തീവ്രവാദത്തിന് മുന്നിൽ മുട്ടുമടക്കരുത്, വീഴ്ച പരിശോധിക്കണം
പഹൽ ഗാമിലെ മനുഷ്യക്കുരുതിയുടെ നോവ് വിട്ടുമാറാതെ രണ്ട് നാൾ കൂടി പൂർത്തിയാവുകയാണ്. 26 വിനോദസഞ്ചാരികളെയാണ് അരുംകൊല ചെയ്തത്. ഇതിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ അതിശക്തമായ തിരിച്ചടി നടപടികൾക്ക് ബുധനാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന സുരക്ഷാ ചുമതലയുള്ള കേന്ദ്ര മന്ത്രിസഭ സമിതി രൂപം നൽകി.
ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യയിൽ എത്തിച്ചേർന്നിട്ടുള്ള പൗരന്മാർക്ക് കനത്ത വിലക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 48 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടു പോകാനും പൗരന്മാർക്ക് ഇന്ത്യയിൽ വിസ അനുവദിക്കാതിരിക്കാനും നയതന്ത്ര ബന്ധം കുറയ്ക്കുകയും പഞ്ചാബിലെ വാഗ അട്ടരി അതിർത്തി അടയ്ക്കാനും ഇതിനുമുമ്പ് ഉണ്ടായ യുദ്ധകാലത്ത് പോലും നടത്താതിരുന്ന, അതായത് മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരം ഇല്ല എന്ന നിലപാട് കൈക്കൊണ്ടപ്പോഴും ഉപയോഗിക്കാതിരുന്ന, പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ രൂപം നൽകിയ സിന്ധു നദി ജല കരാർ മരവിപ്പിക്കാനും ഏതുനിമിഷവും രാജ്യത്തിന്റെ സൈനിക നടപടികൾക്ക് സജ്ജമാക്കാൻ സൈന്യത്തിന് അടിയന്തര നിർദേശവും നൽകി.
ഇന്ത്യ 26 ഭാരതപുത്രന്മാരുടെ ജീവത്യാഗത്തിന് കനത്ത മറുപടി തന്നെ നൽകുമെന്ന് പറയാതെ പറയുകയാണ്. വ്യാഴാഴ്ച പകൽ ബീഹാറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും ശക്തമായ തിരിച്ചടികൾക്ക് രാജ്യം തയ്യാറാവുകയാണെന്നും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാവുകയില്ല എന്നും പറയുകയുണ്ടായി. ഭീകരവാദത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ഉചിതമായ മറുപടി തന്നെ നൽകണമെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും രംഗത്തെത്തിക്കഴിഞ്ഞു.
രാജ്യത്തുനിന്ന് നേരിട്ട വിലക്കുകളുടെ പശ്ചാത്തലത്തിൽ ആക്രമണം മുന്നിൽകണ്ട് അതിർത്തി ഗ്രാമങ്ങളിൽ നിന്ന് പാക്കിസ്ഥാൻ അവരുടെ ജനങ്ങളെ ബുധനാഴ്ച തന്നെ ഒഴിപ്പിച്ചു. ഡൽഹിയിലെ പാക്ക് ഹൈ കമ്മീഷൻ ഓഫീസിൽ നിന്നുള്ള എല്ലാ ഉദ്യോഗസ്ഥരും കാഴ്ചക്കുള്ളിൽ രാജ്യത്ത് നിന്ന് തിരിച്ചു പോകണമെന്നും നിർദ്ദേശമുണ്ട്. വാഗ വഴി പാക്കിസ്ഥാനിൽ പോയവർ മെയ് ഒന്നിന് മുമ്പ് തന്നെ രാജ്യത്ത് തിരിച്ചെത്തണം സിന്ധു, ചെനാബ്, ഝലു നദികളിൽ നിന്ന് വെള്ളം നൽകുന്ന കരാർ മരവിപ്പിച്ചത് പാക്കിസ്ഥാനിലെ കാർഷിക മേഖലയുടെ നട്ടെല്ല് തകർക്കും. വൈദ്യുതി ഉല്പാദനത്തിനും പാക്കിസ്ഥാൻ ഈ നദികളിൽ നിന്നുള്ള വെള്ളമാണ് പ്രധാനമായും ആശ്രയിക്കുന്നത്. നദീജല കരാർ അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാൻ ഏറ്റ സമാനതകളില്ലാത്ത തിരിച്ചടികളിൽ ഒന്നായി മാറും. വാണിജ്യ വ്യവസായ മേഖലയുടെ നിലനിൽപ്പിനെ ഗുരുതരമായ രീതിയിൽ തന്നെ ഇന്ത്യയുടെ തീരുമാനങ്ങൾ പൊതുവേ ബാധിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് 2023 – 24 കാലഘട്ടത്തിൽ 89 ശതമാനം വളർച്ചയോടെ 26.89 മില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ വാങ്ങിയിരുന്നു. നടപ്പു വർഷത്തിൽ ആദ്യ ഒമ്പത് മാസത്തിൽ ഇത് 15 .3 4 ശതമാനം വർദ്ധിക്കുകയും176.31 മില്യൺ ഡോളറിലാണ് ഇത് എത്തിച്ചേർന്നത്. ഇന്ത്യക്കാണ് പൊതുവെ മുൻതൂക്കം കരുതപ്പെടുന്നത് എങ്കിലും പാക്കിസ്ഥാന് വ്യാപാര ബന്ധത്തിൽ ഏൽക്കുന്ന ഈ ഇടിവ് വൻ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. പച്ചക്കറി പയർ വർഗ്ഗങ്ങൾ കാലിത്തീറ്റ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയാണ് പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്നും പ്രധാനമായും വാങ്ങിയിരുന്നത്, സിമന്റ്, ഗ്ലാസ്, ജിപ്സം, ഉപ്പ് തുടങ്ങിയവയും വാഗാ അട്ടാരി അതിർത്തിയിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും 2023 24 വർഷങ്ങളിൽ രാജ്യങ്ങളും തമ്മിൽ 3,886,53 കോടി രൂപയുടെ വ്യാപാരം നടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദീർഘകാലമായുള്ള ചരിത്രപരമായ കൊടുക്കൽ വാങ്ങലുകൾക്കും വ്യാപാര വാണിജ്യ നയതന്ത്ര ഇടപാടുകൾക്കും ഇടപെടലുകൾക്കും ആണ് അവസാനമാകുന്നത്.
രാജ്യത്തിന്റെ പ്രിയപുത്രന്മാരുടെ ജീവന് മുൻപിൽ ധീരോദാത്തമായ തീരുമാനങ്ങൾ കൈക്കൊണ്ട് ഭാരതീയരുടെ വികാരങ്ങളെ ഉയർത്തിപ്പിടിച്ച കേന്ദ്രമന്ത്രിസഭാ സമിതിയുടെ തീരുമാനങ്ങൾക്ക് അഭിവാദ്യങ്ങൾ. ഇതിനിടയിലും ഇന്ത്യയുടെ നടപടികളിൽ പാകിസ്താന്റെ സമീപനം അതീവ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. ഇപ്പോഴും അങ്ങേയറ്റം ശത്രുതാ മനോഭാവത്തോടുകൂടിയാണ് പാക്ക് മന്ത്രിസഭയിലെ ഉത്തരവാദിത്തപ്പെട്ട പലരും ഇന്ത്യക്കെതിരെ പ്രതികരിക്കുന്നത് ഇന്ത്യയുടെ നടപടികളെ കാണുന്നത്. ഭീകരവാദത്തിന്റെ തായ് വേരുകളെ വളർത്താൻ ശ്രമിക്കുന്ന ചെയ്തികൾക്ക് കനത്ത മറുപടി നൽകിയ രാജ്യമാണ് ഭാരതം എന്നുള്ളത് ചരിത്രം ഒന്നു മറിച്ച് നോക്കിയാൽ പാക് ഭരണകൂടത്തിന് അറിയാൻ സാധിക്കും.
മറ്റൊരു പ്രധാനപ്പെട്ട വിഷയം എന്ന് പറയുന്നത് 2019ൽ കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തു കളഞ്ഞതിനുശേഷം രാജ്യത്തെയും സർക്കാർ സംവിധാനങ്ങളെയും തന്നെ ഞെട്ടിച്ച ദുരന്തമാണ് പഹൽ ഗാമിൽ ഉണ്ടായത്. മതം തിരഞ്ഞ് മനുഷ്യനെ കൊല്ലുന്ന അതിഭീകരവും ക്രൂരവുമായ ഭീകരവാദം ഇന്ത്യയിലെ ലക്ഷ്യമാക്കി ഇന്ത്യൻ തീരങ്ങൾ ലക്ഷ്യമാക്കി ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുമ്പോൾ കേന്ദ്ര ഇന്റലിജൻസ് സംവിധാനം എന്തുകൊണ്ട് ഇത് മനസ്സിലാക്കിയില്ല. ഇന്ത്യയിൽ അമേരിക്കൻ വൈസ് പ്രസിഡണ്ട് അടക്കം അതിഥിയായി എത്തിയിരിക്കുന്ന ഒരു സാഹചര്യത്തിൽ ഉണ്ടായ ആക്രമണത്തെ സംബന്ധിച്ച് ഒരുതരത്തിലുമുള്ള സൂചന പോലും കേന്ദ്രസർക്കാരിനോ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുന്നതിൽ ദേശീയ ഇന്റലിജൻസ് സംവിധാനം പരാജയപ്പെട്ടു എന്നുള്ളതാണ് സത്യം.
ലോകത്തിന് പോലും മാതൃകയാകുന്ന സൈനിക ശേഷിയും പൊലീസ് സംവിധാനങ്ങളും നിലനിൽക്കുന്ന രാജ്യത്തിന്റെ അഭിമാനത്തെ തന്നെ ബാധിക്കുന്ന അന്തസ്സിന് കളങ്കം ഏൽപ്പിക്കുന്ന കാര്യമാണിത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ സ്ഫടികസമാനമായ വ്യക്തതയോടെയുള്ള അന്വേഷണം അനിവാര്യമാണ്, അടിയന്തരമാണ്.