എം.എഫ്. ഹുസൈന്റെ പെയിന്റിങ് ന്യൂയോര്‍ക്ക് ലേലത്തില്‍ വിറ്റുപോയത് 118 കോടിക്ക്
വാഷിങ്ടണ്‍: ചിത്രകാരന് എം.എഫ്. ഹുസൈന്റെ പെയിന്റിങ് ലേലത്തില്‍ വിറ്റത് 118 കോടിക്കെന്ന് റിപ്പോര്‍ട്ട്. ‘ഗാം യാത്ര’ പെയിന്റിങ്ങാണ് 118 കോടി (13.8 മില്യണ്‍ ഡോളര്‍)ക്ക് വിറ്റുപോയത്.
സ്വതന്ത്ര ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പകര്‍ത്തിയ എം.എഫ്. ഹുസൈന്റെ പെയിന്റിങ് ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തില്‍ കിരണ്‍ നാടാറാണ് സ്വന്തമാക്കിയത്. ഇത്തരത്തിലുള്ള കലാസൃഷ്ടികളുടെ സംരക്ഷകയും എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സ്ഥാപനകനായ ശിവ് നാടറിന്റെ പങ്കാളിയാണ് കിരണ്‍ നാടാര്‍.
ബോംബെ പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ്സ് ഗ്രൂപ്പിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു എം.എഫ്. ഹുസൈന്. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ഡോ. വോളോഡാര്സ്കി ഓസ്ലോ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതരില്‍ നിന്നാണ് നാടാര്‍ ട്രസ്റ്റ് ഈ പെയിന്റിങ് സ്വന്തമാക്കിയത്. ലേലത്തില്‍ ലഭിച്ച തുക പുതിയ മെഡിക്കല്‍ പരിശീലന കേന്ദ്രം നിര്‍മിക്കുന്നതിനായി ഉപയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ എം.എഫ് ഹുസൈന്റെ മറ്റൊരു പെയിന്റിങ് 25.7 (3.1 മില്യണ്‍ ഡോളര്‍) കോടിക്ക് വിറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ഒരു ലേലത്തിലാണ് ഇത് വിറ്റുപോയത്. ‘അണ്‍ടൈറ്റില്‍ഡ്’ (റീ ഇന്‍കാര്‍നേഷന്‍) എന്ന ചിത്രമാണ് ലണ്ടനിലെ ലേലത്തില്‍ പോയത്.