കാമ്പസുകളിലെ ലഹരിക്കോട്ടകളെ തകർക്കണം
Content
സംസ്ഥാന വ്യാപകമായി ലഹരി മാഫിയ പിടിമുറുക്കിരിക്കുകയാണ്. മഞ്ഞുമലയുടെ ഒരറ്റം മാത്രമേ പലയിടങ്ങളിൽ നിന്നാൽ ഒടുവിൽ കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കണ്ടെത്താൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടുള്ളൂ. അറിവിന്റെ തിരുമധുരം നുകരേണ്ടതും സർഗാത്മകതയുടെയും ആശയ സംവാദങ്ങളുടെയും നിറവേദികളാകേണ്ടതുമായ കലാലയങ്ങൾ കലാപാലയങ്ങളായി മാറുന്നത് പുതിയ കാലത്തിന്റെ ഏറ്റവും ഭീകരമായ വേദനയും ആശങ്കയുമാണ്. ഒട്ടനവധി പ്രതീക്ഷകളുടെ സ്വപ്നങ്ങളുടെ കണ്ണികളാണ് ചിതറി പോകുന്നത്. താൽക്കാലികമായ ലഹരിയിൽ നിന്ന് ലഭിക്കുന്ന മായിക ലോകത്തിൻ്റെ വിശാലതയിൽ അഭിരമിക്കുന്ന തലമുറ. രാജ്യത്തിന് ഭാരവും ശാപവുമാണ്. ഉറവ വറ്റാത്ത സ്നേഹത്തിന്റെ അരുവി പോലെ ഒഴുകി പരന്നിരുന്ന മനുഷ്യസ്നേഹത്തിന്റെ മഹാനദികൾ പരസ്പരമുള്ള സ്നേഹബന്ധങ്ങൾ, ഐക്യം, സഹവർത്തിത്വം, സാഹോദര്യം ഇതിനെല്ലാം ആധുനിക കാലത്തിൻ്റെ വേലിക്കെട്ടുകൾ അതിർത്തി നിർണയിച്ചത് മുതലാണ് ഇത്രമേൽ ഊഷരമായ മരുഭൂമിയായി തലമുറകളുടെ മനസ്സ് പുനർനിർമ്മിക്കപ്പെട്ടത്. വിദ്യാർത്ഥി സമൂഹത്തെ സമ്പൂർണ്ണമായി വരുതിയിലാക്കാൻ കഴിയുന്ന തരത്തിൽ രാസ ലഹരി സംഘങ്ങൾ കേരളത്തിന്റെ തെളിവീധികളെ കയ്യടക്കിവെച്ചു എങ്കിൽ ഒരിക്കലും തകർക്കാൻ കഴിയില്ലെന്ന് നാം അഹങ്കരിച്ച നമ്മുടെ സാമൂഹിക ജാഗ്രതയ്ക്കും ഒത്തൊരുമക്കും വൻ തകർച്ച നേരിടേണ്ടി വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ആവേശത്തോടെ പ്രസംഗിച്ചിട്ടോ വീമ്പ് പറഞ്ഞിട്ടോ കാര്യമില്ല പ്രവർത്തിയാണ് മുഖ്യം. അടിയന്തര പരിഹാരമാണ് ആവശ്യം. കൊടിയുടെ നിറത്തിലോ പിന്തുടരുന്ന പ്രത്യയ ശാസ്ത്രത്തിൻ്റെ വിശാലതയോ തപ്പി സമയം കളയാതെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മനസ്സ് നാടിൻ്റെ രാസ ലഹരിയുടെ ഭീകരതയെ അമർച്ച ചെയ്യാൻ ഉണർന്നു പ്രവർത്തിക്കണം. ലോകത്തിൻ്റെ നന്മയ്ക്ക് നാളകളിൽ ഉപയോഗപ്പെടുത്താവുന്ന വിലപ്പെട്ട തലച്ചോറാണ് ആയിരത്തിനും പതിനായിരത്തിനും ലഭിക്കുന്ന ചെറിയ പൊതികളിൽ എരിഞ്ഞുതീരുന്നത്. ഇതിനിയും നമ്മൾ അനുവദിക്കണോ. മൗനമാണ് ഉത്തരമെങ്കിൽ വീട്ടകങ്ങളിലേക്ക് അയൽപക്കങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. മകനോ, മകളോ, സഹോദരിയോ, സഹോദരനോ, ബന്ധുവോ, മിത്രമോ ആരെങ്കിലും കാണും. അവരാണ് ഇതിന് ഇരകളെങ്കിൽ മിണ്ടാതിരിക്കാൻ നിങ്ങൾക്കാകുമോ. സ്കൂളുകളിലും ക്യാമ്പസുകളിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം കാലത്തിന്റെ അനിവാര്യതയാണ്. അതിൻ്റെ മറുപടി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ദ്രോഹികളെയാണ് തുറങ്കിലടക്കേണ്ടതും വിചാരണ ചെയ്യേണ്ടതും. വിദ്യാർത്ഥികളുടെ ഭാവിയും മുൻനിർത്തി ഇത്തരം ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കാൻ മടിക്കുമ്പോൾ ഒരു വലിയ ചങ്ങലയിലെ കണ്ണി ചിലപ്പോൾ മുറുക്കുകയാകും. അതുകൊണ്ട് കാലികമായ മാറ്റങ്ങൾ ഇതിൽ വേണം. ഓപ്പറേഷൻ ഡി ഹണ്ട് ഉൾപ്പെടെയുള്ള പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണം. ഒറ്റ സെഷനിൽ ഒതുങ്ങാതെ വിപുലവും വിശാലവുമായ കർമ്മ പദ്ധതി ആവിഷ്കരിച്ച് ഫല പ്രാപ്തിയിൽ എത്തിക്കണം.