വെട്ടിമുറിച്ച എമ്പുരാനാണോ അതോ വെട്ടാത്ത എമ്പുരാനാണോ ഒ.ടി.ടിയിൽ?
മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ട ചിത്രമാണ് എമ്പുരാൻ. 250 കോടി ക്ലബിൽ ഇടം പിടിച്ച ആദ്യത്തെ മലയാള സിനിമയും കൂടിയാണ് എമ്പുരാൻ. മാർച്ച് 27നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ഓപ്പണിങ് കളക്ഷൻ മുതൽ ബോക്സ് ഓഫീസിലെ റെക്കോർഡുകൾ പലതും തകർത്ത മലയാള ചിത്രമാണ് എമ്പുരാൻ.
ചിത്രം റിലീസായി ദിവസങ്ങൾക്കുള്ളിൽ തന്നെ വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു. സംഘപരിവാർ സമ്മർദ്ദത്തെത്തുടർന്ന് ചിത്രത്തിലെ കുറച്ച് രംഗങ്ങൾ കട്ട് ചെയ്യാൻ അണിയറപ്രവർത്തകർ നിർബന്ധിതരാകുകയായിരുന്നു. ഇപ്പോൾ ഒ.ടി.ടിയിൽ എമ്പുരാന്റെ ഏത് വേർഷനായിരിക്കും റിലീസ് ചെയ്യുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ.
എമ്പുരാൻ ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന വേർഷൻ തന്നെയായിരിക്കും ഒ.ടി.ടിയും പ്രദർശിപ്പിക്കുക എന്ന് അഖിലേഷ് പറയുന്നു. അതാണ് സെൻസർ ബോർഡ് അംഗീകരിച്ച സിനിമയെന്നും കട്ടുചെയ്ത വേർഷനായിരിക്കും ഒ.ടി.ടിയിൽ റിലീസ് ചെയ്യുകയെന്നും അഖിലേഷ് പറഞ്ഞു.
എമ്പുരാന്റെ വർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സോങ് കട്ടുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രൊമോയും മറ്റുംചെയ്തുകൊണ്ടിരിക്കുന്നു. ഒ.ടി.ടിക്കുവേണ്ടിയുള്ള പണികളും നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന വേർഷനായിരിക്കും ഒ.ടി.ടിയിൽ വരാൻ പോകുക. അതാണ് ഇപ്പോൾ സെൻസർ ബോർഡ് അംഗീകരിച്ച സിനിമ.
എതിരഭിപ്രായങ്ങളെത്തുടർന്ന് പ്രൊഡക്ഷനും ആളുകളും മാറ്റംവരുത്താമെന്ന് തീരുമാനം എടുത്തു. അത് എഡിറ്ററിലേക്ക് വരുന്നു. ആ സമയത്ത് നമ്മൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുകയല്ല വേണ്ടത്. അത് എത്രയും പെട്ടെന്ന് ചെയ്യുക, എത്രയും പെട്ടെന്ന് ആളുകളിലേക്ക് എത്തിക്കുക. ആളുകൾ ഒരിക്കലും അത് കാണാതെ പോകരുത്. ആ ഒരൊറ്റ കാരണംകൊണ്ട് സിനിമ ഇല്ലാതാവരുത്. അവർ പറഞ്ഞ ജോലി ഞാൻ അപ്പോൾ തന്നെ ചെയ്തു,’ അഖിലേഷ് പറയുന്നു.
Highlights: Editor Of Empuraan Movie Says The Edited Version Of Empuraan Will Be On OTT