വീണ്ടും തുർക്കിയിലെത്തി എർദോഗന് നന്ദി അറിയിച്ച് പാക് പ്രധാനമന്ത്രി
ഇസ്തംബൂൾ(Istanbul): ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന് ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ചർച്ച നടത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തുർക്കിയിലെത്തിയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എർദോഗാനെ കണ്ടത്. ഇന്ത്യയ്ക്കെതിരായ സംഘർഷത്തിൽ പാകിസ്ഥാന് ദൃഢമായ പിന്തുണ നൽകിയതിൽ ഷെഹ്ബാസ് എർദോഗാന് നന്ദി പറഞ്ഞു. എന്റെ പ്രിയ സഹോദരൻ പ്രസിഡന്റ് റെസെപ് തയിപ്പ് എർദോഗനെ ഇസ്താംബൂളിൽ വെച്ച് കാണാൻ ഭാഗ്യം ലഭിച്ചു. അടുത്തിടെയുണ്ടായ പാകിസ്ഥാൻ-ഇന്ത്യ സംഘർഷത്തിൽ പാകിസ്ഥാന് നൽകിയ ദൃഢമായ പിന്തുണയ്ക്ക് നന്ദി- എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി എക്സിൽ എഴുതി.
വ്യാപാരത്തിലും നിക്ഷേപത്തിലുമടക്കം ബഹുമുഖ ഉഭയകക്ഷി ഇടപെടലുകളുടെ പുരോഗതി അവലോകനം ചെയ്തു. സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അചഞ്ചലമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ നടപടി സ്വീകരിക്കും. പാകിസ്ഥാൻ തുർക്കി സൗഹൃദം നീണാൾ വാഴട്ടെയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജം, വ്യാപാരം, ഗതാഗതം, പ്രതിരോധ മേഖലകളിൽ ശക്തിപ്പെടുത്തുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് തുർക്കി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
Highlights: ‘Thank you, my dear brother’; Pakistan Prime Minister thanks Erdogan after returning to Turkey