Editorial

സ്‌നേഹജ്വാല

ലോകം മുഴുവന്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും വിശുദ്ധമായ വെളിച്ചം വിതറിയ ആഗോള കത്തോലിക്ക സഭയുടെ തലവനും പിതാവുമായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട. ദൈവം പുനരാത്ഥനം ചെയ്യപ്പെട്ട മണിക്കൂറുകള്‍ പ്രിയ പുത്രനെ തിരിച്ചു വിളിച്ചു. കര്‍മ്മം പൂര്‍ത്തിയാക്കി വലിയ ഇടയന്‍ യാത്രയായി, ഇനി ഓര്‍മ്മയില്‍… ദൈവിക ജീവിതത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ മനുഷ്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇന്നോളമുള്ള ലോക കാത്തോലിക പാപ്പമാരുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് യൂറോപ്പിന് പുറത്ത് നിന്ന് പിതാവ് ഉണ്ടാവുന്നത്, അതും വിമോചന ദൈവശാസ്ത്രം പിറവിയെടുത്ത ലാറ്റിനമേരിക്കയുടെ മണ്ണില്‍ നിന്ന്. കാലത്തിന്റെ ചുവരില്‍ നിരവധിയായി ധീര മുദ്രകള്‍ അടയാളപ്പെടുത്തിയാണ് ഫ്രാന്‍സിസ് പാപ്പ കടന്നു പോകുന്നത്. വിശക്കുന്ന കുഞ്ഞുങ്ങളെയും പലസ്തീനിലെയും ഉക്രെയിനിലെയും ഗാസയിലും യുദ്ധമുഖത്ത് ജീവനും ജീവിതത്തിനും വേണ്ടി നിരായുധരായി നിരാലംബരായി നില്‍ക്കുന്ന ജനങ്ങള്‍ക്കായി നിരന്തരം പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ജീവിതാന്ത്യംവരെ അദ്ദേഹം തയ്യാറായിയെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം. മാനവികതയിലൂന്നിയ പുരോഗമന കാഴ്ചപ്പാടിന്റെ വക്താവ് കൂടിയായി നിലകൊണ്ട് ലൈംഗിക ന്യൂനപക്ഷങ്ങളെയും സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരും ദൈവമക്കളാണ്, അവരെ വിധിക്കാന്‍ ഞാനാര് എന്ന് ഉറപ്പിച്ച് പറഞ്ഞ മഹാ ഇടയന്‍. ഇന്ത്യയും ഇന്ത്യന്‍ ജനതയുമായും സവിശേഷമായൊരു ഹൃദയ ബന്ധം മാര്‍പ്പാപ്പ കാത്തു സൂക്ഷിച്ചു. ഇന്ത്യയിലേക്കുള്ള സന്ദര്‍ശന ക്ഷണത്തോട് മഹാത്തായ സമ്മാനം എന്നാണ് പ്രതികരിച്ചത്. കോവിഡാനന്തരം വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി മോദിയോട് രാജ്യത്തെക്കുള്ള വരവിലെ താല്‍പ്പര്യം സന്തോഷത്തോടെ പങ്കുവെച്ചത് പ്രധാനമന്ത്രി അനുസ്മരണത്തില്‍ പങ്കുവെക്കുന്നു. സാങ്കേതിക തടസങ്ങള്‍ കാരണം നടക്കാതെ ആ യാത്ര അടുത്ത വര്‍ഷം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികെയാണ് പാപ്പയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. ആരോഗ്യ നില മോശമായ സാഹചര്യത്തെ അതിജീവിച്ച് മടങ്ങി വന്നപ്പോള്‍ വളരെ പ്രതീക്ഷയും പ്രത്യാശയും ആ സാന്നിധ്യം ലോകത്തിന് നല്‍കിയിരുന്നു. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ നാഥനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയുടെ ചട്ടക്കൂട്ടുകള്‍ക്കപ്പുറം ജനങ്ങളുമായുള്ള ആശയവിനിമയത്തിന്റെ വിശാലതയാണ് നിലപാടുകളുടെ കരുത്താണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ജനകീയ ഇടയനാക്കിയത്. അശാന്തിയുടെ വെടിയൊച്ചൊകള്‍ നിലച്ചിട്ടില്ലാത്തയിടങ്ങളില്‍ ആത്മവിശ്വാസത്തിന്റെ കരുതല്‍ ശബ്ദവും സംരക്ഷണത്തിന്റെ പ്രതീകവുമായി മാര്‍പ്പാപ്പ ഇനിയില്ലായെന്ന് അനാഥത്വമാണ് ബാക്കി.. വിളക്കണഞ്ഞാലും തെളിഞ്ഞു നില്‍ക്കും മനുഷ്യരില്‍ ആ സ്‌നേഹജ്വാല..

error: