കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പ്രസംഗം: കടുപ്പിച്ച് സുപ്രീംകോടതി; എസ് ഐ ടി അന്വേഷണം
ന്യൂഡൽഹി(New Delhi): കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ എസ് ഐ ടി അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. സംഘത്തില്‍ വനിതയുള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരുണ്ടാകണം. ഇവരാരും മധ്യപ്രദേശ് സ്വദേശികളാകരുത്. ഐജി റാങ്കിലുളള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണം. നാളെ രാവിലെ 10 നുള്ളില്‍ എസ്ഐടി അംഗങ്ങളെ നിശ്ചയിക്കണമെന്നും മെയ് 28ന് തൽസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
അറസ്റ്റ് തത്കാലത്തേക്ക് തടഞ്ഞ കോടതി അന്വേഷണത്തോട് സഹകരിക്കാന്‍ വിജയ് ഷായ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കേസ് മേയ് 28ന് വീണ്ടും പരിഗണിക്കും. കോടതി കടുത്ത പരാമര്‍ശം നടത്തിയതോടെ വിജയ് ഷായുടെ രാജി ആവശ്യപ്പെടാതെ സംരക്ഷിച്ച ബിജെപി വെട്ടിലായി.
മന്ത്രിയുടെ ഖേദപ്രകടനം തള്ളിയ കോടതി പരാമർശങ്ങൾ നിലവാരമില്ലാത്തതും, ലജ്ജാകരമെന്നും നിരീക്ഷിച്ചു. നിയമ നടപടികൾ ഒഴിവാക്കാനുള്ള മുതലക്കണ്ണീർ ആയിരുന്നോ മാപ്പപേക്ഷയെന്നും കോടതി ചോദിച്ചു. അന്വേഷണത്തോട് സഹകരിക്കാന്‍ നിര്‍ദേശിച്ച കോടതി വിജയ് ഷായുടെ അറസ്റ്റ് തത്കാലം തടഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയത്തിന് പിന്നാലെ കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചുളള മധ്യപ്രദേശ് മന്ത്രി കന്‍വര്‍ വിജയ് ഷായുടെ വിദ്വേഷ പരാമര്‍ശം രാജ്യത്തിനാകെ നാണാക്കേടായിരുന്നു. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്നാണ് അധിക്ഷേപിച്ചത്. വിഷയത്തില്‍ സ്വമേധയ ഇടപെട്ട മധ്യപ്രദേശ് ഹൈക്കോടതി വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജിയിലാണ് വിജയ് ഷാക്കെതിരെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഷായുടെ പരാമർശങ്ങൾ നിലവാരമില്ലാത്തതും, ലജ്ജാകരവുമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്തും എന്‍ കോടിശ്വര്‍ സിങ്ങും നിരീക്ഷിച്ചു.
പൊതുപ്രവര്‍ത്തകനും പരിചയസമ്പന്നനുമായ രാഷ്ട്രീയക്കാരനെന്ന നിലയില്‍ വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമായിരുന്നു. മന്ത്രിയെന്ന നിലയില്‍ പെരുമാറ്റത്തില്‍ മറ്റുളളവരേക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തേണ്ടതായിരുന്നു. നിയമ നടപടികൾ ഒഴിവാക്കാനുള്ള മുതലക്കണ്ണീർ ആയിരുന്നോ മാപ്പപേക്ഷയെന്നും ചോദിച്ച കോടതി ഖേദപ്രകടനം സ്വീകാര്യമല്ലെന്നും വ്യക്തമാക്കി. കുറ്റം ചെയ്തവര്‍ പ്രത്യാഘാതം നേരിടേണ്ടി വരും. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
Highlights: Hate speech against Colonel Sophia Qureshi: Supreme Court tightens; SIT probe