നോവായി കല്യാണി
എറണാകുളം പുത്തൻകുരിശ് തിരുവാങ്കുളം സ്വദേശിയായ സന്ധ്യ സ്വന്തം മകളെ കൊലപ്പെടുത്തിയ വാർത്തയോടെയാണ് കഴിഞ്ഞ രാത്രി അവസാനിച്ചത്. ഒരു നേരം പുലർന്നിട്ടും ആ ഞെട്ടലിൽ നിന്ന് മുക്തമാവാൻ മലയാളിക്ക് കഴിഞ്ഞിട്ടില്ല. മനുഷ്യരൂപം പൂണ്ട ഒരാൾക്കും ജീവിതത്തിൽ ഒരിക്കലും കഴിയുകയുമില്ല. എന്നിട്ട് എങ്ങനെയാണ് പത്തുമാസം നൊന്തുപെറ്റ, പ്രസവ വേദനയറിഞ്ഞ ഒരു സ്ത്രീക്ക് സ്വന്തം മകളെ അതും നാലു വയസു പ്രായമായ പിഞ്ചോമനയെ പാലത്തിന് മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയാൻ തോന്നിയത്. ലോകത്തിൽ ഏതെങ്കിലും ഒരു അമ്മയ്ക്ക് സാധിക്കുമോ.
അമ്മ എന്ന വാക്കിന്റെ അർത്ഥവും ആഴവും പരപ്പും മൂല്യവും അറിഞ്ഞ മാനവ സമൂഹം നെഞ്ചിൽ കൈവച്ച് പറയും ഇല്ല എന്ന് ഒറ്റ ശ്വാസത്തിൽ. പക്ഷേ ഇവിടെ ആ ശ്വാസം നിലയ്ക്കുകയാണ്, ഇവിടെ ഒരമ്മ മകളെ സ്വന്തം കൈ കൊണ്ട് തന്നെ ഇല്ലാതാക്കിയിരിക്കുന്നു. കയ്യബദ്ധമല്ല മനപ്പൂർവ്വം ഐസ്ക്രീമിൽ വിഷം കലർത്തി മുമ്പ് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് മുത്തശ്ശി മൊഴി പറയുമ്പോൾ എത്ര നാൾ എത്ര പകലുകൾ എത്ര രാത്രികൾ സ്വന്തം ചുവടെ കിടന്നുറങ്ങിയിരുന്ന മകളെ അവർ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്, അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവും. ഇത്രയും ക്രൂരമാവാൻ ഒരാൾക്ക് കഴിയുമോ.
തിങ്കളാഴ്ച രാത്രി കല്യാണിയെ കാണാനില്ലെന്നുള്ള വാർത്ത പുറത്തുവന്നത് മുതൽ മനുഷ്യസ്നേഹത്തിന്റെ മഹാപര്യായമായ കേരളം പ്രാർഥനയോടെ കാത്തുനിൽക്കുകയായിരുന്നു. വാർത്താ മാധ്യമങ്ങളിലൂടെ പൊലീസ് ഭരണകൂടങ്ങളിലൂടെ അറിഞ്ഞുകൊണ്ടിരുന്ന ഓരോ വിവരങ്ങളും തൊട്ടപ്പുറത്ത് നിൽക്കുന്ന മകളെയോ മകനെ കുറിച്ച് എന്നപോലെ ആകാംക്ഷയോടെ വേദനയോടെ മലയാളി ഒന്നടങ്കം കേട്ടിരുന്നു. അന്വേഷിച്ചുകൊണ്ടിരുന്നു… പ്രാർഥിച്ചു കൊണ്ടിരുന്നു. ഒടുവിൽ രാത്രിയിൽ പുഴയിൽനിന്ന് കല്യാണി മോളുടെ ചേതനയറ്റ ശരീരം പൊലീസും ഫയർഫോഴ്സും കണ്ടെത്തുമ്പോൾ നെഞ്ചു പൊട്ടി കരഞ്ഞത് കേരളം ഒന്നടങ്കമാണ്.
സാമൂഹിക ജീവിതത്തിലുണ്ടായ കടുത്ത അപചയങ്ങളും ഏറ്റക്കുറച്ചിലുകളും, ഇതിനെല്ലാം ഇരകളാക്കപ്പെടുന്നത് വീട്ടകങ്ങളിലെ കുഞ്ഞുങ്ങളാണ്. പ്രായഭേദ-ലിംഗ ഭേദമെന്യേ കുരുന്നു മനസുകൾ അനുഭവിക്കുന്ന, നേരിടുന്ന പ്രതിസന്ധികളും മാനസിക സംഘർഷങ്ങളും വാക്കുകൾക്കതീതമാണ്. അവരുടെ ചെറിയ ചെറിയ സങ്കടങ്ങൾക്കും ആഗ്രഹങ്ങൾക്കും തങ്ങൾക്കും കുസൃതികൾക്കും ഒപ്പം നിൽക്കാൻ അച്ഛനും അമ്മയും പ്രിയപ്പെട്ടവരും ഉണ്ടാവും എന്നുള്ള ധൈര്യം അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പരീക്ഷകളിൽ തോൽക്കുമ്പോഴും ജീവിതത്തിലെ സങ്കടങ്ങളിൽ പതറുമ്പോഴും ആശ്വാസവുമായി കൂടെയുണ്ടാകും എന്നുള്ള ഉറപ്പ് പലർക്കും നഷ്ടപ്പെട്ടതുകൊണ്ടാണ് ഈയിടെയായി ചെറിയ കുട്ടികൾ മുതൽ ചെറുപ്പക്കാർ വരെയുള്ളവരുടെ ആത്മഹത്യ വലിയ രീതിയിൽ ഉയരുന്നത്. പക്ഷേ, സന്ധ്യ ചെയ്ത മാപ്പർഹിക്കാത്ത മഹാപരാധത്തിന് ഒരിക്കലും മാപ്പ് നൽകാൻ ആവില്ല.
ഇനിയൊരിക്കലും ഇതാവർത്തിക്കരുത്. ആലങ്കാരികമായി പലപ്പോഴും ദാരുണമായ പല സംഭവങ്ങളും ഉണ്ടാകുമ്പോൾ പറയാറുണ്ട്… നെഞ്ചിൽ കൈ വച്ച് ഇനിയൊരു കല്യാണി ഉണ്ടാവരുത്.