ഏത് ഭാഷക്കാരോടും സംസാരിക്കാം; ഗൂഗിൾ മീറ്റിൽ തത്സമയ ഓഡിയോ ട്രാൻസ്‌ലേഷൻ ഫീച്ചർ അവതരിപ്പിച്ചു
ജെമിനൈ എഐയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും അധിഷ്ഠിതമായ നിരവധി പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ I/O ഡെവലപ്പര്‍ കോണ്‍ഫറന്‍സിലെ ആമുഖ പ്രഭാഷണത്തില്‍ ഗൂഗിള്‍ നടത്തിയത്. അതില്‍ ആകര്‍ഷകമായ ഒന്നാണ് ഗൂഗിള്‍ മീറ്റില്‍ അവതരിപ്പിച്ച എഐ അധിഷ്ഠിത ശബ്ദ വിവര്‍ത്തന സംവിധാനം. രണ്ട് ഭാഷ സംസാരിക്കുന്നവര്‍ തമ്മില്‍ ഭാഷയുടെ തടസമില്ലാതെ ആശയവിനിമയം നടത്താന്‍ ഈ സംവിധാനം സഹായിക്കും. വ്യത്യസ്ത ഭാഷയിലുള്ള സംഭാഷണങ്ങള്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ തത്സമയം തർജ്ജമ ചെയ്യാനും ഇതുവഴി സാധിക്കും.
ഇതിന്റെ ഒരു മാതൃക സുന്ദര്‍ പിച്ചൈ ഗൂഗിള്‍ I/O വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഇത് കേവലം തർജ്ജമ ചെയ്ത സംഭാഷണങ്ങള്‍ സബ്‌ടൈറ്റിലായി സ്‌ക്രീനില്‍ കാണിക്കുന്ന ഫീച്ചര്‍ അല്ല, മറിച്ച് സംസാരിക്കുന്നയാളിന്റെ ശബ്ദം അതിന്റെ യഥാർത്ഥ സ്വരം, ഭാവം, ശൈലി എന്നിവ മാറാതെ മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇതിന് സാധിക്കും.’ സുന്ദര്‍ പിച്ചൈ പറഞ്ഞു. ജെമിനൈ എഐ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
സംസാരിക്കുന്നയാളിന്റെ ശബ്ദം തന്നെയായിരിക്കും മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ശബ്ദവും. അതായത് നിങ്ങള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ മറുവശത്തുള്ളയാള്‍ക്ക് അയാള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശബ്ദത്തില്‍ തന്നെ കേള്‍ക്കാൻ കഴിയും. സാധാരണ ടെക്‌സ്റ്റ് ടു സ്പീച്ച് ഔട്ട്പുട്ട് പോലെ അത് യാന്ത്രികമായി തോന്നുകയുമില്ല. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ സംസാരിക്കുന്ന രണ്ട് പേര്‍ തമ്മിലുള്ള ഗൂഗിള്‍ മീറ്റ് സംഭാഷണമാണ് കമ്പനി വേദിയില്‍ പ്രദര്‍ശിപ്പിച്ചത്.
റിയല്‍ടൈം ഓഡിയോ ട്രാൻസ്‌ലേഷൻ ടൂളിന്റെ ബീറ്റാ പതിപ്പ് ഗൂഗിള്‍ എഐ പ്രോ, അള്‍ട്രാ പ്ലാനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കാണ് ലഭ്യമാക്കുക. തുടക്കത്തില്‍ ഇംഗ്ലീഷ് സ്പാനിഷ് ഭാഷകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഭാഷകള്‍ ലഭ്യമാക്കിയേക്കും. വര്‍ക്ക്‌സ്‌പേസ് ഉപഭോക്താക്കള്‍ക്കായി ഈ ഫീച്ചര്‍ പരീക്ഷിച്ചുവരികയാണെന്ന് ഗൂഗിള്‍ പറഞ്ഞു. എന്റര്‍പ്രൈസ് പതിപ്പുകളുടെ പരീക്ഷണം അടുത്ത വര്‍ഷം ആരംഭിച്ചേക്കും. ജി-മെയിലില്‍ പുതിയ സ്മാർട്ട് റിപ്ലൈ ഫീച്ചറും കമ്പനി അവതരിപ്പിച്ചു. ഇമെയില്‍ സന്ദേശത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് എഐയുടെ സഹായത്തോടെ മറുപടി തയ്യാറാക്കാന്‍ ഇത് സഹായിക്കും.
Highlights: You can talk to people of any language; Google Meet introduces live audio translation feature from