നിധി തിവാരി പ്രധാനമന്ത്രിയുടെ പുതിയ പേഴ്സണൽ സെക്രട്ടറി, എത്തുന്നത് മോദിയുടെ മണ്ഡലത്തില്‍ നിന്ന്
ന്യൂഡൽഹി (New Delhi): ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2014 ബാച്ച് ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് നിധി. നിധിയെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്ന ഉത്തരവ് പേഴ്‌സണൽ & ട്രെയിനിംഗ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
മാർച്ച് 29നാണ് പേഴ്‌സണൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ തസ്തികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥയാകും നിധി. 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന മണ്ഡലമായ വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ് നിധി. സിവിൽ സർവീസസ് പരീക്ഷ പാസാകുന്നതിന് മുമ്പ്, വാരണാസിയിൽ അസിസ്റ്റന്റ് കമ്മീഷണർ (കൊമേഴ്‌സ്യൽ ടാക്സ്) ആയി ജോലി ചെയ്തിരുന്നു. യൂണിയൻ പബ്ലിക് സർവീസസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ 96-ാം റാങ്ക് നേടി ഐഎഎസ് സ്വന്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേരുന്നതിന് മുമ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാ കാര്യ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. 2022-ൽ അവർ പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർ സെക്രട്ടറിയായി ജോലി ചെയ്തു. 2023-ൽ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വിദേശ, സുരക്ഷാ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച നിധി വിദേശകാര്യം, സുരക്ഷ, ആണവോർജം തുടങ്ങിയ മേഖലകളുടെ ചുമതല വഹിച്ചു.
Highlights: IFS Officer Nidhi Tewari Appointed Private Secretary To PM Modi