ഓസ്കാറുമായി മലയാളത്തിന്റെ അനശ്വര താരങ്ങൾ; അർഹതപ്പെട്ടവരെന്ന് സുരഭി; വീഡിയോ
വെള്ളിത്തിരയിലെ അവിസ്മരണീയ പ്രകടനങ്ങളാൽ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഒട്ടനവധി താരങ്ങളുള്ള സിനിമ മേഖലയാണ് മലയാളം. ഇന്ത്യൻ സിനിമ വ്യവസായത്തിൽ മലയാളം അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നതിനുള്ള പ്രധാന കാരണവും അതുതന്നെയാണ്.
മലയാള സിനിമയിലെ പല കലാകാരന്മാർക്കും അവർ അർഹിച്ച അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. ഇപ്പോഴിതാ, ഓസ്കാർ അവാർഡ് വാങ്ങുന്ന മൺമറഞ്ഞ പ്രിയ താരങ്ങളുടെ എഐ നിർമ്മിത വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്.
മാമുക്കോയ, തിലകൻ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, നെടുമുടി വേണു, രാജൻ പി. ദേവ്, കെപിഎസി ലളിത, മാള അരവിന്ദൻ, കുതിരവട്ടം പപ്പു, സുകുമാരി, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, സോമൻ, രതീഷ് തുടങ്ങി മലയാള സിനിമയുടെ മുഖമായിരുന്ന എല്ലാവരും വീഡിയോയിലുണ്ട്.
ഹൃദയസ്പർശിയായ വീഡിയോ ചലച്ചിത്ര പ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു. “മലയാള ചലച്ചിത്ര ലോകത്തെ നമ്മെ ആകർഷിച്ച പല നക്ഷത്രങ്ങളും ഇന്ന് നമുക്ക് ഓർമ്മകളിൽ മാത്രം. അവരുടെ കലയും സ്വപ്നങ്ങളും സ്നേഹവും എന്നും വിലപ്പെട്ട അധ്യായങ്ങളായി തുടരുന്നു,” എന്ന കുറിപ്പോടെ ‘Firos nv’ എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് വീഡിയോയിൽ കമന്റുമായെത്തുന്നത്. “ശരിക്കും അർഹതപ്പെട്ടവർ” എന്നാണ് നടി സുരഭി ലക്ഷ്മി വീഡിയോയിൽ കുറിച്ചത്. “ഒരു കാലത്ത് മലയാള സിനിമ അടക്കിഭരിച്ച രാജാക്കന്മാർ”, “ജനങ്ങളുടെ മനസ്സിലെ ഓസ്കാർ ഇവരൊക്കെ എന്നോ വാങ്ങിയതാണ്”, “മലയാള സിനിമയുടെ റിയൽ ഓസ്കാർ താരങ്ങൾ” എന്നിങ്ങനെയാണ് കമന്റുകളിൽ ചിലത്.
Highlights: “Malayalam’s Immortal Stars with the Oscars; An AI Video”