‘വെറും കുക്കീസ് അല്ലിത്’: അശ്രദ്ധമായി കൈകാര്യം ചെയ്താൽ പണി കിട്ടും
ഇന്റർനെറ്റ് ഉപയോഗിക്കുന്ന മിക്കവാറും എല്ലാവർക്കും ‘കുക്കീസ്’ എന്താണെന്ന് ഒരു പരിധിവരെ അറിയാം. എന്നാൽ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ സ്ക്രീനിൽ തെളിഞ്ഞുവരുന്ന കുക്കീസ് സന്ദേശങ്ങൾ ‘ അക്സെപ്റ്റ് ഓൾ’ ചെയ്യുകയോ, ‘റിജക്ട് ഓൾ’ ചെയ്യുകയോ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പലർക്കും വ്യക്തമായ ധാരണയുണ്ടാകില്ല.
സാധാരണയായി കമ്പ്യൂട്ടർ വിൻഡോയിലെത്തുന്ന ഇത്തരം പോപ്പ്-അപ്പുകളും ബാനറുകളും ഒരു തടസ്സമായാണ് ഉപയോക്താക്കൾക്ക് അനുഭവപ്പെടുന്നത്. അതിനാൽ, വിൻഡോയിൽ ‘അക്സെപ്റ്റ് ഓൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് എത്രയും വേഗം ഇവ ഒഴിവാക്കാനാണ് കൂടുതൽ പേരും ശ്രമിക്കുക. എന്നാൽ, ഇത്തരത്തിൽ കുക്കീസ് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഉപയോക്താവിൻ്റെ സ്വകാര്യതയെ ഗൗരവമായി ബാധിക്കുമെന്നാണ് വിദഗ്ധ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നത്.
എന്താണ് കുക്കീസ്? അവ എന്തു ചെയ്യുന്നു?
കുക്കീസ് വെബ് പേജുകൾ നിങ്ങളുടെ ഡിവൈസിൽ (കമ്പ്യൂട്ടർ, മൊബൈൽ) സൂക്ഷിക്കപ്പെടുന്ന ചെറിയ ഫയലുകളാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള വിവരങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് നിങ്ങൾ പതിവായി സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, ലോഗിൻ വിവരങ്ങൾ, ഇഷ്ടപ്പെട്ട ക്രമീകരണങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററി എന്നിവയെല്ലാം മനസിലാക്കാൻ കുക്കീസ് ഫയലുകൾക്ക് കഴിയും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് താൽപ്പര്യമുള്ള പരസ്യങ്ങൾ നിങ്ങളുടെ ഡിവൈസിലേക്ക് നൽകാനും കുക്കീസ് സഹായത്തോടെ സാധിക്കും.
കുക്കീസുകളുടെ വിവിധ തരംതിരിവുകൾ
കുക്കീസിനെ അവ ഡിവൈസിൽ എത്ര നേരം നിലനിൽക്കുന്നുവെന്നതിൻ്റെ അടിസ്ഥാനത്തിൽ പ്രധാനമായും രണ്ടായി തിരിക്കാം:
സെഷൻ കുക്കീസ്: ഷോപ്പിങ് കാർട്ടിലെ ഇനങ്ങൾ ട്രാക്ക് ചെയ്യുന്നത് പോലുള്ള താൽക്കാലിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവയാണ് ഇവ. ഇവ ബ്രൗസർ അടയ്ക്കുമ്പോൾ ഇല്ലാതാകും.
പെർമനെൻ്റ് കുക്കീസ്: കൂടുതൽ നേരം ഡിവൈസിൽ സൂക്ഷിക്കുകയും ഉപയോക്താവിൻ്റെ ലോഗിൻ വിശദാംശങ്ങൾ, മുൻഗണനകൾ എന്നിവ ഓർത്തുവെക്കുകയും ചെയ്യുന്നവയാണ് ഇവ.
ഉപയോഗിക്കുന്നതിൻ്റെ ലക്ഷ്യം അനുസരിച്ച് കുക്കീസുകളെ പല വിഭാഗങ്ങളായി തിരിക്കാം:
ഫങ്ഷണൽ കുക്കീസ്: വെബ്സൈറ്റിൻ്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഉപയോക്താവിൻ്റെ ബ്രൗസിങ് വിവരങ്ങൾ ശേഖരിക്കും. (ഉദാ: ഭാഷാ ക്രമീകരണം)
അനലിറ്റിക്സ് കുക്കീസ്: വെബ്സൈറ്റ് എങ്ങനെ ഉപയോഗിക്കുന്നു (എത്ര പേർ സന്ദർശിച്ചു, ഏത് പേജുകൾ കണ്ടു) എന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ച് സൈറ്റിൻ്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.
അഡ്വർടൈസിങ് കുക്കീസ്: ഉപയോക്താക്കളുടെ ബ്രൗസിങ് ശീലങ്ങളെ അടിസ്ഥാനമാക്കി പ്രൊഫൈൽ നിർമ്മിക്കുന്നതിനും അവർക്ക് താൽപ്പര്യമുള്ള പരസ്യങ്ങൾ ലക്ഷ്യം വെച്ച് നൽകാനും വിവരങ്ങൾ ശേഖരിക്കുന്നവയാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. സ്വകാര്യതയ്ക്ക് ഏറ്റവും വലിയ ഭീഷണിയാകാൻ സാധ്യതയുള്ളതും ഇവയാണ്.
കുക്കീസ് റിജക്ട് ചെയ്താൽ എന്തു സംഭവിക്കും?
സ്ക്രീനിൽ തെളിയുന്ന ഓപ്ഷണൽ കുക്കീസ് ‘റിജക്ട്’ ചെയ്താലും ഒരു വെബ്സൈറ്റിൻ്റെ അടിസ്ഥാന ഫീച്ചറുകളിലേക്കുള്ള പ്രവേശനം സാധാരണയായി നിഷേധിക്കപ്പെടുന്നില്ല എന്നതാണ് ശ്രദ്ധേയം. വെബ്സൈറ്റിന് പ്രവർത്തിക്കാൻ അത്യാവശ്യമായ ‘എസൻഷ്യൽ’ കുക്കീസുകൾ റിജക്ട് ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് ഇഷ്ടമുള്ള കുക്കീസുകൾ മാത്രം തിരഞ്ഞെടുക്കാനോ, എല്ലാ ഓപ്ഷണൽ കുക്കീസുകളും റിജക്ട് ചെയ്യാനോ ഉള്ള സൗകര്യം കുക്കീസ് സെറ്റിങ്സിൽ ലഭ്യമാണ്.
Highlights: ‘These are not just cookies’: Careless handling can get you in trouble