അനക്കമില്ലാതെ റബര്‍ വില, ടയര്‍ കമ്പനികള്‍ക്കും ശോക കാലം
സംസ്ഥാനത്ത് ഉൽപാദനം നേര്‍പകുതിയായി ചുരുങ്ങിയിട്ടും റബര്‍വിലയ്ക്ക് അനക്കമില്ല. രാജ്യാന്തര വില ഭേദപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കാര്യമായ നേട്ടം കിട്ടാത്ത അവസ്ഥയാണ്. ആര്.എസ്.എസ്4ന് കേരളത്തിലെ ഉയര്‍ന്ന വില കിലോഗ്രാമിന് 188-191 രൂപയാണ്. രാജ്യാന്തര തലത്തിലിത് 210 രൂപയ്ക്ക് മുകളിലാണ്.
വേനല്‍ കടുത്തതോടെ ഒരുവിധം തോട്ടങ്ങളില്‍ ടാപ്പിംഗ് നിറുത്തിവച്ചിരിക്കുകയാണ്. ടാപ്പിംഗ് തുടരുന്നിടങ്ങളിലാകട്ടെ ഉൽപാദനം നാമമാത്രവും. കാര്യമായി വേനല്‍മഴ ലഭിച്ചശേഷമാകും ഇനി ടാപ്പിംഗ് പുനരാരംഭിക്കുക. വില കാര്യമായ ഉയരാത്തതോടെ വലിയ തോട്ടങ്ങള്‍ ടാപ്പിംഗ് താല്‍ക്കാലിക ഇടവേള നല്‍കിയിരിക്കുകയാണ്.
സാധാരണ ഉൽപാദനം കുറഞ്ഞ ഈ സമയങ്ങളില്‍ വില ഉയരേണ്ടതാണ്. എന്നാല്‍, ഉൽപാദനത്തിലെ ഇടിവിന് ആനുപാതികമായി വില കൂടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ടയര്‍ കമ്പനികള്‍ വിപണിയില്‍ കാര്യമായ താൽപര്യം കാണിക്കാത്തതാണ് വില താഴ്ന്നു നില്ക്കാന് കാരണം.