Editorial

അന്വേഷണ ഏജൻസികൾ വിശ്വാസം കാക്കണം

കൂട്ടിലടച്ച തത്ത എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ സുപ്രീംകോടതി മുമ്പ് ഒരു വിധിപ്രസ്താവനത്തിന് അനുബന്ധമായി വിശേഷിപ്പിച്ചത്. അത് അക്ഷരംപ്രതി ശരിവെക്കുന്ന സമീപനങ്ങളും നടപടികളും ആണ് രാജ്യത്തിന്റെ സുപ്രധാന നീതി നിർവഹണ സംവിധാനമായ വിവിധ സർക്കാർ അന്വേഷണ ഏജൻസികളിൽ നിന്ന് പുറത്തുവരുന്നതും കണ്ടെത്തുന്നതും ലഭിക്കുന്നതുമായ വിവരങ്ങളും അനുഭവങ്ങളും. ജനങ്ങളുടെയും രാജ്യത്തിന്റെ സുരക്ഷിതത്വത്തിന്റെ, വിശ്വാസത്തിന്റെ അടിത്തറയിൽ നിന്ന് പ്രവർത്തിക്കുന്നതുമായ ഇത്തരം ഏജൻസികളുടെ വിശ്വാസ്യതയ്ക്ക് കളങ്കം ഏൽപ്പിക്കുന്ന പ്രവർത്തി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന് തന്നെ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഭരണകക്ഷിയുടെ രാഷ്ട്രീയ ചട്ടുകമായി സമകാലീന ഇന്ത്യയിൽ കേന്ദ്ര ഏജൻസികൾ മാറിയിട്ടുണ്ട് എന്നുള്ളതാണ് വസ്തുത. ഏറ്റവും ഒടുവിലായി 2021ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലെ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ തൃശൂർ ജില്ലയിലെ കൊടകരയിലെ കുഴൽപ്പണക്കേസിൽ സംസ്ഥാന പൊലീസും ആഭ്യന്തര വകുപ്പും നടത്തിയ വസ്തുനിഷ്ഠമായ എല്ലാ അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും സൂചനകളെയും വെളിപ്പെടുത്തലുകളെയും ആധികാരികമായ രേഖകളെയും റിപ്പോർട്ടുകളെയും എല്ലാം നിഷ്ക്കരുണം തള്ളി ഏകപക്ഷീയവും ദുരൂഹതയേറിയതുമായ അന്വേഷണ റിപ്പോർട്ടാണ് കഴിഞ്ഞദിവസം കല്ലൂരിലെ പി.എം.എൽ.എ കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ചിരിക്കുന്നത്. ആറുകോടി രൂപയുടെ കള്ളപ്പണം തൃശൂരിലെ ബി.ജെ.പി ഓഫീസിൽ എത്തിയെന്ന് പൊലീസ് റിപ്പോർട്ട് സമ്പൂർണ്ണമായി തള്ളാൻ ഇ.ഡി നയിച്ച സാഹചര്യമെന്താണ്? കോളിളക്കം സൃഷ്ടിച്ച തെരഞ്ഞെടുപ്പ് കാലത്തെ ഈ കുഴൽപ്പണ വേട്ടയിൽ രാഷ്ട്രീയം തൊട്ടുതീണ്ടാത്ത പുലബന്ധം പോലും പരാമർശിക്കാത്ത ഒരു അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിലെ ചേതോവികാരത്തെ സംശയദൃഷ്ടിയുടെ മാത്രമേ നോക്കിക്കാണാൻ കഴിയുള്ളൂ. കൊടകരയിൽ കണ്ടെത്തിയ മൂന്നരക്കോടി രൂപയുടെ ഉറവിടം അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണെന്ന് റിപ്പോർട്ടിൽ എഴുതിച്ചേർത്ത് കൈ കഴുകുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തുലാസിലായി. വ്യക്തിനേട്ടങ്ങൾക്ക് വേണ്ടി ഭരണ നേതൃത്വങ്ങൾക്ക് ഓശാന പാടി കുശിനിപ്പണി ചെയ്യുമ്പോൾ രാജ്യത്തിന്റെ ആത്മാഭിമാനവും സത്യസന്ധമായി ജോലി ചെയ്യുന്ന കർമ്മ ധീരരായ ഉദ്യോഗസ്ഥരുടെ വ്യക്തിത്വത്തെയും ആണ് അത് ഇല്ലാതാക്കുന്നത്.
