അന്വേഷണ ഏജൻസിയെ നീതിപീഠം സംശയിക്കുമ്പോൾ
രാജ്യത്തിൻ്റെ നീതി സംരക്ഷണ സംവിധാനത്തിലെ ഏറ്റവും സുതാര്യവും നീതിയുക്തവുമായ അന്വേഷണ ഏജൻസിയാണ് ഇ.ഡി. എന്നാൽ കുറേ കാലമായി ഇ.ഡി യുടെ വിശ്വാസ്യത നിരന്തരം സംശയത്തിൻ്റെ നിഴലിലാവുന്നുണ്ട്. അതിനെ ശരിവെയ്ക്കുന്നതും ബലപ്പെടുത്തുന്നതുമായ നിരീക്ഷണമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്.
ഭരണഘടനയിൽ അനുശാസിക്കുന്നതായ ഫെഡറൽ തത്വങ്ങളെ പരിപൂർണ്ണമായി അവഗണിച്ച് സംസ്ഥാനങ്ങളിലെ കേസുകളിൽ വഴിവിട്ട താൽപ്പര്യവും ജാഗ്രതയും ആവേശവും കാണിച്ച് ഇ.ഡി അതിരുകൾ ലംഘിക്കുന്നുവെന്ന അത്യന്തം ഗുരുതരമായ ആരോപണവും നിരീക്ഷണവും ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജും അടങ്ങിയ ബെഞ്ചിൻ്റെ നിരീക്ഷണം.
തമിഴ്നാട് സർക്കാരിൻ്റെ ഔദ്യോഗിക മദ്യവിൽപ്പന കേന്ദ്രമായ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ് മാക്) സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്നതുമായ ബന്ധപ്പെട്ടാണ് ഇ.ഡി സംഘം റെയ്ഡുകൾ നടത്തിയത്. തമിഴ്നാട് സർക്കാർ തന്നെ 41-ഓളം എഫ്.ആറുകൾ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിച്ച വരുന്ന സാഹചര്യം നിലനിൽക്കെയാണ് ടാസ്മാക് ഹെഡ് ഓഫീസിൽ റെയ്ഡ് പരമ്പര നടത്തി, ഇ.ഡി രേഖകൾ പിടിച്ചെടുക്കുന്ന സംഭവം ഉണ്ടായത്. പരിധികൾ ലംഘിച്ചു കൊണ്ടുള്ള ആസ്ഥാനത്തെ ഇ.ഡി ഇടപെടലിനെ മൂന്ന് തവണയാണ് കോടതി ചൂണ്ടിക്കാട്ടി നടപടികൾ സ്റ്റേ ചെയ്തത്.
ആയിരം കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്ന് ഇ.ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചുവെങ്കിലും കോടതി അത് കണക്കിലെടുത്തില്ല. ഇ.ഡി റെയ്ഡുകളെ ചോദ്യം ചെയ്തു തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജികളിലാണ് കോടതി സുപ്രധാനമായ വാക്കുകൾ ഉണ്ടായത്.
അടുത്ത കാലത്തായി മോദി ഭരണം നിലവിൽ വന്നാൾ മുതൽ ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കുന്നതും മുഖ്യമന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും കൈപ്പിടിയിലാക്കുന്നതും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചാണ്. രാജ്യത്തിൻ്റെ കാവലും കരുത്തുമായി കാലങ്ങളായി നിലനിന്ന സംവിധാനം ഒരു പാർട്ടിയുടെ റിക്രൂട്ടിംഗ് എജൻസിയായി മാറിയെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുക കൂടിയാണ് നീതിപീഠമുയർത്തുന്ന സംശയം.
ജനങ്ങൾക്ക് നിയമ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുത്തുന്ന ആശങ്ക ജനകമായ സംഭവമാണിത്. രാഷ്ട്രീയ നേതൃത്വത്തിൻ്റെ പിണിയാളുകൾ സത്യം കണ്ടെത്തുകയും തെളിയിക്കുകയും സംരക്ഷിക്കേണ്ടവരുമായവർ പ്രവർത്തിക്കുമ്പോൾ എന്തായിരുക്കും ഭാവിയിലെ ഈ നാടിൻ്റെ അവസ്ഥ. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിൽ കേസൊതുക്കി തീർക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയോട് ശേഖർ കുമാർ എന്ന ഇ.ഡി അഡീഷണൽ ഡയറക്ടർ കൈക്കുലി ആവശ്യപ്പെട്ട വിവരം പുറത്ത് വന്നതും സംസ്ഥാന വിജിലിൻസ് ചരിത്രത്തിലാദ്യമായി ഇ.ഡി ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തതും.
നീതി നിർവഹണ സംവിധാനങ്ങളും അന്വേഷണ എജൻസികളും എക്കാലവും സത്യസന്ധവും സുതാര്യവുമായിരിക്കണം. പദവികളിലിരിക്കുന്നവർ വ്യക്തികളാണെങ്കിലും ആ പദവിയുടെ സവിശേഷതയുണ്ട്. വ്യക്തിയെന്നതിലുപരിയാണ്, അതിൽ കറ വീണാൽ, നീതിയുടെ വെളിച്ചം അണഞ്ഞാൽ രാജ്യമാകെ ഇരുട്ട് പരക്കും.