ഈ ചക്കളത്തി പോരാട്ടം അശ്ലീലമാണ് കോൺഗ്രസേ…
നൂറ്റാണ്ട് ചരിത്രമുള്ള പാർട്ടിയാണ് കോൺഗ്രസ്. ആ പ്രസ്ഥാനത്തിൻ്റെ കേരളം ഘടകം ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് പര്യടനം നടത്തുന്നത്. തറവാട് അഭിമുഖീകരിക്കുന്ന ഈ സങ്കടത്തിന് കാരണവും ഉത്തരവാദിത്വവും മുൻ തലമുറയുടെയും പുതിയ തലമുറയുടെയും നിലപാടുകളും പ്രവർത്തനങ്ങളുമാണ്.
സ്വന്തം ആളുകളെ സ്ഥാനമാനങ്ങളിൽ കുത്തി നിറയ്ക്കാനുള്ള വെറും ഹൈഡ്രജൻ ബലൂൺ ആയി കോൺഗ്രസ് പാർട്ടി എന്ന് പരിവർത്തനം ചെയ്തോ അന്ന് തുടങ്ങി ഈ പാർട്ടിയുടെ സർവനാശം. ഒരു വർഷത്തോളമാകുന്നു കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നു. പുതിയ അധ്യക്ഷൻ ഉടൻ… ഇപ്പോ പൊട്ടും പൊട്ടിക്കും… പൊട്ടിക്കും… എന്നൊക്കെ, പറഞ്ഞ താമരശ്ശേരി ചുരം കണക്കെ കഥയെങ്ങനെ നീണ്ടു നീണ്ട് പോവുകയായിരുന്നു. അതിനിടയിലാണ് ലോക്സഭ തെരഞ്ഞെടുപ്പ് കടന്നുവന്നത്. തൃശൂരിലെയും ആലത്തൂരിലെയും അപ്രതീക്ഷിത തോൽവികൾ ഒഴിച്ചു നിർത്തിയാൽ മെച്ചപ്പെട്ട പ്രകടനമാണ് കോൺഗ്രസ് നടത്തിയത്.
സുധാകരനെ മാറ്റുന്നു ചർച്ചകൾക്ക് അവിടെ താൽക്കാലിക വിരാമമായിരുന്നു. ഇതാ വീണ്ടും മേടമാസം പുലർന്നത് മുതൽ സുധാകരനെ മാറ്റണം. അനാരോഗ്യം പുതിയ പ്രസിഡൻ്റ് വരണം. അതും ക്രിസ്ത്യാനി തന്നെ വരണം. സാമുദായിക സമവാക്യം നേരെയാക്കാൻ ഉമ്മൻചാണ്ടിയുടെ മരണാനന്തരം കേരളത്തിലെ കോൺഗ്രസ് നേതൃത്വ നിരയിൽ ക്രൈസ്തവ പ്രതിനിധ്യം ഇല്ലാത്തതിനാൽ അതിനോട് എല്ലാവരും മനസില്ലാമനസോടെയാണെങ്കിൽ സമ്മതം മുളിയതാക്കി വരുത്തി. സാധ്യത പട്ടിക തെളിഞ്ഞു. റോജി എം ജോൺ, ആൻ്റോ ആൻ്റണി, അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ പട്ടിക നീണ്ടു…
ചെറുപ്പവും പാർലിമെൻ്ററി പരിചയവും കണക്കിലെടുത്തും സാമുദായിക പരിഗണന ലക്ഷ്യമാക്കിയും ആൻ്റോയും റോജിയും പട്ടികയിൽ മുന്നിലെത്തി. രാഹുവും കേതുവും കൂട്ടിയും കിഴിച്ചും നടത്തിയ കവടി നിർത്തലിൽ കെ. മുരളീധരനും അടൂർ പ്രകാശും ഔട്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്, നിയമസഭ തെരഞ്ഞെടുപ്പ് എന്നിവ കണക്കിലെടുത്ത് മുതിർന്ന നേതാവ് എന്ന നിലയിൽ ആൻ്റോ ആൻ്റണി മതി എന്നതിലേക്ക് ചർച്ചകൾ എത്തി. ഏത് നിമിഷവും പ്രഖ്യാപനം എന്ന് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും അശരീരി മുഴുങ്ങി. ഈ കഴിഞ്ഞ് മെയ് 2 ന് കോഴിക്കോട് ഡി.സി.സി ഓഫീസിൽ യു.ഡി.എഫ് നേതൃത്വയോഗം ചേരുന്നതിനിടയിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയ്ക്ക് വിളിപ്പിച്ചു. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. 42 മിനിറ്റ് നീണ്ട് നിന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കെ. സുധാകരനെ ആലിംഗനം ചെയ്താണ് രാഹുൽഗാന്ധി യാത്രയാക്കിയത്. അന്ന് പ്രവർത്തകസമിതി യോഗത്തിന് മുമ്പായിട്ടായിരുന്നു കൂടിക്കാഴ്ച.
സംഘടനയിലെ തർക്കങ്ങൾ പരിഹരിക്കുന്ന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തെന്ന് സുധാകരൻ പിന്നിട് വ്യക്തമാക്കി. കോൺഗ്രസ് ഏറെ പ്രതീക്ഷപുലർത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് സുധാകരനോട് രാഹുൽ ഗാന്ധി പറഞ്ഞു. താൻ നടത്തിയ, നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തന രേഖ ഖാർഗെയ്ക്കും രാഹുലിനും സുധാകരൻ കൈമാറി. ആത്മസംയമനം പാലിച്ച് ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ സുധാകരൻ തിരുവന്തപുരത്ത് എത്തി. പിന്നാലെ അരികിൽ കൂടിയ മാധ്യമങ്ങൾക്ക് മുന്നിൽ വായ് തുറന്നു. ജീവനുള്ള കാലത്തോളം താൻ തന്നെയായിരിക്കും അധ്യക്ഷൻ എന്ന് തുറന്നടച്ചു, മാറ്റാനും അനാരോഗ്യവനാണെന്ന് വരുത്തി തീർക്കാനും ഒരു നേതാവിൻ്റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നതായി അത്യന്തം ഗുരുതരമായ ആരോപണമാണ് സുധാകരൻ ഉന്നയിച്ചത്. താൻ മാറില്ലെന്ന് ഒരു കെ.പി.സി.സി അധ്യക്ഷൻ അനാവശ്യമായി വാശിപ്പിടിക്കുന്നത് എന്തൊരു നാണക്കേടാണ് അതും കോൺഗ്രസ് പോലെ ഒരു പാർട്ടിയിൽ.
കൊടുമ്പിരി കൊണ്ട ഗ്രൂപ്പ് നാളുകളിൽ നിന്ന് അല്ലെങ്കിൽ അതിൻ്റെ വൈരങ്ങളിൽ നിന്ന് ദേഹമെ പലരുടെയും പോന്നിട്ടുള്ളൂ. അധികാരത്തിൻ്റെ ലഹരി തലയ്ക്കു പിടിച്ചാൽ ഇത് അല്ലാ ഇതിനുമപ്പുറം കോൺഗ്രസ് ഇനിയും അനുഭവിക്കേണ്ടിവരുമെന്ന് തീർച്ച. അവസാന ഗുജറാത്ത് എ.ഐ.സി സി സമ്മേളനത്തിലാണ് തീരുമാനിച്ചത് പാർട്ടി തീരുമാനങ്ങൾക്ക് വിരുദ്ധമായ പരസ്യമായ പ്രതികരണം പാടില്ലെന്ന്. അത് കെ.പി.സി.സി അധ്യക്ഷനും പാർലിമെൻ്റ് അംഗവുമായ നേതാവ് തന്നെ പരസ്യമായി ലംഘിക്കുന്നു. എന്തൊരു ആഭാസത്തരമാണിത്. അച്ചടക്കം പ്രവർത്തകർക്കു മാത്രമല്ല നേതാക്കൾക്കും ബാധകമാക്കേേണ്ട.
തൃശൂർ ലോക്സഭ തോൽവിയെ തുടർന്ന് ഡി.സി.സിയിലെ സംഘർഷത്തിലും പരസ്യ പ്രതികരണത്തിലും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാസങ്ങളായി സസ്പെൻഷനിലാണ്. പിൻവലിച്ചുവെന്ന് പറയപ്പെടുന്ന സസ്പെൻഷനുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രസ് റീലിസ് പോലും ഉണ്ടായിട്ടില്ല. ആരെയാണ് വഞ്ചിക്കുന്നത്. എന്താണ് കോൺഗ്രസ് ഒളിപ്പിക്കാൻ ശ്രമിക്കുന്നത്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് ഭരണത്തിൽ എത്തുകയെന്നാൽ അസത്യമാണ്. കുത്തഴിഞ്ഞ സംഘടന സംവിധാനമാണ് പ്രധാന വില്ലൻ. താളം തെറ്റിയ പാണ്ടിമേളമാണ് കോൺഗ്രസിൻ്റെ പൊതു രാഷ്ട്രീയ പ്രവർത്തനം. ജനകീയ വിഷയങ്ങളിലും സമരങ്ങളിലും കൃത്യമായ നിലപാട് പറയാനോ പ്രവർത്തിക്കാനോ ഇത് വരെ ദൃഢമായ ശൈലി രൂപപ്പെടുത്തിക്കാൻ കരുത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇതിനകം തന്നെ. അതിനിടയിലാണ് കൂനിൻമേൽ കുരുവായി അധ്യക്ഷ പദവിയ്ക്ക് ചുറ്റുമുള്ള ഈ തല്ലു കൂടൽ.
ജനങ്ങളറിയുന്ന പാറശ്ശാല മുതൽ കാസർകോഡ് വരെ തരംഗമാവാൻ ചങ്കുറപ്പും കരളുറപ്പും ജനകീയ ഉറപ്പുമുള്ള ഒരാളെയാണ് കെ.പി.സി.സി പ്രസിഡണ്ട് ആക്കേണ്ടത്. സമുദായ കാർഡിറക്കി ഏറ്റവും കൂടുതൽ അടി കിട്ടിയിട്ടും കോൺഗ്രസിന് അമർഷമില്ല, പുച്ഛമാണ് തോന്നുന്നത് വെറും പുച്ഛം… കേരളത്തിലെ പള്ളി മണികളും പെരുന്നയും കണിച്ചുകുളങ്ങരയും ഒന്നിച്ച് നിന്ന് എതിർത്താലും തകരാനാവാത്ത തറക്കല്ല് ആണ് കോൺഗ്രസ്. അത് കോൺഗ്രസുകൾ മറന്നു പോവരുത്. പാർട്ടിയുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സെമി കേഡറിലേക്ക് പാർട്ടിയെ നയിക്കുമെന്ന് പറഞ്ഞ വ്യക്തി തന്നെ തെളിയിക്കുമ്പോൾ നന്നാവാൻ കോൺഗ്രസിനോ നിങ്ങൾക്ക് താൽപ്പര്യമില്ലെന്ന് മനസ്സിലായി.
പാർട്ടി നേതാക്കൾ പക്വത കാണിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. നാണമില്ലാത്തവൻ്റെ ആസന്നത്തിൽ വാൽ മുളച്ചാൽ കാണാൻ അതും ഒരു ചേല് എന്നാണ് കേരള യൂത്ത്. ആരെയാണ് പക്വതയില്ലാത്തവർ എന്ന് നിങ്ങൾ അധിക്ഷേപിക്കുന്നത്. ഇന്ന് ഇങ്ങനെയിരിക്കുന്ന സംസാരിക്കാൻ കസേരയിട്ട് തന്നവരോടും.. തിരുത്തൽ ആകാം..വന്ന വഴി മറന്നത് കൊണ്ടാകരുത്.. ബൈ ഇലക്ഷനും കഴിഞ്ഞ് വരുന്ന തെരഞ്ഞെടുപ്പിൽകൂടി കോൺഗ്രസ് യൂത്ത് ഒന്ന് ജയിച്ചു കാണിക്കൂ എന്നിട്ട് ആവാം ഉപദേശം.
2021 ൽ മത്സരിച്ചവരിൽ എത്ര യൂത്ത് കോൺഗ്രസുകൾ ജയിച്ചു എന്ന് രാഹുലിന് അറിയുമോ.. ഷാഫി പാലക്കാട് ജയിച്ചതൊക്കെ ഒരു ജയമാണോ രാഹുലെ… ലീഡർ കെ കരുണാകരനും, എ.കെ ആന്റണിയും വയലാർ രവിയും, തെന്നല ബാലകൃഷ്ണപിള്ളയും പി.പി തങ്കച്ചനും കെ സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയും കെ.മുരളീധരനും സുധീരനും മുല്ലപ്പള്ളിയും നടന്നതും കൊണ്ടതും അറിഞ്ഞു കണ്ട് മനസ്സിലാക്ക് ആദ്യം.
ആസന്നമാകുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി വിജയകിരീടം ചൂടണമെങ്കിൽ സമ്പൂർണ്ണമായ സമൂല്യമായ തിരുത്തൽ അനിവാര്യമല്ല അടിയന്തരമാണ്. കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം മുതൽ വാർഡ് പ്രസിഡണ്ട്മാർ വരെയുള്ള പാർട്ടി പദവികളിൽ സംഘടന തെരഞ്ഞെടുപ്പ് നടത്തണം.
ഇന്ത്യ ഒട്ടാകെ തിരഞ്ഞെടുപ്പ് നടത്തി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനെ തെരഞ്ഞെടുത്ത പാർട്ടിക്ക് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം ഇല്ലേ..? പാർട്ടിയെ നയിക്കാൻ ഒരാളെ തെരഞ്ഞെടുക്കുന്നത് തെരുവിൽ തമ്മിൽത്തല്ലിയും പോസ്റ്ററടിച്ച് പോരടിച്ചും വേണ്ടിവരുന്നത് കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന് യോജിച്ചതാണോയെന്ന് ആത്മപരിശോധന നടത്തണം. അത് ആ മഹാപ്രസ്ഥാനത്തെ സ്നേഹിക്കുന്ന ജനതയെ അപമാനിക്കുന്നതാണ്. പ്രതിപക്ഷത്തിന്റെ അടുക്കളപോരിൽ ജനം മനംമടുക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. അവർ മറ്റൊരു ഓപ്ഷൻ തേടി പോയാൽ തെറ്റ് പറയാൻ ആവില്ല..കുറ്റക്കാർ നിങ്ങൾ മാത്രമാണ്..