Business

ഉടൻ വരുന്നു 503 കുട്ടി ബസുകൾ, 2,000 പേർക്ക് തൊഴിലവസരവും

ഗ്രാമപ്രദേശങ്ങളിൽ ഫസ്റ്റ്, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനായി മിനി ബസുകൾ അവതരിപ്പിക്കാൻ തയാറെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഏതൊക്കെ റൂട്ടുകളിലാണ് മിനി ബസുകൾ സർവീസ് നടത്തേണ്ടതെന്ന് എം.വി.ഡി കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഗ്രാമപ്രദേശങ്ങളിലെയും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെയും ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി ബസുകൾ അവതരിപ്പിക്കുന്നത്.

തെരഞ്ഞെടുത്ത ഓരോ റൂട്ടിലും സർവീസ് നടത്തുന്നതിന് കുറഞ്ഞത് രണ്ട് ബസുകൾക്കെങ്കിലും “ലൈസൻസ്” നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും ഈ റൂട്ടുകളിൽ സർവീസുകൾ നടത്തും. മത്സരം ഒഴിവാക്കുന്നതിനും ഓപ്പറേറ്റർമാർക്ക് റൂട്ടുകൾ ലാഭകരമാണെന്ന് ഉറപ്പാക്കുന്നതിനും അധിക പെർമിറ്റുകൾ അനുവദിക്കില്ല.

പരമാവധി 25 ലക്ഷം രൂപ വിലയുള്ളതും ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്തതുമായ ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കൂടുതൽ യാത്രക്കാർ ഉൾക്കൊളളാൻ സാധിക്കാത്ത മിനി ബസുകൾ അവതരിപ്പിക്കുന്നതിലൂടെ താരതമ്യേന തിരക്ക് കുറഞ്ഞ ഗ്രാമപ്രദേശങ്ങളിലെ റൂട്ടുകളിൽ ആവശ്യത്തിന് ഗതാഗത സൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.

കൂടാതെ ഇത്തരം ബസുകളിലൂടെ ഓപ്പറേറ്റർമാർക്ക് വലിയ നഷ്ടം കൂടാതെ സർവീസുകൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ ലഭിക്കുന്നതായിരിക്കും നടപടി.

error: