മനുഷ്യരുണരണം, ചെറുത്ത് തോൽപ്പിക്കണം
സംസ്ഥാനത്തിൻ്റെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നേരിടേണ്ടി വന്ന നിറ വിവേചനം അപമാനകരമാണ്. പുതിയ നൂറ്റാണ്ടിലും ഇത്തരം അപരിഷ്കൃതമായ മനസ്സിനുടമകളായവർ ഉണ്ടല്ലോയെന്നത് ലജ്ജാകരമാണ്. പക്ഷേ, ഇത്തരം യാഥാസ്ഥിതിക മനുഷ്യരെ പരസ്യമായി തുറന്നു കാട്ടാൻ ആർജ്ജവം കാണിച്ച ചീഫ് സെക്രട്ടറിയുടെ തുറന്നെഴുത്തിനെ അഭിവാദ്യം ചെയ്യുന്നു. പുരോഗമന കേരളം എന്ന് ആവേശം കൊള്ളുമ്പോഴും ഇത്തരം കോംപ്ലക്സുകൾ ഇപ്പോഴും മനുഷ്യ ശരീരത്തിൽ നിന്ന് ഒഴിച്ചില്ലായെന്നതാണ് വാസ്തവം. നിറത്തിന്റെയും ലിംഗത്തിൻ്റെയും വർണ്ണത്തിൻ്റെയും കുലത്തിൻ്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വ്യത്യസ്ത തട്ടുകളിൽ മാറ്റി നിർത്താൻ ശ്രമിക്കുന്ന രീതി നന്മയുടെയും സാഹോദര്യത്തിന്റെ പാരമ്പര്യവും മനസ്ഥിതിയുള്ള മലയാളിയുടെ പൊതുരീതിക്കും ഒട്ടും യോജിച്ചതല്ല. നമ്മളെല്ലാം മനുഷ്യരാണ് നമ്മുടെ തൊലിയുടെ നിറം ഏതായാലും സിരകളിൽ ഒഴുകുന്ന രക്തത്തിൻ്റെ നിറം എല്ലാവർക്കും ഒന്ന് തന്നെയാണ്. ഇത്തരം ചിന്തകളുമായി ജീവിക്കുന്നവരാണ് സമുഹത്തിൻ്റെ സാംസ്കാരിക പുരോഗതിയുടെ വിലങ്ങുതടി. സമാനതകളില്ലാത്ത നവോത്ഥന പോരാട്ടത്തിലൂടെയാണ് ഇരുളാർന്ന കെട്ട കാലത്ത് നിന്ന് ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിയത്. അവിടെ വീണ്ടും ഇത്തരം വികൃതമനോഭാവങ്ങളുമായി നാടിനെ പിന്നോട്ട് വലിക്കുന്നത് ഏതൊരാളായാലും അതിനെ ചെറുക്കേണ്ടതുണ്ട്. നാം കടന്ന് വന്ന വഴികളെ കുറിച്ച് ബോധമില്ലായ്മയാണോ അതോ? നാം നാട് കടത്തിയ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും നാടുവാഴിത്തത്തിന്റെയും ജീർണത ഉള്ളിൽ തികട്ടി വരുന്നത് കൊണ്ടാണോ? എന്തായാലും അപമാനകരം. ഇന്ത്യൻ ഭരണഘടന പൗരന് നൽകിയിരിക്കുന്ന അവകാശങ്ങളെ നഗ്നമായി ലംഘിക്കാൻ പരസ്യമായ ശ്രമങ്ങളെ കൂടി വർധിച്ചു വരുന്നതും ഈയവസരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. വർണവിവേചനത്തിനെതിരെ ധീരമായ സമരങ്ങൾ നടന്നതാണ് ലോകത്ത്. ആത്യന്തികമായി മനുഷ്യനാവാനാണ് എല്ലാവരും സജ്ജരാവേണ്ടത്. സമീപകാലത്തായി പണ്ടേ ഉഛാടനം ചെയ്ത് വിട്ട അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരികെ പടിപ്പുര കടത്തി ഉമ്മറത്തേയ്ക്ക് കൊണ്ടുവരാനുള്ള കാര്യമായ ശ്രമങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. പുതിയകാലം ജാഗ്രതയുടേത് കൂടിയാണ്. സംസ്ഥാനത്തിന്റെ ഉന്നത പദവിയിലുള്ള ഒരാൾക്ക് ഇപ്പോഴും ഇങ്ങനെ നേരിടേണ്ടി വന്നുവെങ്കിൽ സാധാരണയായൊരാൾ എത്രമാത്രം അപമാനം നേരിടുന്നുണ്ടാവും. വർണവും വർഗവും അവരവരുണ്ടാക്കിയതല്ലല്ലോ, ചെറുക്കപ്പെടേണ്ടതാണ് ഈ ചിന്തകളും അത് പങ്കുവെക്കുന്ന വ്യക്തികളോ കൂട്ടങ്ങളോ ആരായാലും. വീണ്ടും മുന്നേറ്റങ്ങളും കൂട്ടായ്മകളും നാട്ടിടവഴികളിലും കവലകളിലും ഉയരണം. തൊഴിലിന് പോലും സൗന്ദര്യം മാനദണ്ഡമാക്കുന്നത് ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോയെന്നത് ലോകത്തിന് മുന്നിൽ സാംസ്കാരികതയുടെ പേരിൽ അഭിമാനത്തോടെ നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളമാണ് അപമാനിതമാവുന്നത്. നിറമല്ല, കഴിവാണ് പ്രധാന്യം. അതാണ് അംഗീകരിക്കപ്പെട്ടത്. ചാനൽ മുറികളിലെ അവതാരകർ, റിപ്പോർട്ടർമാർ, ഓഫീസുകളിലെ എച്ച്.ആർ. ഡിപ്പാർട്ട്മെൻ്റ്, പി.ആർ.ഒ മാർ, റിസപഷനിസ്റ്റുകൾ തുടങ്ങിയ സ്ഥാനങ്ങളിൽ എല്ലാ തരം ആളുകളെ ഇപ്പോഴും പലർക്കും ധൈര്യമില്ല. നാടിനെ അപമാനിതമാക്കുന്ന ഇത്തരം സങ്കുചിത ചിന്തകളെ ജാഗ്രതയോടെ പടിക്ക് പുറത്ത് നിർത്താൻ മനുഷ്യൻ ഉണർന്നേ മതിയാകൂ.