തീക്കനലിൽ ഉറുമ്പരിക്കുന്നു
കേസൊതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ അസിസ്റ്റന്റ് ഡയറക്ടറെ പ്രതി ചേർത്ത് സംസ്ഥാന വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയെ സംശയത്തിൽ നിറുത്തിയിരിക്കുന്ന സംഭവം സംഭവം അത്യന്തം ഗൗരവമേറിയതും ഞെട്ടിപ്പിക്കുന്നതുമാണ്. നീതി നിയമസംവിധാനങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരെ അസ്വസ്ഥമാക്കുന്നതാണിത്. സംസ്ഥാനത്തിന്റെ നീതിന്യായ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി നൽകിയ പരാതിയിൽ വെള്ളിയാഴ്ച ഇഡിയുടെ പിടിയിലായ കൊച്ചി സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുകേഷ് മുരളി എന്നിവർ നൽകിയ മൊഴിയാണ് ശേഖർ കുമാറിലെ അഴിമതി വീരനെ വെളിച്ചത്തു കൊണ്ടുവന്നത്. എൻഫോഴ്സ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിനായി രണ്ടു കോടി രൂപയാണ് ഇ.ഡിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ ശേഖർ കുമാർ കശുവണ്ടി വ്യവസായിയായ കൊല്ലം സ്വദേശിയോട് ആവശ്യപ്പെട്ടത്. ശേഖർ കുമാറിന്റെ ബിനാമികളായി വ്യവസായിൽ നിന്ന് പണം കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടയാണ് മുകേഷും വിൽസനും പിടിയിലായത്. അഡ്വാൻസ് തുകയായി രണ്ട് ലക്ഷം രൂപ ആദ്യ ഗഡുവായി ശേഖർ ആവശ്യപ്പെട്ടിരുന്നു. പിടിയിലായ വ്യക്തികളിൽ നിന്ന് പൊലീസ് നടത്തിയ മൊഴിയെടുപ്പാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവത്തിലേക്ക് വിരൽ ചൂണ്ടിയത്. ശേഖർകുമാറിൽ നിന്ന് കൂടുതൽ പേരിലേക്ക് ഇതിന്റെ ഇഴയടുപ്പം ഉണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഈയടുത്തകാലത്തായി കേന്ദ്ര അന്വേഷണ ഏജൻസികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ ഭരണപക്ഷത്തിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് പരമോന്നത നീതിപീഠം സുപ്രധാനമായ വിധി പുറപ്പെടുവിച്ചത് രാജ്യം മറന്നിട്ടില്ല. വേലി തന്നെ വിളവ് തിന്നുകയും ചങ്ങലയ്ക്ക് തീപിടിക്കുകയും ചെയ്യുന്ന അത്രമേൽ കെട്ട കാലത്തിലൂടെയാണ് നാട് കടന്നുപോകുന്നത്. എല്ലാ വാതിലുകളും അടയുമ്പോൾ പ്രതീക്ഷയോടുകൂടി ജനങ്ങൾ വിശ്വാസമർപ്പിച്ച് നീതിക്കു വേണ്ടി അഭയം തേടുന്ന സംശുദ്ധമായ നീതി നിർവഹണ സംവിധാനം എന്ന് പുകൾപറ്റ എൻഫോഴ്സ് ഡയറക്ടറേറ്റിന് മേൽ അഴിമതിയുടെ കറുത്ത മുഖംമൂടി വീഴുന്നത് രാജ്യത്തെ എത്രമേൽ അപകടകരമാണ്. ആയിരം അപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് പരമോന്നത നിതിന്യായ വ്യവസ്ഥയുടെ ആപ്തവാക്യം നെഞ്ചിൽ ഒരു വികാരമായി കൊണ്ടുനടക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്കും കാലങ്ങളോളം മായിക്കാനാവാത്ത അപമാനമാണ് ഇത്തരം ആളുകൾ ചാർത്തി നൽകുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ആയുധമായി ഭരണകൂടം എൻഫോഴ്സ് ഡയറക്ടറേറ്റ് പോലെയുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു തുടങ്ങിയതാണ് ഈ അവസ്ഥയ്ക്ക് മുല കാരണം. നിരവധി ഹവാലാ കേസുകളിൽ ഉൾപ്പെടെ പ്രതികളായ മുകേഷ് മുരളിയും വിൽസനുമായും സംസ്ഥാന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നതുദ്യോഗസ്ഥനായ ശേഖർ ബാബുവിനുള്ള വ്യക്തിബന്ധം എന്താണ്? കശുവണ്ടി വ്യവസായിയിൽ നിന്ന് പണം വാങ്ങാൻ മുകേഷിനെയും വിൽസനെയും അയക്കാൻ ശേഖർ ബാബുവിനെ തോന്നിയത് എന്തുകൊണ്ടാണ്? ഇനിയും ചുരുളഴിയാത്ത അഴിമതിയുടെയും കള്ളപ്പണത്തിന്റെയും നേർക്ക് വിരൽചൂണ്ടുന്നുണ്ട് ഇത്തരം സംശയങ്ങളും ചോദ്യങ്ങളും. സത്യസന്ധമായ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കാൻ ജുഡീഷ്യൽ കമ്മീഷനെ രൂപീകരിക്കാൻ സർക്കാർ തയ്യാറാകണം. മൂന്നാമതൊരു ഇടപെടൽ അന്വേഷണത്തിലോ അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തിലോ ഉണ്ടാവരുത്. വ്യക്തികൾക്കപ്പുറം ഒരു അന്വേഷണ ഏജൻസിയാണ് സംശയനിഴലിലായത്. അതുകൊണ്ടുതന്നെ കറകളഞ്ഞേ തീരൂ…