Kerala

‘നിലപാട് വ്യക്തമാക്കിയതാണ്, പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും’; ദേശീയപാത വിള്ളലിൽ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം(Thiruvanathapuram) : നിർമാണത്തിലുള്ള ദേശീയപാത 66ൽ പലയിടങ്ങളിലും വിള്ളലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലപാട് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മന്ത്രി പറഞ്ഞു.

സ്വന്തം ( യുഡിഎഫ് ) ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയാണ് ദേശീയപാത വികസനം. ഈ പദ്ധതിയെ തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ യുഡിഎഫ് പൂർത്തീകരണ ഘട്ടത്തിൽ ഈ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാര്‍ത്ത അറിഞ്ഞയുടന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ടിരുന്നെന്നും പത്രസമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്‌നിക്കല്‍ ടീം ഫീല്‍ഡില്‍ പരിശോധന നടത്തി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. മലപ്പുറം കൂരിയാട് ദേശീയപാതയും ഇടിഞ്ഞ് താണിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിള്ളൽ കണ്ടെത്തിയ ഭാഗം അധികൃതർ ടാറിട്ട് മൂടിയിരുന്നു.

കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലുമാണ് വിള്ളൽ രൂപപ്പെട്ടത്. വിള്ളൽ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് നൂറ് മീറ്റർ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

Highlights: PA Muhammad Riyas on Highway issues kerala

error: