സഞ്ചാരികളെ അനുഭവിച്ചറിയൂ…കവ വ്യൂപോയിന്റിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍
ഡോ. പ്രജിത്. ടി. എം
കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ മണ്ണില്‍ പ്രകൃതിയുടെ വശ്യസൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമാണ് മലമ്പുഴക്കടുത്തുള്ള കവ വ്യൂപോയിന്റ്. മലമ്പുഴ ഉദ്യാനത്തില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ അകലെയാണ് കവ സ്ഥിതി ചെയ്യുന്നത്.
കവ വ്യൂപോയിന്റ്, ആനയ്ക്കല്‍, തെക്കേ മലമ്പുഴ എന്നിങ്ങനെ 30 കിലോമീറ്റര്‍ ചുറ്റളവിലായി മലമ്പുഴ അണക്കെട്ടിന് പുറകുവശത്തായി വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ സീസണല്‍ ലൂപ്പ് ഡ്രൈവ് സഞ്ചാരികള്‍ വളരെ ആവേശത്തോടു കൂടി നടത്താറുണ്ട്.
കവയിലേക്കുള്ള ലൂപ്പ് ഡ്രൈവില്‍ നിങ്ങളെ കാത്തിരിക്കുന്നത് നിബിഢ വനങ്ങളും, കള കളം ഒഴുകുന്ന കാട്ടുചോലകളും, പുല്‍മേടുകളും, മൊട്ടയായ പാറകുന്നുകളും, സമൃദ്ധമായ ചെറിയ ജല സംഭരണികളും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന മനുഷ്യ പാര്‍പ്പിടങ്ങളും, കന്നുകാലികളും, പൂത്തുലഞ്ഞു നില്‍ക്കുന്ന മാവിന്‍ തോട്ടങ്ങളും, അലഞ്ഞു തിരിയുന്ന മയില്‍ കൂട്ടങ്ങളും, പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വള്ളിയൂഞ്ഞാലുകളും, കോടമഞ്ഞു പതുങ്ങിയിരിക്കുന്ന ഇടുങ്ങിയ വഴിത്താരകളും, അംബര ചുംബികളായ മലകളും അതില്‍ നിന്നൊഴുകുന്ന പാലരുവികളും ആണ്. ഒറ്റൊരു യാത്രയിലൂടെ ഇത്രയേറെ അനുഭൂതികള്‍ ഒന്നിച്ചനുഭവിക്കുവാന്‍ സാധിക്കുന്നത് വളരെ വിരളമായിരിക്കും.
സൂര്യന്റെ ഉദയാസ്തമയങ്ങളില്‍ ആകാശത്തു വിരിയുന്ന വര്‍ണപ്രപഞ്ചം പശ്ചാത്തലമാക്കി, അല തല്ലുന്ന അണക്കെട്ടിലെ ജലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍ സൃഷ്ടിച്ചെടുക്കുന്ന പ്രകൃതിയുടെ പെയിന്റിംഗ് ഓരോ സഞ്ചാരികളിലും സമ്മാനിക്കുന്നത് അവര്‍ണനീയമായ അനുഭവങ്ങളാണ്. കവ വ്യൂപോയിന്റ് പലരുടെയും ഇഷ്ടപെട്ട ഷൂട്ടിംഗ് ലൊക്കേഷന്‍ ആയിത്തീരുന്നതും ഈയൊരു ദൃശ്യാനുഭവം കൊണ്ട് തന്നെയാണ്. ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും, സര്‍ബത്തും കിട്ടുന്ന കുഞ്ഞു കടകളും കവ വ്യൂപോയിന്റിന്റെ ആംബീയന്‍സ് വേറെ തലത്തില്‍ എത്തിച്ചിട്ടുണ്ട്.