ഭീകരതയ്ക്കെതിരായ പ്രചാരണം; പ്രതിനിധി സംഘത്തെ തരൂര്‍ നയിക്കും
ന്യൂഡല്‍ഹി ( New Delhi):: ഓപ്പറേഷന് സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍ ക്ഷണം തരൂര്‍ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ പര്യടനം നടക്കുക. ഇന്ത്യ-പാകിസ്താന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് മോദി സര്‍ക്കാര്‍, തങ്ങളുടെ സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ അദ്ദേഹത്തെ സമീപിച്ചിരിക്കുന്നത്.
ഭീകരതയെ പിന്തുണക്കുന്ന പാകിസ്താനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ നയതന്ത്ര നീക്കം. ശശി തരൂരിന് പുറമെ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ കേന്ദ്രസർക്കാർ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്ത ആഴ്ചയാണ് 30 അംഗ പ്രതിനിധികൾ വിവിധ സംഘങ്ങളായി പുറപ്പെടുന്നത്. ശശി തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്മാന് ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, അപരാജിത സാരംഗി, കേരളത്തിൽനിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്, ഡിഎംകെ എംപി കെ.കനിമൊഴി, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരെയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
Highlights: Tharoor to lead delegation on anti-terrorism campaign