Editorial

24ാം പാർട്ടി കോൺഗ്രസ് കേരള ചരിത്രമെഴുതുമോ?

വർഗ്ഗസമരങ്ങളുടെ പോരാട്ട ഭൂമിയായ മധുരയിൽ 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി ഉയരുകയാണ്. 1972ലെ ഒമ്പതാം പാർട്ടി കോൺഗ്രസിന് ശേഷമാണ് വീണ്ടും മധുര പാർട്ടി കോൺഗ്രസിന് ആതിഥേയമരുളുന്നത്. ഏറെ ആകാംഷയോടെയാണ് 24ാം പാർട്ടി കോൺഗ്രസിനെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും നിരീക്ഷകരുമെല്ലാം കാത്തിരിക്കുന്നത്. പിന്നിട്ട വഴികളിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക തൊഴിലാളി വർഗ്ഗ രംഗത്തെ നിലപാടുകളെ അഭിപ്രായങ്ങളെ ഇന്നാൾ വരെ പുലർത്തിപ്പോകുന്ന പ്രത്യയശാസ്ത്രപരതയെ എല്ലാം നവീന മാറ്റത്തിന്റെ വഴിയിലേക്ക് കൊണ്ടുപോകാനുള്ള തീവ്രമായ പ്രയത്നത്തിനാണ് സി.പി.എം. കാലമാവശ്യപ്പെടുന്ന എല്ലാത്തരം മാറ്റങ്ങളെയും കൊള്ളാം ചരിത്രപരമായ പാരമ്പര്യത്തിന്റെ ജനിതകം പേറുന്ന ഒരു മഹാപ്രസ്ഥാനം തയ്യാറാക്കുന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വരും നാളുകൾക്ക് നല്ല പ്രതീക്ഷയും പ്രത്യാശയും ഊർജ്ജവും പകരുന്നതാണ്. സ്വകാര്യ മൂലധന ശക്തികളോടുള്ള പതിറ്റാണ്ടുകൾ നീണ്ട അകൽച്ചയ്ക്ക് അന്ത്യം കുറിച്ച് സി.പി.എം കേരള ഘടകത്തിന്റെ മാതൃക സി.പി.എം ദേശീയതലത്തിലും വരും നാളുകളിൽ അനുവർത്തിക്കുന്ന നയം ആകുമോ എന്ന് ഇന്ത്യൻ രാഷ്ട്രീയം നോക്കിക്കാണുന്നുണ്ട്. ചിഹ്നം നിലനിർത്താനുള്ള നിലനിൽപ്പിന്റെ രാഷ്ട്രീയ പ്രവർത്തനമായി ഇന്ത്യൻ കമ്മ്യൂണിസത്തെ മറ്റ് കക്ഷികൾ ആക്ഷേപിക്കുമ്പോളും അപകീർത്തിപ്പെടുത്തുമ്പോഴും പതറാത്ത മനസുമായി ഏത് അവസ്ഥയിലും ഒപ്പം നിൽക്കുന്ന തോളോട് തോൾ അണിചേരുന്ന മഹാ ഭൂരിപക്ഷം അണികളും അനുഭാവികളും തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നടപ്പു ദിനങ്ങളിലും സി.പി.എം എന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആത്മധൈര്യവും അടിത്തറയും. 2011-ലെ ബംഗാൾ തിരഞ്ഞെടുപ്പ് പരാജയം മുതൽ തുടങ്ങിയ സി.പി.എമ്മിൻ്റെ നിരന്തരമായ തോൽവികൾ പാർട്ടിയുടെ സ്വതന്ത്രമായ അടിത്തറ നഷ്ടപ്പെട്ടത് കൊണ്ടാണ്. അത് അണികളും ജനങ്ങളുമായുള്ള ആശയസംവാദങ്ങളിലൂടെയും ജനകീയ കൂട്ടായ്മകളിലൂടെയും തിരിച്ചു പിടിക്കാൻ ഗ്രാമഗ്രാമന്തരങ്ങളിലൂടെ രാഷ്ട്രീയ സഞ്ചാരം നടത്തണം. ഹിന്ദുത്വ വർഗീയ വാദികൾക്കെതിരെ അതിശക്തമായതും കൂട്ടായതുമായ പ്രവർത്തനങ്ങൾക്ക് കണ്ണൂർ പാർട്ടി കോൺഗ്രസ് കൈക്കൊണ്ട സമീപനങ്ങളും വിലയിരുത്തപ്പെടുന്ന മധുര കോൺഗ്രസ് പുതിയ സമീപനങ്ങൾക്കും പ്രത്യേകിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികളുടെ വേദിയായ ഇന്ത്യ മുന്നണിയുമായുള്ള സഹകരണത്തെ സംബന്ധിച്ചു പറയുന്ന നിലപാടുകളെ ആകാംക്ഷയോടെ ഇന്ത്യൻ രാഷ്ട്രീയ സാമൂഹം കാത്തിരിക്കുന്നത്. സി.പി.എം കൂടി മുൻ കൈയ്യെടുത്ത പ്രതിപക്ഷ ഐക്യ മുന്നണിയുടെ പ്രവർത്തനമാണ് ബി.ജെ.പിയുടെ അഹങ്കാരത്തിൻ്റെ അശ്വമേധം കൂച്ചുവിലങ്ങിട്ടു തടഞ്ഞുനിർത്തിയത്. മാറ്റം കാലത്തിന്റെ അനിവാര്യതയാണ് അത് എല്ലാവരും ഉൾക്കൊള്ളുന്നത് ഗുണകരവുമാണ്. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ വിട്ടുവീഴ്ചയിൽ ഊന്നിയ വിശാല കാഴ്ചപ്പാടിനാൽ സമ്പന്നമായ വേദികൾ രാജ്യത്തു ഉയരണം. കേരളത്തിൽ വർഗീയതയെ ചെറുക്കുന്നതിൽ സി.പി.എമ്മിന് കൈമോശം സംഭവിച്ചിട്ടുണ്ട്. അത്തരം ദൗർബല്യങ്ങളെ കൂടി മറികടക്കാൻ യോജിച്ച പ്രവർത്തനമാവശ്യമാണ്. വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എം നയ സമീപനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെട്ടുമ്പോൾ അതിലൂടെ നഷ്ടപ്പെട്ടുപോയ രാഷ്ട്രീയ ഭൗതിക അടിത്തറ വിപുലപ്പെടുത്താനുള്ള നയരേഖയും കാലത്തെ അറിഞ്ഞ് തയ്യാറാക്കണം. ഏപ്രിൽ അഞ്ചിനാണ് പാർട്ടി കോൺഗ്രസിൻ്റെ സമാപനം. സീതാറാം യെച്ചൂരി വിട പറഞ്ഞിട്ട് പാർട്ടിയുടെ പുതിയ നായകനെ ഈ സമ്മേളനം തെരഞ്ഞെടുക്കും. വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും അപ്പുറം പാർട്ടി കോൺഗ്രസിന്റെ പതാക താഴുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഇ.എം.എസ് ശങ്കരൻ നമ്പൂതിരിപ്പാടിന് ശേഷം ചിലതുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Highlights: Will the 24th Party Congress write Kerala history

error: