തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 84 വിദ്യാര്‍ഥികള്‍ ചികിത്സയിൽ
തിരുവനന്തപുരം(THIRUVANATHAPURAM): മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാര്‍ഥികള്‍ ചികിത്സയിൽ. ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.
വ്യാഴാഴ്ച ഹോസ്റ്റലില്‍ വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും നല്‍കിയിരുന്നു. ഇതില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ബട്ടര്‍ ചിക്കനും ഫ്രൈഡ്റൈസുമാണ് ഭക്ഷണമായി നല്‍കിയത്. ഇതില്‍ ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. പലരും ഛര്‍ദിയും വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ വിഭാഗം അടക്കം ആരോഗ്യവകുപ്പിന്റെ പ്രതിനിധികള്‍ ഹോസ്റ്റലില്‍ എത്തി സാമ്പിളുകള്‍ ശേഖരിക്കുകയും വിദ്യാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തു.
ആരുടെയും നില ഗുരുതരമല്ല. ഹോസ്റ്റലിലെ ഭക്ഷണം സംബന്ധിച്ച് കഴിഞ്ഞ കുറെ നാളുകളായി പരാതികള്‍ ഒന്നും ഉയര്‍ന്നിരുന്നില്ല. നല്ല ഭക്ഷണമാണ് ലഭിച്ചിരുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ ഇത്തവണയെന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.
Highlights: Food poisoning in girls’ hostel at Thiruvananthapuram Medical College; 84 students undergoing treatment