എ.സി വാങ്ങാൻ തള്ളിക്കയറി ജനം! വില കൂട്ടാനൊരുങ്ങി കമ്പനികൾ
സംസ്ഥാനത്ത് വേനൽ കടുത്തതോടെ എയർ കണ്ടീഷണർ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ വാങ്ങാൻ കടകളിൽ ജനത്തിരക്ക്. മുൻകാലങ്ങളിൽ സമ്പന്നരുടെ വീടുകളിൽ മാത്രം കണ്ടിരുന്ന എ.സി ഇന്ന് മലയാളി ഭവനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി മാറിക്കഴിഞ്ഞു. ആകർഷകമായ ഇ.എം.ഐ പദ്ധതികളുമായി ധനകാര്യ സ്ഥാപനങ്ങളും സജീവമായത് കൂടുതൽ പേരെ എ.സി വാങ്ങാൻ പ്രേരിപ്പിക്കുന്നതായി ഇലക്ട്രോണിക്‌സ് ഷോറൂമുകൾ പറയുന്നു. പ്രതിവർഷം 1.5 കോടി എ.സിയാണ് ഇന്ത്യയിൽ വിൽക്കുന്നതെന്നാണ് ഏകദേശ കണക്ക്. ഇതിൽ ഏഴ് ശതമാനവും കേരളത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
30,000 രൂപയിൽ താഴെയുള്ള എസികൾക്കാണ് കൂടുതൽ ഡിമാൻഡ്. വിൽപനയിൽ കൂടുതലും ഒരു ടൺ ശേഷിയുള്ള എ.സികളാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഡിമാൻഡ് കണക്കിലെടുത്ത് കഴിഞ്ഞ വർഷങ്ങളിൽ 1.5 ടൺ ശേഷിയുള്ള എ.സികളും ചില കമ്പനികൾ കേരള വിപണിയിലെത്തിച്ചിരുന്നു. എന്നാൽ വീടുകളിലേക്ക് എ.സി വാങ്ങിയവരിൽ കൂടുതലും തിരഞ്ഞെടുത്തത് ഒരു ടൺ ശേഷിയുള്ളതായിരുന്നു.
കറണ്ട് ചാർജ് കൂടുമെന്നതിനാൽ 5 സ്റ്റാർ റേറ്റിംഗ് നോക്കിയാണ് ആളുകൾ എ.സി വാങ്ങുന്നതെന്നും വ്യാപാരികൾ പറയുന്നു. സാധാരണ മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലായിരുന്നു എസി വാങ്ങാനുള്ള തിരക്ക്. ഇത്തവണ ജനുവരി മുതലേ ആളുകൾ എത്തുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഉത്തരേന്ത്യൻ മാതൃകയിൽ കൂളറുകൾ വാങ്ങുന്നവരും ഏറെയാണ്.
അതേസമയം, വിപണിയിൽ ഡിമാൻഡ് വർധിച്ചതും കംപ്രസർ അടക്കമുള്ള ഉപകരണങ്ങളുടെ ക്ഷാമവും മൂലം കമ്പനികൾ എ.സി വില വർധിപ്പിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ വിൽക്കുന്ന എ.സികളിൽ ഉപയോഗിക്കുന്ന 35 ശതമാനം കംപ്രസറുകളും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് പുറമെ എ.സികളിൽ ഉപയോഗിക്കുന്ന വാതകങ്ങൾ ഇലക്ട്രോണിക് ചിപ്പുകൾ എന്നിവയുടെ ക്ഷാമവും കമ്പനികളെ അലട്ടുന്നുണ്ട്. എ.സി നിർമാണത്തിന് ഉപയോഗിക്കുന്ന കോപ്പർ, അലൂമിനിയം എന്നിവയുടെ വില, ഗതാഗത ചെലവ് എന്നിവ വർധിച്ചത് തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് അഞ്ച് ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതായത് 1,500 മുതൽ 2,000 രൂപ വരെ എ.സി വില വർധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.