‌ക്വസ് ഈ റിപ്പോര്‍ട്ട് നിഷേധിച്ചു, ഒരു സംയുക്ത സംരംഭം ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല എന്ന് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ആണവ പദ്ധതി പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള ആവശ്യങ്ങള്‍ ‘അസ്വീകാര്യമാണ്’ എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു. തങ്ങളുടെ കാഴ്ചപ്പാടില്‍, (യുറേനിയം) സമ്പുഷ്ടീകരണം തീര്‍ച്ചയായും തുടരേണ്ട ഒന്നാണ്, അതിനെക്കുറിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും ഇടമില്ലെന്ന് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു.
ഇറാന്‍ കരാര്‍ രഹസ്യമായി ലംഘിച്ചുവെന്ന് ആരോപിച്ച് ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് 2015 ലെ ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ആണവ കരാറില്‍ നിന്ന് പിന്തിരിഞ്ഞിരുന്നു. ഇതോടെ ഇറാന്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുകയും സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
അതേസമയം, ഒമാനി മധ്യസ്ഥതയില്‍ നടന്ന നാല് റൗണ്ട് ചര്‍ച്ചകളെ പോസിറ്റീവ് ചുവടുവയ്പ്പായി ഇരുപക്ഷവും വിശേഷിപ്പിച്ചെങ്കിലും, ഗാസയിലെ ഇസ്രയേല്‍ യുദ്ധത്തെയും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും ഇസ്രായേലിനും നേരെയുള്ള യെമനിലെ ഹൂതികളുടെ ആക്രമണങ്ങളെയും ചൊല്ലി അമേരിക്കയും ഇറാനും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ ഇറാനുമായുള്ള ആണന ചര്‍ച്ച എത്രത്തോളം ഫലപ്രദമാകുമെന്ന് വ്യക്തമല്ല. ഇതിനിടെ, മിഡില്‍ ഈസ്റ്റ് പര്യടനത്തിനിടെ, ട്രംപ് ഇറാനെ മേഖലയിലെ ‘ഏറ്റവും വിനാശകരമായ ശക്തി’ എന്ന് വിളിക്കുകയും അവര്‍ക്ക് ഒരിക്കലും ആണവായുധങ്ങള്‍ നേടാന്‍ അനുവദിക്കരുതെന്ന് മധ്യേഷ്യന്‍ രാജ്യങ്ങളോട് ആഹ്വാനവും ചെയ്തിട്ടുണ്ട്.
Highlights: Iran rejects Trump’s demand: ready for joint nuclear initiative