തെലങ്കാനയിൽ നാലംഗ കുടുംബം മരിച്ച നിലയിൽ
സെക്കന്ദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിൽ നാലംഗ കുടുംബം മരിച്ച നിലയിൽ.
ചന്ദ്രശേഖർ റെഡ്ഡി (44), ഭാര്യ കവിത (35) മക്കളായ ശ്രിത റെഡ്ഡി (15), വിശ്വൻ റെഡ്ഡി (10) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ദമ്പതികൾ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം വ്യത്യസ്ത മുറികളിലായി തൂങ്ങി മരിക്കുകയായിരുന്നു.
ഒസ്മാനിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹബ്‌സിഗുഡയിലെ രവീന്ദ്ര നഗർ കോളനിയിലാണ് സംഭവം.
ശ്രിത ഒൻപതാം ക്ലാസ് വിദ്യാർഥിനിയും വിശ്വൻ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായിരുന്നു. ചന്ദ്രശേഖർ റെഡ്ഡിയെ മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ചന്ദ്രശേഖർ റെഡ്ഡി തെലുങ്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ചന്ദ്രശേഖർ റെഡ്ഡി നേരത്തെ ഒരു സ്വകാര്യ കോളേജിൽ ജൂനിയർ ലെക്ചററായി ജോലി ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസമായി തൊഴിൽരഹിതനായിരുന്നു. ഇത് കുടുംബത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.