Editorial

ബി.ജെ.പിയുടെ കുളം കലക്കലിൽ തരൂരിന്റെ മുതലെടുപ്പ്

പഹൽഗ്രാം ഭീകരാക്രമണവും അനുബന്ധമായി പാകിസ്ഥാൻ ഭീകരവാദത്തിന്റെ യഥാർത്ഥ മുഖവും തുറന്നു കാട്ടാൻ ലോകരാജ്യങ്ങളിലേക്കുള്ള ഏഴംഗ ഇന്ത്യൻ സംഘത്തിന്റെ തെരഞ്ഞെടുപ്പ് പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. മെയ് മാസം അവസാനത്തോടെ ആയിരിക്കും സംഘം വിദേശപര്യടനം നടത്തുക. ഭീകരവാദത്തെ പ്രതിരോധിക്കുന്നതിന് രാജ്യം ഇന്നാളുവരെ സ്വീകരിച്ചതും ഇനിയുള്ള സമീപനവും സർവ്വകക്ഷി വിദേശരാജ്യങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കും. യു.എൻ രക്ഷാസമിതിയിൽ അംഗങ്ങളായിരുന്നവർ മുതൽ പരിണിതപ്രജ്ഞരായ രാഷ്ട്രീയ നേതാക്കൾ വരെ സംഘത്തിന്റെ ഭാഗവും നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. അതിൽ ഒരു സംഘത്തെ അതായത് അമേരിക്ക ബ്രിട്ടൻ രാജ്യങ്ങളിലെ പരിഗണന സംഘത്തെ നയിക്കുന്നത് കോൺഗ്രസ് നേതാവും പാർലമെന്റേറിയനും എഴുത്തുകാരനും നയതന്ത്രജ്ഞനും ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറലും ആയിരുന്ന ശശി തരൂർ എംപിയാണ്. രവി ശങ്കര്‍ പ്രസാദ് (ബി.ജെ.പി), സഞ്ജയ് കുമാര്‍ ഝാ (ജെ.ഡി.യു), ബൈജയന്ത് പാണ്ഡെ (ബി.ജെ.പി), കനിമൊഴി കരുണാനിധി (ഡി.എം.കെ), സുപ്രിയ സുലെ (എന്‍സിപി), ശ്രീകാന്ത ഏക്നാഥ് ഷിന്ദേ (ശിവസേന തുടങ്ങിയ നേതാക്കളാണ് മറ്റാര് സംഘങ്ങളുടെയും ലീഡർമാർ.സാമൂഹിക സാംസ്കാരിക വിദേശകാര്യ രംഗങ്ങളിലെ പ്രമുഖ വിവിധ സംഘങ്ങളിൽ ഇന്ത്യൻ നിലപാടിന് കരുത്തുപകരാൻ ഭാഗമാകും. കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി നിർദ്ദേശിക്കാതെയാണ് കേന്ദ്രസർക്കാർ ശശി തരൂരിനെ ഈ മൂവ്മെന്റിന്റെ ഭാഗമാക്കി മാറ്റിയത്. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരെയാണ് കോൺഗ്രസ് ഔദ്യോഗികമായി പ്രതിനിധികളായി കേന്ദ്രസർക്കാരിന് കൈമാറിയ പട്ടികയിൽ ഉള്ളത്. കേന്ദ്രസർക്കാർ പാർട്ടി പ്രതിനിധികളെ നിർദ്ദേശിക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടപ്പോൾ പാർട്ടി നേതൃത്വം നൽകിയ പട്ടിക ഇതാണെന്നും. അതിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിട്ടില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് തന്നെ വാർത്തസമ്മേളനം നടത്തി തിരുത്തിയതോടെ വീണ്ടും തരൂർ വിവാദം എ.ഐ.സി.സിയുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളായി മാറിയിരിക്കുകയാണ്. നേരത്തെ മോദിയുടെ വിദേശ നയത്തെ പിന്തുണച്ച് തരൂർ കോൺഗ്രസിന് തലവേദനയായി മാറിയിരുന്നു. പഹൽഗാം ഭീകരാക്രമണം മുതൽ സർക്കാർ ഔദ്യോഗിക വക്താവായി സംസാരിക്കുകയാണ് തരൂർ വാക്കുകളുടെ ശൈലിയിൽ നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞത്. തരൂരിനെ തള്ളാനോ കൊള്ളാനോ കഴിയാത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ്. പ്രതിപക്ഷത്തെ, പ്രത്യേകിച്ച് കോൺഗ്രസിനെ  തകർക്കാനുള്ള വജ്രായുധമായി തരൂരിനെ ആവശ്യാനുസരണം ഉപയോഗിക്കുകയാണ്. തരൂരിനെ മുന്നിൽ നിർത്തി കളിക്കുന്ന എല്ലാ തന്ത്രങ്ങളിലും കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്ക് തളച്ചിടാൻ നിഷ്പ്രയാസം ബി.ജെ.പിക്ക് കഴിയുന്നുമുണ്ട്. അതിൽ ബി.ജെ.പിയുടെ രാഷ്ട്രീയ വിജയം വലുതാണ്. പാർട്ടി നിലപാടിന് നേർ വിപരീതമായി എക്കാലത്തും നിൽക്കുന്ന ഒരാളെ നിയന്ത്രിക്കാൻ ശാസിക്കാനോ പോലും കോൺഗ്രസ് മുതിരാത്തത് തരൂരിന് അന്തർദേശീയ തലത്തിലുള്ള പബ്ലിസിറ്റിയും ഇമേജും ആണ്. ചരിത്രത്തോട് തന്നെ കിടപിടിക്കാവുന്ന പാർട്ടി കേവലം ഒരാളുടെ വ്യക്തിപരമായ വാക്കുകൾക്കു മുന്നിൽ അടിപതറുന്നത് പ്രസ്ഥാനത്തിന്റെ വളർച്ചയിലും തളർച്ചയിലും ഒപ്പം നിന്ന് നിൽക്കുന്ന നേതാക്കളെയും പ്രവർത്തകരുടെയും ആത്മവീര്യത്തെ തളർത്തുന്ന സമീപനമാണ്. ശശി തരൂരിനെ ഭയപ്പെടുന്നതിനു പകരം തരൂരിനെ പാർട്ടി ഉപയോഗിക്കുകയാണ് വേണ്ടിയിരുന്നത്. ഇന്ന് കോൺഗ്രസിന്റെ രാഷ്ട്രീയ തിരിച്ചുവരവിന് വ്യക്തിപരമായ സ്വാർത്ഥ താല്പര്യങ്ങൾ വെടിഞ്ഞ് തുറന്ന മനസ്സോടെ വലിയൊരു കാൻവാസിൽ കാര്യങ്ങളെ രാഷ്ട്രീയവും പൊതുപരവുമായ വിഷയങ്ങളെ നോക്കിക്കണ്ടു നിലപാട് സ്വീകരിക്കേണ്ട ഘട്ടത്തിൽ, അതിൽനിന്ന് പരിപൂർണ്ണമായി ഒളിച്ചോടി അവിടെയും ഇല്ല ഇവിടെയും ഇല്ല എന്നുള്ള തരത്തിൽ ഒരുതരം അഴകൊഴമ്പൻ സമീപനം കോൺഗ്രസിന് വലിയ വില നൽകേണ്ടിവരും. പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രാജ്യ രാഷ്ട്രീയത്തിൽ കാര്യമായ പ്രതിപക്ഷ മുന്നേറ്റങ്ങൾ ഒന്നും ഇല്ലെന്നിരിക്കെ, പ്രതിപക്ഷത്തെ കുരുക്കിലിടാൻ ആയുധം ഭരണപക്ഷത്തിന്റെ കൈകൾ സ്വയമേ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. ശശി തരൂർ അന്തർദേശീയ പ്രശസ്തിയുള്ള എഴുത്തുകാരനും നയതന്ത്രജ്ഞനുമാണ്. പക്ഷേ,രാഷ്ട്രീയമണ്ഡലത്തിൽ ഇടപെടാൻ എം.പി എന്ന മേൽവിലാസത്തിലേക്ക് നയിച്ച കോൺഗ്രസ് പാർട്ടിയെ പരസ്യമായി വിവാദത്തിലേക്ക് പ്രതിസന്ധിയിലേക്കും തള്ളിവിട്ട് പബ്ലിസിറ്റി സ്റ്റണ്ട് നടത്തുന്നത് നല്ലൊരു ജനാധിപത്യ സംവിധാനത്തിൽ ഒട്ടും യോജിച്ച കുപ്പായം അല്ല. ഒന്നെങ്കിൽ കോൺഗ്രസ് തരൂരിലേക്ക് അല്ലെങ്കിൽ  കോൺഗ്രസിലേക്ക്  തരൂരോ വിധയപ്പെടണം.ഇത് രണ്ടും നടക്കാത്തിടത്തോളം വിദേശ മൈഗ്രൈൻ കോൺഗ്രസിന്റെ ഉറക്കം കെടുത്തും.

error: