പാതയിലെ പാതകം
കേരളത്തിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ തൃശൂർ-കോഴിക്കോട് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിനും കൊളപ്പുറത്തിനുമിടയിൽ വയലിൽ നിന്ന് 10 മീറ്ററിലധികം ഉയരത്തിൽ മണ്ണിട്ടുയർത്തി നിർമിക്കുന്ന കുരിയാട് വയലിൽ റോഡ് ഇടിഞ്ഞു താഴ്ന്ന സംഭവം ഗുരുതരമാണ്. നേരിയ വ്യത്യാസത്തിലാണ് ആളപായമില്ലാതെ തകർച്ച ഉണ്ടായത്. മെയിൻ റോഡ് ഇടിഞ്ഞപ്പോളുണ്ടായ സമ്മർദത്തിൽ സർവീസ് റോഡും നിരങ്ങി നീങ്ങി 300 മീറ്റർ ഭാഗം വീണ്ടു കീറിയിട്ടുണ്ട്. തൽഫലമായി ചെറിയ കുന്നുകൾ ആ ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി റോഡ് പണി അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടിയിലാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ടതാണ് ദേശീയ പാത നിർമ്മാണം. യാത്രാ സൗകര്യം മനുഷ്യ ജീവിതത്തിൻ്റെ നാടിൻ്റെയും വളർച്ചയെ സ്വാധീനിക്കുന്നു ഘടകമായതിനാൽ വലിയ രീതിയിൽ ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ പാത നിർമ്മാണത്തിൽ അപാകതകൾ പല തവണ അധികൃതരോട് ചൂണ്ടിക്കാട്ടിയിരുന്നതായാണ് പ്രദേശവാസികൾ പണിയുന്നത്. അപ്പോൾ ഒന്നും ബന്ധപ്പെട്ടവരോ കരാറുകരോ ഉണർന്നു പ്രവർത്തിക്കാത്തതിനാലാണ് അപകടം ഉണ്ടായത്. ആദ്യമായിട്ടില്ല ദേശീയ പാതയിൽ മണ്ണിട്ടിച്ചാൽ സംഭവിക്കുന്നത്. രാജ്യം ഒന്നാകെ ഇത് ഉണ്ടാകാറുണ്ട്. ഇവിടെ റോഡിൽ ഇടിച്ചിൽ വന്ന ഭാഗത്തിന് തൊട്ടടുത്തുള്ള കക്കാട് അടക്കം പല പ്രദേശങ്ങളിലും റോഡുകളും അനുബന്ധ സർവ്വീസ് റോഡുകളും കഴിഞ്ഞ മഴക്കാലത്ത് തകർന്നിരുന്നു. കുരിയാടിൻ്റെ ഞെട്ടൽ മാറുന്നതിനു മുന്നേയാണ് ചൊവ്വാഴ്ച രാത്രി തൃശൂർ ചാവക്കാട് എൻഎച്ച് 66-ൽ വിള്ളൽ ഉണ്ടായത് മണത്തലയിൽ പണി നടക്കുന്ന മേൽപ്പാലത്തിലെ ടാറിട്ട ഭാഗത്താണ് 50 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തിയത്,സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും പ്രചരിച്ചതോടെ രാത്രിക്ക് രാത്രി അധികൃതർ എത്തി വിള്ളൽ അടച്ചു. കോഴിക്കോട് ജില്ലയിലെ ഇതിന് മുമ്പ് വടകര, മുക്കാളി, മുരാട് ഭാഗങ്ങളിൽ ദേശീയ പാതയിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. മുരാട് പുനർ നിർമ്മാണം ഇതുവരെ നടന്നിട്ടില്ല. മുക്കാളിയിൽ പുതിയ രീതിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി പഴയത് പോലെയാക്കുമെന്ന് പറഞ്ഞുവെങ്കിലും ഒന്നും നടന്നു കണ്ടില്ല. പന്തീരാങ്കാവ് കൊടൽ, നടക്കാവിലും ഭാഗങ്ങളിലെ റോഡുകൾ ഇടിഞ്ഞത് പരിഹാരിക്കപ്പെടുകയോ ചെയ്തതു കൊണ്ട് ആ പ്രദേശങ്ങളിൽ ഇപ്പോഴും ഗതാഗതം സുഗമമല്ല. കാലത്തിൻ്റെ തെറ്റി ചെയ്യുന്ന മഴ വെള്ളം റോഡിൽ നിന്ന് സുഗമമായി ഒഴുകി പോകാൻ കഴിയാത്തതിനാൽ പ്രധാന നഗരങ്ങൾ പലതും വെള്ളക്കെട്ടിലാണ്. കാലവർഷം കേരളത്തിൽ കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കെ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ഇപ്പോഴും പ്രാഥമിക ഘട്ടം പോലും പിന്നിട്ടിട്ടില്ല. ആഞ്ഞുപെയ്യുന്ന മഴവെള്ളപ്പാച്ചിലിൽ കാത്തിരിക്കുന്ന ദുരന്തങ്ങൾ ജനതയെ ഇനിയും ബലിയാടുകൾ ആക്കാണോയെന്ന് സർക്കാർ ചിന്തിക്കേണ്ടതാണ്. മുണ്ടക്കൈ-ചൂരൽമല ഇന്നും വേദനയായി നമ്മുടെ മുന്നിൽ ഉണ്ട്. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കിടയിലും തിരിച്ചുവരവിന് പാതയിൽ ആണ് നാടും നാട്ടുകാരും. അത്തരം ദുരന്തങ്ങൾ ഇനിയും ഉണ്ടാവാതിരിക്കാൻ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തി പൂർത്തിയാക്കണം. ദേശീയപാത നിർമ്മാണത്തിന്റെ അപാകതകൾ കേന്ദ്രമായി പരിഹരിക്കപ്പെടണം. പ്രദേശങ്ങളുടെ മണ്ണിന്റെ ഘടനയും പാരിസ്ഥിതിക സ്വഭാവവും കാലാവസ്ഥയ്ക്ക് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾപ്പെടെയുള്ള ആധികാരികമായ പഠനങ്ങൾ നടത്താതെ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ടു പോകുന്നത് മഹാ ദുരന്തങ്ങളെ വിലകൊടുത്തു വാങ്ങുന്നതിന് തുല്യമാണ്. അശാസ്ത്രീയമായ ദേശീയപാത നിർമ്മാണത്തിന്റെ രക്തസാക്ഷി നമ്മുടെ കേരളത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്ന് ഒരിക്കലും നാം മറന്നുകൂടാ. അർജുൻ ഉൾപ്പെടെയുള്ള പത്തോളം മനുഷ്യജീവനകൾ കർണാടകയിലെ ഷിരൂരിൽ മരണപ്പെട്ടത്, അശാസ്ത്രീയമായ ദേശീയപാത നിർമ്മാണത്തോട് കൂടെയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ്. കനത്ത മഴയും നിർമ്മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാത നിർമ്മാണത്തിന്റെ പൂർണ്ണമായ ഫണ്ട് കൈകാര്യം ചെയ്യുന്നത് കേന്ദ്രസർക്കാർ ആണെങ്കിലും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ധാർമികമായ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ് എന്ന് മറന്നുകൂടാ. മലപ്പുറം ജില്ലയിലെ കുരിയാട് റോഡിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ച കുടുംബാംഗങ്ങൾക്ക് സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണം. നിലവിൽ നിർമ്മാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും ഗൗരവമായ പരിശോധനകൾക്ക് വിധേയമാക്കണം. ഭരണാധികാരികൾ കാലഘട്ടത്തിനനുസരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബാധ്യതയുള്ളവരാണെന്ന് ഉത്തരവാദിത്വബോധത്തോടെ കൂടി വേണം പ്രവർത്തിക്കേണ്ടത്. രാഷ്ട്രീയമായ ആരോപണ-പ്രത്യാരോപണങ്ങളും മുതലെടുപ്പുമല്ല വേണ്ടത്, ശരിയായ നിലപാടെടുക്കലാണ്. നാടിന്റെ സ്വാഭാവികതയെ നഷ്ടപ്പെടുത്തുന്ന വികസന പ്രവർത്തനങ്ങൾ ഒന്നും നന്മയ്ക്കല്ല തിന്മയ്ക്കു വേണ്ടിയാണ്. അതുകൊണ്ട് ആരും വികസന വിരോധികൾ ആകുന്നില്ല. ഏത് കാലത്തും സമയത്തും ഏത് കാലാവസ്ഥയിലും ജനങ്ങൾക്ക് ഭയമില്ലാതെ സുരക്ഷയോടെ റോഡിൽ ഇറങ്ങി നടക്കാൻ കഴിയണം. അതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവസരമൊരുക്കണം.