Editorial

രാഷ്ട്രപതിക്കും ഭരണഘടനയുടെ അതിർവരമ്പ് ഓർമ്മിപ്പിക്കുന്ന സുപ്രീം കോടതി

ജനാധിപത്യത്തിൽ ജുഡീഷ്യറിയുടെ ഇടപെടൽ നിർണായകമാണ്. ഇന്ത്യൻ ഭരണഘടനയെ മുൻനിർത്തി മുന്നോട്ടുപോകുന്ന ഭരണസംവിധാനത്തിന്റെ സുഖകരമായ പ്രയാണത്തിന് അനിശ്ചിതത്വം നേരിടുമ്പോൾ ജുഡീഷ്യറിയുടെ ഇടപെടലാണ് അതിൽ നീതിയുറപ്പാക്കുക. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കക്ഷിരാഷ്ട്രീയ മനോനിലയുമായി ഗവർണർ എന്ന ഭരണഘടനാ പദവി വഹിച്ചുകൊണ്ട് ചില വ്യക്തികൾ നടത്തുന്ന പ്രവൃത്തികൾ സംസ്ഥാനങ്ങളുടെ നിയമനിർമാണത്തെയും ദൈനംദിന ഭരണനിർവഹണത്തെ പോലും ബാധിക്കുന്ന സാഹചര്യം സംജാതമായപ്പോഴാണ് പരമോന്നത നീതിപീഠം ഭരണഘടനയുടെ വെളിച്ചത്തിൽ സംസ്ഥാനങ്ങൾക്ക് നിയമപരിരക്ഷയുമായി രംഗത്തെത്തിയത്. ചരിത്രപരം എന്ന് തന്നെ വിശേഷിപ്പിക്കണം. തമിഴ്നാട് ഗവൺമെന്റ് പാസാക്കിയ പത്തോളം ബില്ലുകൾ. സ്വാർത്ഥമായ രാഷ്ട്രീയ മനസോടെ തടഞ്ഞുവെച്ച്. സർക്കാരിനെയും സംസ്ഥാനത്തെയും പ്രതിരോധത്തിലാക്കിയ ഗവർണറുടെ നിലപാടുകൾക്ക് എതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ സമർപ്പിച്ച ‘ഹർജിയിലാണ് ചരിത്രപരമായ വിധി ഉണ്ടായിരിക്കുന്നത്. സഭകൾ പാസാക്കിയ ബില്ലുകളിൽ മൂന്നുമാസത്തിൽ കൂടുതൽ തടസം ഉന്നയിക്കാൻ ഗവർണർക്ക് മാത്രമല്ല രാഷ്ട്രത്തിന്റെ തലവൻ കൂടിയായ രാഷ്ട്രപതിക്കും അധികാരമില്ലെന്നും ഭരണഘടനയുടെ 200,201 അനുഛേദങ്ങളിലെ രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും അധികാരങ്ങളെ നോട്ട് ചെയ്തുകൊണ്ട് നടത്തിയ വിധി പ്രഖ്യാപനത്തിൽ സുപ്രീംകോടതി വ്യക്തമാക്കുന്നു. ബില്ലുകൾ പിടിച്ചു വയ്ക്കുകയാണെങ്കിൽ വ്യക്തമായ കാര്യകാരണങ്ങൾ സംസ്ഥാനത്തെയും കോടതിയെയും അറിയിക്കണം. രാഷ്ട്രപതിയോ ഗവർണറോ ബില്ലുകളിൽ മേൽ നിരന്തരമായി കാലതാമസം സൃഷ്ടിക്കുകയാണെങ്കിൽ മന്ത്രിസഭകൾക്ക് കോടതിയെ സമീപിക്കാം എന്നും സുപ്രീംകോടതി ഉറപ്പു നൽകുന്നു. ഗവർണർക്ക് പുറമേ രാഷ്ട്രപതിക്കും വീറ്റോ അധികാരമില്ല എന്ന് സുപ്രീംകോടതി അടിവരയിടുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ തിളക്കത്തോടെ നിൽക്കുന്നതും എന്നാൽ തെല്ല് അമ്പരപ്പുണ്ടാക്കുന്നതുമാണ്. നിയമനിർമാണത്തിനും ഭേദഗതികൾക്കുമുള്ള അധികാരം തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭകൾക്കുള്ളതാണെന്നിരിക്കെ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഇത്തരമൊരു വിധി പുറപ്പെടുവിച്ചതിൽ നിയമവൃത്തങ്ങളിൽ പോലും അമ്പരപ്പുണ്ട്.
ഭരണഘടനാപരമായ പദവികൾ വഹിച്ചുകൊണ്ട് അതിന്റെ അന്തസത്തയ്ക്കും അധികാരപരിതിക്കും ഉള്ളിൽ നിന്ന് പ്രവർത്തിക്കണമെന്ന് രാഷ്ട്രപതിയോടും ഗവർണറോടും സുപ്രീംകോടതി നിഷ്കർഷിക്കുന്നത് സമീപകാല ചരിത്രത്തിലെ ആദ്യ സംഭവമാണ്. കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുമേൽ ചുമത്തുന്ന അമിതാധികാരങ്ങളുടെ  പ്രയോക്താവായി ഗവർണർമാർ മാറുന്നത് സംശുദ്ധമായ സുസ്ഥിരമായ ജനാധിപത്യ ഭരണനിർവഹണത്തിന് പ്രതികൂലമാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതീക്ഷയുണ്ട്. പക്ഷേ, രാജ്യത്ത് ജനാധിപത്യം നിലനിൽക്കുമ്പോൾ ഭരണ നടത്തിപ്പിനും പ്രവർത്തനങ്ങൾക്കും ജുഡീഷ്യറിയുടെ സംരക്ഷണ കവചം വേണ്ടിവരുന്നു എന്നുള്ളത് ദൗർഭാഗ്യകരമാണ്. കേന്ദ്രസർക്കാരിന്റെ അധികാര അധിനിവേശം ഇന്ത്യൻ സംസ്ഥാനങ്ങളെ തങ്ങൾ ഭരണപരമായ ജനാധിപത്യപരമായ സുരക്ഷിതത്വം അല്ല എന്നുള്ള ഒരു ബോധ്യത്തിലേക്ക് നയിക്കുന്നുണ്ട് എന്നുള്ളതുകൊണ്ടാണ് സുപ്രീംകോടതിക്ക് മുന്നിൽ വിവിധ സംസ്ഥാനങ്ങൾക്ക് ഹർജികളുമായി എത്തേണ്ടി വരുന്നത്.
എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് എല്ലാവർക്കും ഒപ്പം ചേർന്നു നിൽക്കേണ്ട ഭാരതസർക്കാർ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളും  നടപടികളും വച്ച് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നത് അനുവദിക്കാവുന്നതല്ല. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണറും ഉൾപ്പെടെയുള്ള അത്യുന്നതസ്ഥാനങ്ങൾ  അത്തരം ഹീനമായ പ്രവർത്തികൾക്ക് ചട്ടുകങ്ങൾ ആക്കി ഉപയോഗിക്കുന്നത് വേദനാജനകവും കടുത്ത അമർഷവും ഉളവാക്കുന്നു. ഏത് അധികാരത്തിനു മുന്നിലും ഇന്ത്യൻ മണ്ണിൻറെ ശക്തിസ്രോതസ്സാണ് ഭരണഘടനയെന്ന് ആത്യന്തികമായി ഓർക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഭരണഘടനാ പദവികൾ വഹിക്കുന്നവർ. അവരെ ഭരണഘടന ഓർമിപ്പിക്കുകയാണ് സുപ്രീംകോടതി ഒരു പ്രത്യേക സാഹചര്യത്തിലെങ്കിലും. പക്ഷേ, അപ്പോഴും ഈ ചോദ്യത്തിന് കൂടി വ്യക്തത വരേണ്ടതുണ്ട്. നിയമങ്ങളുണ്ടാക്കാനും ഭേദഗതി വരുത്താനുമുള്ള അധികാരവും അവകാശവും നിയമനിർമാണ സഭകൾക്കുള്ളതാണ്. ഭരണഘടനയുമായി ബന്ധപ്പെട്ട സങ്കീർണമായ പ്രശ്നമാണെങ്കിൽ കുറഞ്ഞ പക്ഷം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചെങ്കിലും വേണം ഇടപെടാനെന്ന കേരള ഗവർണർ രാജേന്ദ്ര അർലേക്കറുടെ വിമർശനത്തോടെയുള്ളതാണെങ്കിലും ചോദ്യം മറുപടി ആവശ്യപ്പെടുന്നുണ്ട്.

error: