ഒന്നിച്ചു നിന്ന് വേരറുക്കണം
രാജ്യം കടന്നുപോകുന്നത് സമാനതകളില്ലാത്ത ഹൃദയവേദനയിലൂടെയാണ്. നമ്മുടെ സഹോദരങ്ങളാണ് ഒരുപിടി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഒറ്റ നിമിഷം കൊണ്ട് ഭീകരവാദത്തിന്റെ വെടിയുട്ടകളാൽ ഇല്ലാതായത്. ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 ജീവനുകൾ ഓരോ ഭാരതീയന്റെ മനസ്സിലും നീറുന്ന നോവാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിന് നേരെ കനത്ത വെല്ലുവിളിയും ആഘാതവുമാണ് ഈ ഭീകരാക്രമണം. ഭീകരവാദത്തിന്റെ ഏറ്റവും ഭീതിതവും ഭയാനകവുമായ മതം വികാരം ആളിക്കത്തിച്ച് രാജ്യത്ത് സമ്പൂർണ്ണമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം. മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്തെത്തി പേര് ചോദിച്ചാണ് അവർ ഇവൻ കവർന്നത്.മുസ്ലിം നാമധാരികളെ ഒഴിവാക്കി കൊണ്ടായിരുന്നു ആക്രമണം. പേരിൽ വരെ മതം കണ്ടെത്തുന്ന അങ്ങേയറ്റം അതീവ ഗുരുതരമായ പൈശാചികമായ മനോനിലയ്ക്ക് ഉടമകളാണ് ഈ നരഹത്യയ്ക്ക് നേതൃത്വം കൊടുത്തതെന്ന് വ്യക്തം. ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും ലിംഗത്തിന്റെയും വ്യത്യാസമില്ലാതെ ഒരമ്മപെറ്റ മക്കളെപ്പോലെ ഏകോദരാ സഹോദരന്മാരായി ജീവിക്കുന്ന ഭാരത നാടിൻറെ ഐക്യത്തെയും സാഹോദര്യത്തെയും സഹവർത്തിത്വത്തെയും മതേതരത്വത്തെയും തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്നുള്ള പ്രപഞ്ചസത്യം ഇത്തരം ഇരുട്ടിൻറെ ശക്തികൾക്ക് അറിയില്ല എന്നതാണ് വസ്തുത. പഹൽഗാം വീണ ഓരോ തുള്ളി ചോരയിലും വേദനിക്കുന്ന വിങ്ങുന്ന ഹൃദയവുമായി 130 കോടി ഭാരതീയർ ഉണ്ടെന്നുള്ളതാണ് സത്യം. അതുകൊണ്ട് കൃത്യമായ മറുപടിയും ചെറുത്തുനിൽപ്പും ഈ രാജ്യത്തിനറിയാം. ഇന്നലെയും ഇന്നും ഭാരതം അത് തെളിയിച്ചിട്ടുണ്ട്. അതിനാവശ്യം ഒറ്റക്കെട്ടായുള്ള ഏകോപനമാണ്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കാശ്മീരിൽ ഭീകരവാദത്തിന് അന്ത്യം കുറിച്ചു എന്നുള്ള വലിയ അവകാശവാദങ്ങളൊക്കെ കെട്ടടങ്ങിയിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളൂ. പക്ഷേ അതല്ല സത്യമെന്ന് പഹൽഗാം തെളിയിക്കുന്നു. സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിൽ വരുത്തുമ്പോൾ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പ്രശ്നങ്ങളെയും പ്രത്യാഘാതങ്ങളെയും സംബന്ധിച്ച് വ്യക്തമായ ബോധ്യം ഭരണാധികാരികൾക്ക് ഉണ്ടാവണം. രാജ്യത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നതിനെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഒന്നിച്ച് രാജ്യ വികാരം ഉയർത്തിപ്പിടിച്ച് ഭീകരവാദത്തിന്റെ അടിവേരുകളെ പിഴുതെറിയണം. അതിന് ഇന്ത്യയെന്ന ബോധത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം.