സിപിഎമ്മിന് നയം മാറുന്നു
ശൂരനാട് രക്തസാക്ഷികളുടെ ധീരസ്മരണകൾ ആർത്തലയ്ക്കുന്ന കൊല്ലത്ത് സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം പുരോഗമിക്കുകയാണ്. രാഷ്ട്രീയ കേരളം കാത്തിരുന്ന സി.പി.എമ്മിന്റെ നയരേഖ സംസ്ഥാന മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ കഴിഞ്ഞദിവസം അവതരിപ്പിച്ചു കഴിഞ്ഞു. ഇതിൽ ഇന്ന് സമ്മേളനം ചർച്ചയിലേക്ക് കടക്കും.
ഇന്നാൾ വരെ പുലർത്തി പോന്ന നിഷ്ഠകളെയും നിലപാടുകളെയും സമ്പൂർണ്ണമായ പൊളിച്ചെഴുത്തിന് വിധേയമാക്കുന്നതാണ് പിണറായി അവതരിപ്പിച്ച രാഷ്ട്രീയ നയരേഖയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. എല്ലാ രീതിയിലും സജീവമായ ശ്രദ്ധയാണ് ചരിത്രപരമായ അടയാളപ്പെടുത്തലുകളാണ് സി.പി.എമ്മിന്റെ കൊല്ലം സമ്മേളനം സംഭാവന ചെയ്യുന്നത്.
1985-ൽ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ എം.വി രാഘവൻ അവതരിപ്പിച്ച ബദൽരേഖ മുസ്ലിം ലീഗിനെയും കേരള കോൺഗ്രസിനെയും ഒപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു ചർച്ചകൾക്കും ഇടനൽക്കാതെ പാർട്ടി ആ രേഖ തള്ളുകയാണ് ഉണ്ടായത്. അത് രാഷ്ട്രീയ നയരേഖയായിരുന്നു. കാലാന്തരത്തിൽ എം.വി.ആർ ഓർമ്മയായെങ്കിലും കേരള രാഷ്ട്രീയത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും മായാത്ത മങ്ങാത്ത മുദ്രയായി ബദൽ രേഖ സമ്മേളന കാലങ്ങളിൽ വാർത്തകളിൽ നിറയുന്നുണ്ട്.
രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയുടെ കയറ്റിറക്കങ്ങളിൽ കേരള കോൺഗ്രസ് എൽ.ഡി.എഫിന്റെ ഭാഗമായി, മുസ്ലിംലീഗിനോട് അകമഴിഞ്ഞ താല്പര്യവും വിധേയത്തവും പരസ്യമായും രഹസ്യമായും പാർട്ടി പ്രകടിപ്പിക്കുന്നുമുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടിൽ മാത്രമല്ല വികസനപരമായ നിലപാടുകളിലും ഒരു തിരുത്തലിന് സി.പി.എമ്മിന്റെ കേരള ഘടകം തയ്യാറെടുക്കുന്ന കാഴ്ചയാണ് ഈ സമ്മേളന കാലത്തിന്റെ ഹൈലൈറ്റ്.
സ്വകാര്യവൽക്കരണത്തെയും ആഗോളവൽക്കരണത്തെയും വിദ്യഭ്യാസ മേഖലയിലെ വിദേശനിക്ഷേപങ്ങളെയും നവ ലിബറൽ മൂലധന നിക്ഷേപങ്ങളെയും നഖശിഖാന്തം എതിർത്ത രാഷ്ട്രീയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും വ്യതിചലനമാണ് കൊല്ലം സമ്മേളനത്തിലൂടെ മലയാളികൾ കാണുന്നത്, കേൾക്കുന്നത്.
സോഷ്യലിസ്റ്റ് സാമ്പത്തിക നയരേഖയിലൂടെ മൂന്നര പതിറ്റാണ്ടുകാലത്തെ സമാനതകളില്ലാത്ത എതിർപ്പിനാണ് തിരശ്ശീല വീഴുന്നത്. പക്ഷേ, സമരങ്ങളിലൂടെയും സാങ്കേതികമായും എതിർത്തു പോന്ന പദ്ധതികളെ ആശയങ്ങളെ വീണ്ടും ചേർത്തു പിടിക്കുമ്പോൾ സി.പി.എം കാലത്തിനൊപ്പം നടക്കുകയാണോ അതോ കാലത്തിന്റെ കാവ്യനീതിക്ക് മുന്നിൽ കൊടിപ്പടം താഴ്ത്തുകയാണോയെന്ന ചോദ്യമുയരുന്നുണ്ട്. നഷ്ടപ്പെടുത്തിയ ഇന്നലെകളെ കുറിച്ച് മാത്രമല്ല, ഇന്നിലെ മാറ്റത്തെ കുറിച്ചും പൊതുസമൂഹത്തിന് ബോധ്യപ്പെടേണ്ട മറുപടികൾ വേണ്ടതുണ്ട്.
അതിവേഗത്തിലാണ് കാലത്തിന്റെ യാത്ര. വർത്തമാനകാലം നോക്കിയിരിക്കെ അത്ഭുതമൂറുന്ന വിധം വളരുകയാണ്. എ.ഐ സാങ്കേതിക വിദ്യയുടെ കാലത്തെത്തിയിരിക്കുന്നു. സ്വാഭാവികമായ മാറ്റം വളർച്ചയുടേത് കൂടിയാണ്. വളർച്ചയെയും വികാസത്തെയും കാണാതെ നാടിന്റെ മാറ്റത്തിന് വേണ്ടി നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് പോകാനാവില്ലെന്നത് യാഥാർഥ്യമാണ്. ഈ തിരിച്ചറിവ് ബോധ്യപ്പെടുന്നുവെങ്കിൽ സ്വാഗതാർഹമാണ്.
മൂലധന നിക്ഷേപത്തിൽ പോലും ഇതുവരെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉയർത്തിപ്പിടിച്ച പൊതുധാരണകളെ തിരുത്തുന്നതാണ് പിണറായി വിജയൻ അയച്ച നവകേരളത്തിനുള്ള നയരേഖയിൽ വിശദീകരിക്കുന്നത്. അതു കൊണ്ടുതന്നെ പുതിയകാലത്ത് പുതിയ കമ്മ്യൂണിസ്റ്റ് രീതിയാണോ സി.പി.എം മുന്നോട്ട് വെക്കുന്നതെന്നതും ഈ സമ്മേളനമുയർത്തുന്ന സംശയമാണ്.