പരസ്പര വിരുദ്ധമായ ഇത്തരമൊരു റിപ്പോർട്ട് ഏതു താൽപര്യത്തിന്റെ പേരിൽ തയ്യാറാക്കിയതാണെങ്കിലും കുറ്റം ചെയ്യുന്നതോടൊപ്പം തന്നെ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുകയും അവർക്ക് മറ്റു സഹായങ്ങൾ നൽകുന്നവരും കുറ്റവാളികൾ ആണെന്ന് നിയമസംഹിതയുടെ തത്വം അന്വേഷണ ഏജൻസികൾക്കും ബാധകമാവണം.
പരാതിക്കാരനായയാൾ ബി.ജെ.പി ഓഫീസിൽ പണം എത്തിച്ചു എന്ന അന്നത്തെ ഓഫീസ് സെക്രട്ടറിയുടെ മൊഴി പോലെ സുപ്രധാനമായ കേസിന്റെ വഴിത്തിരിവ് ആകാവുന്ന നടപടിക്രമം പൂർത്തിയാക്കാതെ മൂന്ന് വർഷത്തോളം പിടിച്ചു വെച്ച് ഒടുവിൽ ഹൈക്കോടതി ശാസന വരെ എത്തിയാണ് ഇ.ഡി റിപ്പോർട്ട് നൽകിയിരിക്കുന്നത്. കൂടെ തുടരന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കുന്നു. ട്രാവൻകൂർ പാലസിന്റെ സ്ഥലം വാങ്ങുന്നതിനായാണ് മൂന്നരക്കോടി രൂപ കൊണ്ടുവന്നതെന്ന് അല്ലെങ്കിൽ കൊടുത്തയച്ചതെന്ന പരാതിക്കാരന്റെ വെളിപ്പെടുത്തലിൽ എന്ത് വിശ്വാസതയാണ് അന്വേഷണ ഏജൻസിക്ക് തോന്നിയത്. ട്രാവൻകൂർ പാലസ് വില്പനയ്ക്ക് വച്ചിട്ടില്ലെന്ന് ഉടമ കൂടിയായ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയ സാഹചര്യത്തിൽ അതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. അന്വേഷണത്തിലും റിപ്പോർട്ടിലും ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തം.
ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ഇല്ലായ്മ ചെയ്യുന്ന അനധികൃതമായ പണം ഇടപാടുകൾക്ക് സകലവിധ വഴിവിട്ട സൗകര്യങ്ങളും ചെയ്തു കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നവർ ആരും തന്നെയായാലും അവരെ കണ്ടെത്തണം.
കേവലം അഞ്ചു വർഷത്തെ ആയുസേ ഉള്ളൂ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭരണത്തിന്. പക്ഷേ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ആയുസ് ഉയരും ഉടലും നിലനിൽക്കുന്ന കാലത്തോളമാണ്. എത്ര മറക്കാൻ ശ്രമിച്ചാലും ഒരുനാൾ സത്യം പുറത്തു വരിക തന്നെ ചെയ്യും. സത്യത്തിന്റെയും നീതിയുടെയും ധർമ്മത്തിന്റെയും വാതിലുകൾ ഈ കറുത്ത കാലത്ത് പകുതിയെ അടഞ്ഞിട്ടുള്ളൂ. അത് താൽക്കാലികം മാത്രമായുള്ള ഒരു സൂര്യഗ്രഹണമാണ്. കേരളത്തിന്റെ അല്ലെങ്കിൽ രാജ്യത്തിന്റെ ക്രമസമാധാനത്തെയും സാമ്പത്തിക സുരക്ഷിതത്വത്തെയും തുലാസിലാക്കുന്ന തന്ത്രപ്രധാനമായ കേസുകളുടെ അന്വേഷണത്തെ സംബന്ധിച്ച് രൂപീകരിക്കുന്ന ഏജൻസികളിൽ സർക്കാരിനൊപ്പം തന്നെ കോടതികൾക്കും നിയന്ത്രണ നിർവഹണ അധികാരം ഉണ്ടാവണം. സത്യം തെളിയണമെങ്കിൽ നീതിയുടെ കരങ്ങൾ ഉയരണം, ഉയർത്തണം.

error: