Education/Career

ഫെല്ലോഷിപ്പ് മുടങ്ങിയിട്ട് 25 മാസം; എം.ജി യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഗവേഷകരുടെ സമരം

കോട്ടയം: മാസങ്ങളായിട്ടും ഫെല്ലോഷിപ്പ് ലഭിക്കാതെ വന്നതോടെ അനിശ്ചിതകാല സമരത്തിനിറങ്ങി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥികള്‍. ഫെല്ലോഷിപ്പ് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചിട്ടും അനുകൂല നീക്കമുണ്ടാക്കതെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്.

ഗവേഷക വിദ്യാര്‍ഥികളുടെ എസ.എഫ്.ഐ സംഘടനായ എ.കെ.ആര്‍.എസ്.എയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം. നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ക്കുള്ള ഫെല്ലോഷിപ്പാണ് കഴിഞ്ഞ 25 മാസമായി മുടങ്ങിയിരിക്കുന്നത്.

കുടിശികയടക്കം ഫെല്ലോഷിപ്പ് നല്‍കണമെന്നാണ് ഗവേഷക വിദ്യാര്‍ഥികളുടെ ആവശ്യം. അവസാനവര്‍ഷം അഞ്ച് കോടി രൂപയാണ് ഗവേഷക വിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പിന് മാത്രമായി സര്‍വകലാശാല വകയിരുത്തിയത്.

ഫെല്ലോഷിപ്പ് ലഭിക്കുന്നതിനായി വൈസ് ചാന്‍സിലര്‍ക്കും സിന്‍ഡിക്കേറ്റിനും വിദ്യാര്‍ഥികള്‍ ഒന്നിലധികം തവണ കത്ത് നല്‍കിയിട്ടുണ്ട്. സൂചന സമരങ്ങളും നടത്തിയിരുന്നു. എന്നാല്‍ അനുകൂല നിലപാട് ലഭിക്കാതെ വന്നതോടെയാണ് ഗവേഷകര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്.

നിലവില്‍ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടുത്ത ബുധനാഴ്ച (മാര്‍ച്ച് 26) ചേരുന്ന സിന്‍ഡിക്കേറ്റ് പരിഗണിക്കുമെന്നും ചര്‍ച്ച ചെയ്യുമെന്നുമാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം.

error: