Kerala

കുറുപ്പംപടി പീഡനക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി(Kochi): കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു കുറ്റപത്രങ്ങളായാണ് സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പത്തും പന്ത്രണ്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ രഹസ്യ മൊഴിയും ക്ലാസ് ടീച്ചര്‍ അടക്കമുള്ളവരുടെ മൊഴികളുമാണ് നിര്‍ണായകമായത്. കേസില്‍ ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടുണ്ട്. അമ്മയുടെ ആണ്‍ സുഹൃത്ത് ധനേഷ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍.

അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കിയ ശേഷമാണ് കുട്ടികളെ പീഡിപ്പിച്ചത്. പീഡന വിവരം മറച്ചു വച്ചതിന് അമ്മയ്ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആണ്‍ സുഹൃത്ത് പീഡിപ്പിക്കുന്നതിനെ കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. മൂന്നുമാസമായി അമ്മയ്ക്ക് പീഡനത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് ധനേഷും മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ സഹപാഠികള്‍ക്ക് എഴുതിയ കത്തിലൂടെയാണ് പീഡന വിവരം പുറത്തായത്.

കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്താണ് ധനേഷ് കുട്ടികളെ പീഡിപ്പിച്ചത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. മൂന്നു വര്‍ഷം മുമ്പ് പെണ്‍കുട്ടികളുടെ പിതാവ് മരിച്ചിരുന്നു.

പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു. നിലവില്‍ പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

Highlights: Kuruppampadi case Police officers submit Chargesheet

error: