Editorial

കണ്ണൂരിൽ വീണ്ടും അശാന്തി പടർത്തരുത്

ഒരു നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നയിച്ച പദയാത്രയിൽ ഉടലെടുത്ത കോൺഗ്രസ് സി.പി.എം പോര് മറ്റൊരു തരത്തിൽ തെരുയുദ്ധമായി മാറുന്നു. കടപ്പുറത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടിലൊരുക്കിയ ഗാന്ധി സ്തൂപം തകർക്കപ്പെട്ടതോടെ സംഘർഷം മറ്റൊരു ദിശയിലേക്ക് വഴിമാറിയിരിക്കുകയാണ്.
മലപ്പട്ടം സംഘർഷത്തെ തുടർന്ന് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ പി.വി ഗോപിനാഥ് നടത്തിയ പ്രസംഗമാണ് വിവാദമായത്. ഇതിന് മുമ്പ് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ ഗാന്ധി സ്തൂപം സ്ഥാപിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട് നടന്നില്ലായെന്നായിരുന്ന പരാമർശം. സി.പി.എം നേതാവിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് പാനൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ധീരജിനെ കുത്തിയ കൊലക്കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന് കൊലവിളി മുഴുക്കുമ്പോൾ അറബിക്കടലിൽ എറിയാത്ത കത്തിയുമായി വാ ഞങ്ങൾ ഒരു പുഷ്പചക്രം കരുതി വെച്ചിട്ടുണ്ടെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ വാക്കുകൾ.
ആശയ സമരങ്ങളുടെ പോരാട്ട ഭൂമിയായി രാഷ്ട്രീയത്തെ മനുഷ്യചോര കൊണ്ട് കലുഷിതമാക്കാൻ ശ്രമിക്കുന്ന സകല ശ്രമങ്ങളും നാടിൻ്റെ സമാധാനത്തിനും ജനങ്ങളുടെ സ്വസ്ഥമായ ജീവിതത്തിനും ഉയർക്കുന്ന ഭീഷണി വലുതാണ്. ഒരു തരത്തിലും അതിനെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ കഴിയില്ല. ഒരു കൊടിയും ജീവൻ നഷ്ടപ്പെടുമ്പോൾ സംരക്ഷിച്ച ചരിത്രമില്ല. കാലം മാറിയിട്ടും തലമുറകൾ രാഷ്ട്രീയത്തെ വെറുക്കുന്നത് പാർട്ടികൾ തമ്മിൽ ചേരി തിരിഞ്ഞുള്ള അക്രമം കൊണ്ടാണ്. ആർക്ക് വേണ്ടി എന്തിന് വേണ്ടിയെന്നല്ല, സ്വയം ബലി മൃഗങ്ങളായി അണികൾ എന്ന മഹാ ഭൂരിപക്ഷം വരുന്ന ജനസമൂഹം മാറുന്നത് അനുവദിക്കാനാവില്ല.
സാമൂഹ്യവും സാംസ്കാരികവുമായി കൈവരിച്ച നേട്ടങ്ങൾക്കപ്പുറം, ഒരു നാട് കൊലപാതക രാഷ്ട്രീയത്തിന്റെയും അക്രമത്തിന്റെയും പേരിൽ അറിയപ്പെടുന്നത് കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. കണ്ണൂർ ആ പഴയ പേര് മാറ്റുകയായിരുന്നു. ഇടവേളക്ക് ശേഷം കണ്ണൂരിനെ വീണ്ടും പഴയ അപമാനിത പേരിലേക്ക് നയിക്കാൻ ശ്രമിക്കരുത്. ഇനിയും കണ്ണൂരിന് അത്തരമൊരു മേൽവിലാസം ആവശ്യമില്ലെന്ന് കേരളം ഒന്നടങ്കം തീരുമാനിക്കണം.
ആശയപരമായ അടിത്തറയാണ് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കരുത്തും ആത്മവിശ്വാസവും ആകേണ്ടത്. അക്രമങ്ങളും അടിച്ചമർത്തലുകളും ഏകാധിപത്യത്തിന്റെ പ്രതീകങ്ങളാണ്. അതിന് തികഞ്ഞ ജനാധിപത്യ ബോധമുള്ള ഉയർന്ന രാഷ്ട്രീയ കാഴ്ചപ്പാടുള്ള കേരളം വളം ഒരുക്കരുത്. കേരളത്തിൽ വിത്ത് വിതയ്ക്കാൻ അനുവദിക്കരുത്. കണ്ണൂരിലെ തെരുവുകൾ ഇനിയും ചോരക്കളം ആകരുത്, മനുഷ്യ സംഘർഷങ്ങളുടെ വിളനിലമായി ആ മണ്ണ് ഇനിയും പരിവർത്തനം ചെയ്യപ്പെടരുത്, ആയുധമല്ല ആശയമാണ് വലുത്. അത് പ്രകോപനത്തിന് വളമിടുന്ന നേതാക്കൾ തിരിച്ചറിയണം.

error: