Special Features

“വിദ്യയുടെ വാതായനങ്ങൾ തുറന്ന് പ്രതീക്ഷയുടെ ചിറകിലുയരാൻ മറ്റൊരു അധ്യയനവർഷം വരവായി”

റ്റോജോമോൻ ജോസഫ്
മരിയാപുരം

പുത്തനുടുപ്പും ബാഗും പുതുകുടയുമൊക്കെയായി പുഞ്ചിരിച്ചേലിൽ അറിവിൻ്റെ തിലകക്കുറി ചാർത്താൻ അക്ഷരമേട്ടിലേക്കു പിച്ചവച്ചു കയറുന്ന കുരുന്നുകൾക്കും മോഹവർണ്ണങ്ങൾ ചാലിച്ചു പ്രതീക്ഷയുടെ കുടനിവർത്തി തെല്ലൊരുൽക്കണ്ഠയോടും.

ആകാംഷയോടും ഒരിടവേളയ്ക്കുശേഷം വിദ്യാലയകവാടം തുറക്കുന്ന മുതിർന്നകുട്ടികൾക്കും ഹൃദയപൂർവ്വം പുതിയ അധ്യയനവർഷത്തിൽ വിജയാശംസകൾ നേരുന്നു.
ഇന്നത്തെ വിദ്യഭ്യാസമാണ് നാളത്തെ സമൂഹത്തെ വാർത്തെടുക്കുന്നത്. കുട്ടികളുടെ മനസ്സിൽ സ്നേഹത്തിൻ്റെ, ദയയുടെ ഒരു തുള്ളി മധുകണം ഇറ്റുവീഴുമ്പോൾ ഭാവിസമൂഹത്തിൽ കരുണയുടെ കടലാണ് രൂപപ്പെടുന്നത്. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ ആപ്തവാക്യം.

മാതാവിനും പിതാവിനുമൊപ്പം ഗുരുവിന് ഉദാത്തമായ സ്ഥാനം കൊടുക്കണം. ഗുരുവാണ് ഏതൊരാൾക്കും അറിവിൻ്റെ വെളിച്ചം പകരുന്നത്. “ഗു” എന്ന അക്ഷരത്തിന് ഇരുട്ടെന്നർത്ഥമുണ്ട്. “രു” എന്നാൽ ഇല്ലാതാക്കുന്നവൻ. അജ്ഞതയെന്ന ഇരുട്ടിനെ ഇല്ലാതാക്കി അറിവിൻ്റെ വെളിച്ചം സമൂഹത്തിൽ തെളിക്കുന്നവനാണ് യഥാർത്ഥ ഗുരു. അധ്യാപകരെ ആദരിക്കുവാനും അനുസരിക്കുവാനും വിദ്യാർഥികളും സമൂഹവും സന്നദ്ധമാകണം.

അതിനനുയോജ്യമായ വിധത്തിൽ അധ്യാപകർ ജനകീയരായി ജീവിക്കുകയും വേണം.
വിദ്യ അഭ്യസിക്കുന്നതോടൊപ്പം മനുഷ്യനിലെ മനുഷ്യത്വത്തെ കണ്ടെത്തുന്നതിനും വ്യക്തിത്വവികസനത്തിനുമുള്ള മാധ്യമം കൂടിയാവണം വിദ്യാഭ്യാസം. വിദ്യയും ചിന്തയും പരസ്പരം പൂരകങ്ങളാണെന്നു നമുക്കറിയാം. ദഹിക്കാത്ത ഭക്ഷണം പോലെ ചിന്തയില്ലാത്ത അറിവും മാരകമാണ്. ആർജ്ജിക്കുന്ന അറിവുകൾ പ്രായോഗികമാക്കുവാൻ കുട്ടികൾക്കു സാധിക്കണം.
ഇന്നു നാം നേരിടുന്ന സങ്കീർണ്ണ പ്രശ്നങ്ങളിലൊന്ന് വിദ്യ വിളയേണ്ട വിദ്യാലയങ്ങളും കലാലയങ്ങളും ലഹരികളുടെ വിളനിലമായി മാറുന്നു എന്നതാണ്.

നാം മനസ്സിൽ മുളപ്പിച്ച സ്വപ്നങ്ങൾ നുള്ളിക്കളയുന്ന ഇത്തരം ലഹരിവസ്തുക്കളെ വിദ്യാലയങ്ങളിൽ നിന്നും അകറ്റിനിർത്തുവാൻ നമുക്ക് പരിശ്രമിക്കാം. അതിന് അധ്യാപകരുടേയും മാതാപിതാക്കളുടേയും കുട്ടികളുടേയും കൂട്ടായ പ്രയത്നങ്ങൾ അനിവാര്യമാണ്. ഓർക്കുക മക്കളേ, നിശബ്ദ കൊലയാളിയായ ലഹരികളും അതിനു തിരക്കഥ തീർക്കുന്ന പിന്നാമ്പുറക്കാരും അമർച്ച ചെയ്യുന്നതു നിങ്ങളുടെ ജീവിതം മാത്രമല്ല, മറിച്ച് നിങ്ങളെയോർത്തു മനസ്സിൽ മഴവില്ലു വിരിയിച്ച പലരുടേയും സുന്ദരസ്വപ്നങ്ങളുമാണ്.

നിങ്ങളെയോർത്തഭിമാനിക്കുന്ന അവരുടെ മിഴികളും മനസ്സും കണ്ണീർക്കയത്തിൽ മുങ്ങാൻ ഇടയാവാതിരിക്കട്ടെ.
പുതിയ അധ്യയന വർഷത്തിൽ പുതുമയോടെ നമുക്കു തുടങ്ങാം. കളിയും ചിരിയും എഴുത്തും വായനയുമൊക്കെയായി അറിവിൻ്റെ നിറക്കൂട്ട് നിറക്കാം. വിദ്യലയത്തിലെ ഓരോ നിമിഷങ്ങളും അസ്വദിച്ചു നീങ്ങാം. എന്തും ഏതും വിരൽത്തുമ്പിൽ കിട്ടുന്ന ആധുനികതയുടെ മാസ്മരികവലയത്തിൽ ഒറ്റപ്പെട്ടുഴറാതെ നല്ല സൗഹൃദങ്ങൾ നമുക്കു മെനഞ്ഞെടുക്കാം.

നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, പരിഭവങ്ങൾ, സങ്കടങ്ങൾ ഒക്കേയും പങ്കുവയ്ക്കുവാൻ പാകത്തിൽ മാതാപിതാക്കളുമായും അധ്യാപകരുമായും സുഹൃത്തുക്കളുമായും നല്ല ബന്ധങ്ങൾ തളിർപ്പിക്കാം. ഞാനും നിങ്ങളും ഇന്നു കൂട്ടുകൂടുന്ന കണ്ണും കാതുമില്ലാത്ത ഡിജിറ്റൽ ഗാഡ്ജറ്റുകൾ പ്രതിസന്ധികളിൽ നമ്മുടെ കൂടെയുണ്ടാകില്ല. നമ്മുടെ സാമൂഹികജീവിതത്തിനു തുരങ്കംവച്ച് ഇടുങ്ങിയ ചിന്താഗതിയിലേക്കു നയിക്കുന്ന ഇത്തരം ഡിജിറ്റൽ മീഡിയാകളുടെ, പ്രത്യേകിച്ചും സ്മാർട്ട് ഫോണുകളുടെ അമിതോപയോഗം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

അറിവുനേടുന്നതോടൊപ്പം നല്ല മനുഷ്യരാകാനും നമുക്കു പരിശ്രമിക്കാം. നന്മയുടെ വിഹായസിൽ ചിറകടിച്ചുയരാം. ഓർമ്മകളിൽ ഓമനിക്കാവുന്ന ഒരു നല്ല അധ്യയനവർഷം എല്ലാവർക്കും നേരുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Highlights: Another academic year has arrived, opening the doors of education and soaring on the wings of hope.

error: