LifestyleTop Stories

പേരൂ‍ർക്കട എസ്ഐയ്ക്ക് സസ്പെൻഷൻ; കള്ളപ്പരാതി നൽകിയവർക്കെതിരെയും നടപടി വേണമെന്ന് ബിന്ദു

തിരുവനന്തപുരം(Thiruvananthapuram): മാലമോഷണത്തിന്റെ പേരില്‍ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്‌ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ജിഡി ചാര്‍ജുള്ള പൊലീസുകാരെ സ്ഥലം മാറ്റും. ബിന്ദുവിന്റെ ആരോപണത്തിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിഷയത്തില്‍ മന്ത്രി ഒ.ആര്‍.കേളു പൊലീസിനോടു റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം നടത്തുമെന്നാണു മന്ത്രി നേരത്തെ പറഞ്ഞത്.

എസ്ഐയ്ക്കെതിരായ നടപടിയിൽ സന്തോഷമുണ്ടെന്നാണ് ബിന്ദു പറഞ്ഞത്. എസ്ഐയ്ക്കെതിരെ മാത്രമല്ല, തന്നെ മാനസികമായി പീഡിപ്പിച്ച മറ്റ് രണ്ട് പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ‘‘ക്രൂരമാനസിക പീഡനത്തിന് ഇരയാക്കിയ പ്രസന്നന്‍ എന്ന പൊലീസുകാരനെതിരെയും നടപടി വേണം. വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞത് പ്രസന്നന്‍ ആണ്’’– ബിന്ദു പറഞ്ഞു. കള്ളപ്പരാതി നൽകിയ ആൾക്കെതിരെയും നടപടി എടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ അസഭ്യം പറഞ്ഞ പ്രസന്നനെതിരെ നടപടി വേണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവും ആവശ്യപ്പെട്ടു. 

അതിനിടെ ബിന്ദുവിന്റെ വീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സന്ദർശിച്ചു. ബിന്ദുവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ എംഎൽഎയോട്, കണ്ണീരോടെയാണ് ബിന്ദു കാര്യങ്ങള്‍ വിശദീകരിച്ചത്. പാലോട് രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെപിസിസി പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നു. വീടുകളില്‍ ജോലി ചെയ്ത് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു വീട്ടമ്മയ്ക്ക് പൊലീസില്‍നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ പീഡനത്തിന്റെയും നീതിനിഷേധത്തിന്റെയും കാര്യമാണ് ബിന്ദുവില്‍നിന്ന് നേരിട്ടു കേള്‍ക്കേണ്ടിവന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. 

‘‘പൊലീസ് വിളിച്ചപ്പോള്‍ തന്നെ ബിന്ദു സ്‌റ്റേഷനിലെത്തി താന്‍ മാല എടുത്തിട്ടില്ലെന്നു പറഞ്ഞിരുന്നു. വനിതാ പൊലീസ് ദേഹപരിശോധന നടത്തിയിട്ടും ഒന്നും കണ്ടില്ല. എന്നിട്ടും അറപ്പുളവാക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞു. പെണ്‍മക്കളെ വരെ അവഹേളിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഉടമയുടെ വീട്ടില്‍നിന്ന് മാല കണ്ടെത്തിയിട്ടും ബിന്ദുവിനെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്. ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത ശേഷം അന്വേഷണം നടത്തണം’’ – സണ്ണി ജോസഫ് പറഞ്ഞു.

Highlights: Perurkada SI suspended; Bindu demands action against those who filed false complaints

error: