Editorial

പ്രതിരോധ വാക്സിനെ സംശയത്തിലാക്കരുത്

ആദ്യ കാലങ്ങളിൽ നിലനിന്നിരുന്നതും പരിഹാരമില്ലെന്നും ബാധിച്ചാൽ മരണം ഉറപ്പാണെന്നും കരുതിയിരുന്നു നിരന്തരം ആശങ്കപ്പെടുത്തുകയും ആകുലതയോടെ കഴിയേണ്ടിയും വന്ന സാഹചര്യം കേരളത്തിനുണ്ടായിരുന്നു. വസൂരിയും, പ്ലേഗും, കോളറയും, പേവിഷബാധയുമെല്ലാം അത്തരം രോഗങ്ങളിൽ ചിലത് മാത്രമാണ്. പിന്നിട് കാലവും സാധ്യതകളും കൂടുതൽ വിശാലമാക്കുകയും ആരോഗ്യ രംഗത്ത് വിപുലമായ പഠനങ്ങൾ നടക്കുകയും വിജയത്തിലെത്തുകയും ചെയ്തതിൻ്റെ ഫലമായി മരുന്നുകളും പ്രതിരോധ വാക്സിനുകളും മനുഷ്യ ജീവന് ശക്തിയും കരുത്തും ആത്മവിശ്വാസവുമായി. ലോകം മുഴുവൻ നിശ്ചലമായ, എന്ത് ചെയ്യണമെന്നറിയാതെ നിന്ന കോവിഡ്-19 നെ അമർച്ച ചെയ്യാനും വിദ്ഗദ്ധ പഠനത്തിലൂടെ വാക്സിൻ കണ്ടെത്തി. പക്ഷേ, ഈയടുത്ത കാലത്തായി പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സീൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
ആശുപത്രികളിലെ വാക്സിൻ്റെ ഉപയോഗവും കാര്യക്ഷമതയും രോഗികളിൽ ഇത് കുത്തിവെയ്ക്കുന്നതിൽ ആരോഗ്യ പ്രവർത്തകർ ഒട്ടും ജാഗ്രത പുലർത്തുന്നില്ലായെന്ന് ഗുരുതരമായ ആക്ഷേപമുണ്ട്. പുതിയ വർഷത്തിൽ സംസ്ഥാനത്ത് നാല് മാസത്തിനിടെ മൂന്ന് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പേവിഷബാധയേറ്റ പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത കുട്ടി വെന്‍റിലേറ്ററിലാണ്, പൊതു ജനങ്ങളെ ഭയത്തിലാക്കുന്ന സ്ഥിതി വിശേഷമാണ് ഈ സംഭവം സംജാതമാക്കുന്നത്. അഞ്ച് വർഷത്തിനിടെ കേരളത്തിൽ 20 ഓളം ആളുകൾ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരണപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം 13 ജീവനുകളാണ് സാമാന്യമായ സാഹചര്യത്തിൽ പൊലിഞ്ഞത്. ഈ കഴിഞ്ഞ ഏപ്രിലിൽ ആണ് ഇതിൽ ആറു പേരും മരിച്ചത്. നന്നേ കൊച്ചു കുട്ടികളാണ് മരണപ്പെടുന്നവരിൽ ഭൂരിഭാഗവുമെന്നതാണ് സങ്കടകരം.
അഞ്ച് വർഷത്തിനിടെ 102 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. പാലക്കാട് ജില്ലയിലെ മങ്കരയിൽ 2022 ജൂലായിൽ കോളജ് വിദ്യാർഥിനി പേവിഷ ബാധയേറ്റ് കുത്തിവെപ്പെടുത്തിട്ടും മരണപ്പെട്ടതോടെയാണ് സംശയം തുടങ്ങുന്നത്. പട്ടിയിൽ നിന്ന് ഞരമ്പിൽ കടിയേറ്റിട്ടുണ്ടെങ്കിൽ വൈറസ് പെട്ടെന്ന് തലച്ചോറിലേക്ക് എത്തും, അത് മരണത്തിന് കാരണമാക്കും എന്നാണ് ആരോഗ്യ വകുപ്പ് അന്ന് നൽകിയ വിശദീകരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ അഞ്ചര വയസുകാരി മരിച്ചത് തലയിലേറ്റ ആഴത്തിലെ മുറിവ് കാരണമാണെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം. തലയിൽ കടിയേറ്റാൽ വൈറസ് വേഗം തലച്ചോറിലേക്ക് എത്താമെന്നും അങ്ങനെ മരണം സംഭവിക്കാമെന്നും ആരോഗ്യ വകുപ്പ് പറയുമ്പോൾ വാക്സിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.
ഏപ്രിലിൽ പത്തനംതിട്ടയിൽ മരിച്ച പുല്ലാട് സ്വദേശിയായ കുട്ടിക്കും നിലവിൽ തിരുവനന്തപുരം എസ്.ഐ. ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്കും കൈമുട്ടിലാണ് കടിയേറ്റിരിക്കുന്നത്. അഞ്ച് വർഷത്തിനിടെ മരിച്ച 20 പേരും വാക്സിനെടുത്തവരാണ് കൂടാതെ അവരിൽ പലർക്കും കൈകാലുകളിലാണ് കടിയേറ്റത്. അതേസമയം, തലയിലും മുഖത്തും ഗുരുതര കടിയേറ്റ് വാക്സിനെടുത്ത ആയിരക്കണക്കിന് പേർക്ക് ഒരപകടവും സംഭവിച്ചിട്ടുമില്ലെന്നതും കാണണം.
ജനകോടികളുടെ ജീവനും കരുതലായി കണ്ടെത്തിയ വാക്സിൻ ഗുണമേന്മ കർശനമായി പരിശോധിക്കപ്പെടണം. കടലാസിലെ വിശദീകരണവും റിപ്പോർട്ടുകൾക്കും സമവാക്യങ്ങൾക്കുമപ്പുറം വിലപ്പെട്ടതാണ് മനുഷ്യ ജീവൻ. അതിലുപരി പ്രതിരോധ വാക്സിനുകളുടെ ഉപയോഗത്തെ കുറിച്ച് തെറ്റായ പ്രചരണങ്ങൾ വൻതോതിൽ നടക്കുന്ന കാലത്ത് അത്തരം സംശയങ്ങൾക്ക് ഇട നൽകാനോ, അതിന് സാധൂകരണം ലഭിക്കാനോ വഴിയൊരുക്കുന്ന സാഹചര്യമുണ്ടാവുന്നത് സമൂഹത്തിലുണ്ടാക്കുന്ന അപകടം ദൂരവ്യാപകമാണ്.

error: