KeralaTop Stories

സ്മാർട് റോഡ് ഉദ്ഘാടന വിവാദം; വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്; ‘പിൻമാറിയത് അനാരോഗ്യം മൂലം’

തിരുവനന്തപുരം: സ്മാർട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി ഉദ്ഘാടനത്തിൽ നിന്ന് മാറിയത് ആരോഗ്യ കാരണങ്ങളാലാണെന്ന് കുറിപ്പിൽ പറയുന്നു. വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും കുറിപ്പിൽ വ്യക്തമാക്കി.

മെയ് 16ന് മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്‌ഘാടനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിൻ്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

Highlights: Smart road inauguration controversy; CM’s office denies news; “Withdrew due to ill health”

error: