Special Features

ഭീകരത യുദ്ധം തന്നെ

മെയ് 21 ഭീകര പ്രവര്‍ത്തന വിരുദ്ധ ദിനമാണ്, ഭീകരാക്രമണങ്ങള്‍ക്കെതിരേ ആഗോള പ്രചാരണ യത്നത്തിലാണു ഭാരതം

ഫ്രാങ്കോ ലൂയിസ്

ഭൂമിയിലെ സ്വര്‍ഗമാണു കശ്മീര്‍. കശ്മീരിലെ അതീവ സുന്ദരമായ പഹല്‍ഗാമില്‍ ഭീകരര്‍ ഉതിര്‍ത്ത വെടിയുണ്ടകളില്‍ ചിതറിത്തെറിച്ചതു നിരപരാധികളായ 26 വിനോദസഞ്ചാരികളുടെ ജീവന്‍ മാത്രമല്ല. അവരുടെ കുടുംബത്തിന്റെ ജീവിതവുമാണ്. ഭാര്യമാര്‍ വിധവകളാക്കപ്പെട്ടു, അവരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചുകളഞ്ഞു, മക്കള്‍ക്ക് അച്ഛനില്ലാതായി. തീര്‍ന്നില്ല, വിനോദസഞ്ചാരികളില്‍ നിന്നുള്ള വരുമാനം കാത്തിരിക്കുന്ന കശ്മീരി ജനതയുടെ ജീവനോപാധിയിലാണു ഭീകരര്‍ ചോര കലക്കിയത്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനുള്ള ശ്രമവുമാണിത്. പിട്ടിണിയിലാകുന്ന കശ്മീര്‍ ജനതയെ ഭീകരസംഘങ്ങളിലേക്കു റിക്രൂട്ടു ചെയ്യാനും രാജ്യത്തു വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനും കൂടിയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
ഒരു മാസം മുമ്പ്, ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ‘കലിമക്കുരുതി’യിലൂടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരര്‍ക്കു പതിന്നാലാം രാവില്‍ ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. ‘ഓപ്പറേഷന്‍ സിന്ദൂര്‍’. പാകിസ്ഥാനിലെ ഒമ്പതു ഭീകര താവളങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ ഭീകരരും സൈനിക താവളങ്ങളിലേക്കു നടത്തിയ ആക്രമണങ്ങളില്‍ നാല്‍പതിലേറെ സൈനികരും കൊല്ലപ്പെട്ടു. ഭീകരര്‍ മുഴക്കിയ വെടിയൊച്ചയുടെ അലയൊലികള്‍ അടങ്ങുംമുമ്പേ ഭാരതം തിരിച്ചടിച്ചെങ്കിലും ഭീകരപ്രവര്‍ത്തനം രാജ്യത്തിനു മാത്രമല്ല, ലോകത്തിനുതന്നെ വെല്ലുവിളിയായി ശേഷിക്കുന്നു.

ഭീകരതയുടെ ഇരകള്‍

1991 ല്‍ തമിഴ്നാട്ടിലെ ശ്രീപെരുംപതൂരില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസമായ മെയ് 21 നാണ് രാജ്യം ഭീകരപ്രവര്‍ത്തന വിരുദ്ധ ദിനമായി ആചരിക്കുന്നത്. ശ്രീലങ്കയിലെ തമിഴുപുലി സംഘമാണ് രാജീവ് ഗാന്ധിയെ ചാവേര്‍ സ്ഫോടനത്തിലൂടെ വധിച്ചത്. മുന്‍പ്രധാനമന്ത്രിയും രാജീവ് ഗാന്ധിയുടെ അമ്മയുമായ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതും ഭീകരാക്രമണത്തിലാണ്. അംഗരക്ഷാസേനയില്‍ കയറിപ്പറ്റിയ സിക്ക് തീവ്രവാദിയുടെ വെടിയേറ്റാണ് 1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വം വരിച്ചത്.
കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഭീകരപ്രവര്‍ത്തന വിരുദ്ധദിനം ആചരിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഭീകര പ്രവര്‍ത്തനം തടയുന്ന നിലപാടെടുക്കണമെന്നാണു ലോകരാഷ്ട്രങ്ങളോടും ഇന്ത്യ ആവശ്യപ്പെടുന്നത്. പാകിസ്ഥാന്‍ വളമിട്ടു വളര്‍ത്തുന്ന ഭീകര പ്രവര്‍ത്തനത്തിനെതിരേയും പാകിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടിയെക്കുറിച്ചും ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി ഇറങ്ങിത്തിരിച്ചത് അതുകൊണ്ടാണ്.

ആഗോള പട്ടിക

കഴിഞ്ഞ വര്‍ഷം 66 ലോക രാജ്യങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളില്‍ 7,555 പേര്‍ കൊല്ലപ്പെട്ടെന്നാണ് ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ്’ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പടിഞ്ഞാറേ ആഫ്രിക്കയിലെ ബര്‍ക്കിനോ ഫാസോ എന്ന ചെറു രാജ്യമാണ് ആഗോള ഭീകര പ്രവര്‍ത്തന പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇസ്ലാമിക ഭീകരസംഘങ്ങളാണ് ഇവിടേയും കൂട്ടക്കുരുതി നടത്തുന്നത്. ഈ വര്‍ഷം 111 ആക്രമണങ്ങളിലായി 1,532 പേരാണു കൊല്ലപ്പെട്ടത്. ആഗോള ഭീകര പ്രവര്‍ത്തനത്തിന്റെ ഇന്‍ഡക്സില്‍ ബര്‍ക്കിനോ ഫാസോയ്ക്ക് എട്ടര പോയിന്റാണെങ്കില്‍ രണ്ടാം സ്ഥാനത്ത് 8.3 പോയിന്റുള്ള പാകിസ്ഥാനാണ്. 1099 ആക്രമണങ്ങളിലായി 1,081 പേരാണ് ഈ വര്‍ഷം പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്. ഇസ്ലാമിക ഭീകരപ്രവര്‍ത്തന രാജ്യമായ സിറിയ എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്ത്. മാലി, നൈജീരിയ, സോമാലിയ, ഇസ്രയേല്‍, അഫ്ഗാനിസ്ഥാന്‍, കാമറോണ്‍, മ്യാന്‍മര്‍, കോംഗോ, ഇറാക്ക് എന്നീ രാജ്യങ്ങള്‍ക്കു പിറകെ, 6.41 പോയിന്റുമായി ഇന്ത്യ പതിന്നാലാം സ്ഥാനത്താണ്. ഇന്ത്യയില്‍ 206 ഭീകരാക്രമണങ്ങളിലായി 109 പേര്‍ കൊല്ലപ്പെടുകയും 151 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ‘വിഷന്‍ ഓഫ് ഹൂമനിറ്റി’ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കശ്മീര്‍ മാത്രമല്ല

ഇന്ത്യയില്‍ കാഷ്മീര്‍ മേഖലയില്‍ മാത്രമല്ല ഭീകര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മറ്റൊരു വിഭാഗം ഭീകരപ്രവര്‍ത്തകരാണ്. പഞ്ചാബ് കേന്ദ്രീകരിച്ചു സിക്ക് ഭീകരസംഘങ്ങള്‍. ആന്ധ്രപ്രദേശ്, തെലുങ്കാന, ബിഹാര്‍ അടക്കമുള്ള തെക്കു കിഴക്കന്‍ മധ്യ സംസ്ഥാനങ്ങളിലായി നക്സല്‍, മാവോയിസ്റ്റ് ഭീകരസംഘങ്ങള്‍.
ഭീകര പ്രവര്‍ത്തനം നടത്തിയിരുന്ന 45 സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇവയില്‍ പതിനഞ്ചിലേറേയും ഇസ്ലാമിക ഭീകര സംഘങ്ങളാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനം നടത്തിയിരുന്ന ഒമ്പതു സംഘടനകളും നക്സല്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്ന ആറു ഭീകര സംഘങ്ങളും അഞ്ചു സിക്ക് ഭീകരസംഘങ്ങളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പെടുന്നു.

മാനവികത വളരട്ടെ

ഭീകര പ്രവര്‍ത്തനം യുദ്ധത്തിനു സമാനമാണ്. ഇന്ത്യക്കെതിരെ ഭീകര പ്രവര്‍ത്തനമുണ്ടായാല്‍ ഇന്ത്യക്കെതിരായ യുദ്ധമായി പരിഗണിച്ചു തിരിച്ചടിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഭീകര പ്രവര്‍ത്തനവും ആക്രമണവും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ ആക്രമണം തന്നെയാണ്.
ചോരപ്പുഴയൊഴുക്കി അധികാരവും സമ്പത്തും പിടിച്ചടക്കാമെന്ന സ്വാര്‍ത്ഥ മോഹങ്ങളാണ് വിഘടനാവാദത്തിനും തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനുമെല്ലാം പിറകിലുള്ളത്. വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ രാജ്യവിരുദ്ധരാകുന്നവരെ ഒറ്റപ്പെടുത്തുകയും ചെറുക്കുകയും ചെയ്യേണ്ടതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. മാനവികതയുടെ സംസ്‌കാരമാണു നാം വളര്‍ത്തേണ്ടത്. കൂട്ടക്കുരുതിയും യുദ്ധവും ആരും ആഗ്രഹിക്കുന്നില്ല. ശാന്തിയും സമാധാനവും പുലരണമെന്നാണ് വിവേകമുള്ള മനുഷ്യരുടെ ആഗ്രഹം.

ചേര്‍ത്തു നിര്‍ത്താം

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വര്‍ഗമാണു കശ്മീര്‍. ലോകം കോവിഡ് മുക്തമായതിനുശേഷം 2022 ല്‍ 1.85 കോടി വിനോദസഞ്ചാരികളാണു കശ്മീര്‍ സന്ദര്‍ശിച്ചത്. ഇക്കഴിഞ്ഞ വര്‍ഷം രണ്ടര കോടിയോളം സഞ്ചാരികള്‍ ശ്രീനഗറിലെത്തി. ഭീമമായ വര്‍ധന. വിനോദസഞ്ചാരികളില്‍നിന്നു ലഭിക്കുന്ന പണമാണ് കശ്മീരിലുള്ള ജനങ്ങളുടെ വരുമാന മാര്‍ഗം. അതു തല്ലിത്തകര്‍ത്ത് കശ്മീരിലെ ജനങ്ങളെ ഒറ്റപ്പെടുത്തുകയാണു പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരുടെ ലക്ഷ്യം.
കാഷ്മീരിലെ ജനങ്ങള്‍ എത്രയോ നല്ലവരാണ്. അഞ്ചു മാസം മുമ്പ് ശ്രീനഗറും പഹല്‍ഗാമും ജമ്മുവും അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എനിക്കു നല്ല ബോധ്യമുണ്ട്. വിനോദ സഞ്ചാരികള്‍ക്കു സേവനം നല്‍കി ലഭിക്കുന്ന വരുമാനമാണ് അവരുടെ ജീവനോപാധി. കുതിരക്കാര്‍, ടാക്സി ഡ്രൈവര്‍മാര്‍, ഗൈഡുമാര്‍, ദാല്‍ തടാകത്തിലെ ഷിക്കാര വള്ളക്കാര്‍, ചായക്കച്ചവടക്കാര്‍, ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പണിയെടുക്കുന്നവര്‍, ചെറുകിട വ്യാപാരികള്‍, ചെമ്മരിയാടുകളെ വളര്‍ത്തുന്നവര്‍, അവയുടെ രോമം ശേഖരിച്ചു നെയ്ത്തു നടത്തുന്നവര്‍, കുങ്കുമപ്പൂവും ആപ്പിളും വാള്‍നട്ടും കൃഷി ചെയ്യുന്നവര്‍, കരകൗശല വസ്തുക്കള്‍ തയാറാക്കുകയും വില്‍ക്കുകയും ചെയ്യുന്നവര്‍ … അങ്ങനെയങ്ങനെ അനേകര്‍. ഇക്കൂട്ടര്‍ക്ക് ഇനി പട്ടിണിയുടെ നാളുകളാണ്.
ഭീകരാക്രമണത്തിനുശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ കശ്മീരിനെതിരേ ഒരുകൂട്ടര്‍ വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടു. ‘കശ്മീരിനെ ബഹിഷ്‌കരിക്കൂ… ഒറ്റപ്പെടുത്തൂ’ എന്ന രാജ്യവിരുദ്ധമായ പ്രചാരണം. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ പ്രദേശമാണ്. ഭീകരരെ ചെറുക്കുകയും നിഗ്രഹിക്കുകയും ചെയ്യുന്നതിനൊപ്പം കശ്മീരിനേയും അവിടത്തെ ജനങ്ങളേയും ചേര്‍ത്തുനിര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ രാജ്യസ്നേഹിയുടേയും ഉത്തരവാദിത്വമാണ്.

Highlights: ‘May 21 is Anti-Terrorism Day, India is part of a global campaign against terrorist attacks’

error: