യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയിലിൻ ദാസിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം(Thiruvanathapuram): യുവ വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോടതി നമ്പർ 12-നാണ് ജാമ്യത്തിന് അനുമതി നൽകിയത്.
ജാമ്യത്തിനായി സുപ്രധാനമായ ചില നിബന്ധനകളാണ് കോടതി വിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കപ്പെടുന്നത് വരെ, അല്ലെങ്കിൽ അടുത്ത രണ്ട് മാസത്തേക്ക്, ബെയ്ലിൻ ദാസ് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. കൂടാതെ കേസുമായി ബന്ധപ്പെട്ട സാക്ഷികളെ സ്വാധീനിക്കരുതെന്ന നിർദേശവും കോടതി രേഖപ്പെടുത്തുന്നു.
മർദ്ദനക്കേസിൽ അറസ്റ്റിലായ ബെയ്ലിൻ ദാസ് നിലവിൽ പൂജപ്പുര ജില്ലാ ജയിലിലാണ് കഴിയുന്നത്. ജാമ്യത്തിനുള്ള നടപടികൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും അദ്ദേഹത്തെ ജയിൽമുക്തനാക്കുക.
സംഭവത്തിൽ ഇരയായ അഭിഭാഷക ശ്യാമിലി കോടതിവിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രസ്താവിച്ചു. സംഭവം അഭിഭാഷക സമുദായത്തിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നിരുന്നു. പൊലീസ് അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.
ശ്യാമിലി ജസ്റ്റിനെയാണ് സീനിയര്‍ അഭിഭാഷകൻ ബെയ് ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂര്‍ കോടതിക്ക് അടുത്ത അഭിഭാഷകന്റെ ഓഫീസിൽ സഹപ്രവര്‍ത്തകര്‍ നോക്കി നിൽക്കെയായിരുന്നു ക്രൂരമര്‍ദ്ദനം. പിടിച്ച് നിര്‍ത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു.
അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പ്രതികരിച്ചിരുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലൻ ദാസ് മർദ്ദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.
Highlights: Case of brutal beating of young lawyer; Bailin Das granted conditional bail