മലയാളത്തിന്റെ ഒരേയൊരു താരരാജാവ്; മോഹൻലാലിന് ഇന്ന് പിറന്നാൾ
വൈവിധ്യപൂർണമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയെ അല്ലെങ്കിൽ ലോക സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. വളരെ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചില നടന്മാരിൽ മുന്നിട്ട് നിൽക്കുന്ന ലാൽ തന്നെയാകും. മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്. മലയാളക്കര ഒന്നാകെ താരത്തിന് ആശംസകൾ നേരുകയാണ്.
തലമുറകൾ മാറിമറിഞ്ഞെങ്കിലും ഇന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാൽ തന്നെയാണ്. ഒരുവശം ചരിഞ്ഞ തോളുമായി കുസൃതി നിറഞ്ഞ ചിരിയുമായി ലാലേട്ടൻ പ്രേക്ഷക മനസിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെയായി. ഒട്ടനവധി മറക്കാനാകാത്ത വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനവിസ്മയം മോഹൻലാൽ ഇന്നും തന്റെ മെയ്വഴക്കത്തിലൂടെയും അഭിനയ മികവിലൂടെയും പ്രേക്ഷകനെ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്.
വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മെയ് 21നാണ് മോഹന്‍ലാൽ ജനിച്ചത്. ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ ജനനം. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു ലാലിന്റെ ബാല്യകാലം. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹന്‍ലാല്‍ എംജി കോളേജില്‍ നിന്ന് ബികോം ബിരുദം സ്വന്തമാക്കി.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് മോഹൻലാലിനെ തേടിയെത്തിയത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും താരം തന്റെ പ്രതിഭ തെളിയിച്ചു. സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനി ഒരുക്കിയ ‘തിരനോട്ടം’ എന്ന ചിത്രമായിരുന്നു മോഹൻലാലിന്റെ ആദ്യസിനിമ. 1978ൽ നിർമ്മിച്ച ചിത്രമാണിത്. ഒരു ഹാസ്യവേഷമായിരുന്നു ലാൽ ഇതിൽ കൈകാര്യം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ചിത്രം റിലീസ് ചെയ്തില്ല.
1980ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ‘ ആണ് മോഹൻലാൽ എന്ന നടനെ മലയാളക്കരയ്ക്ക് സമ്മാനിച്ചത്. 20ാമത്തെ വയസിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രം താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് മോഹൻലാലിന്റെ ജൈത്രയാത്ര തുടർന്നു. വില്ലനായി വന്ന് പിന്നീട് നായകനായി മാറിയ ലാൽ പ്രേക്ഷക മനസിൽ ചേക്കേറി. ഇന്ന് തുടരും വരെ എത്തിനിൽക്കുകയാണ് ആ ജൈത്രയാത്ര. ഇനിയും തുടരും…
Highlights: Today Mohanlal’s Birthday